Oct 9, 2010

ഇന്നലകളെ തൊട്ട്















പുസ്തകങ്ങളടുക്കിവെക്കുമ്പോള്‍
ആണിയിലുറപ്പിച്ച ഒരു പലക 
മുന്നറിയിപ്പുകളില്ലാതെയാണ്
ഇളകിവീണത്.
തിരിച്ചെടുത്തുവെക്കുന്നതിനു മുന്നേ
കണ്‍ചിമ്മലിനെ പറ്റിച്ച് 
നീണ്ടുനീണ്ട് 
ഇന്നലകളിലെവിടെയോ തൊട്ടുനിന്നു. 

ചെമ്പിച്ച വൈകുന്നേരങ്ങളില്‍
ഉള്ളംകൈ കൊത്തിയെടുത്ത പുഴമീനുകള്‍ ,

ഒരാള്‍ക്ക്‌ മാത്രം നടക്കാവുന്ന
ഊടുവഴിയില്‍ വെച്ച്
കയ്യാലയിറങ്ങിവന്ന ചൂളംവിളി,

ഏറ്റവും ഉയരത്തിലുള്ള തെങ്ങില്‍
ഇടയ്ക്കിടയ്ക്ക് വലിഞ്ഞുകയറുന്ന
കല്യാണപ്പാട്ടുകള്‍ ,

കവലയില്‍ ആര്‍ക്കും പിടികൊടുക്കാതെ
പരസ്യമായി ഒളിച്ചുനടന്ന ശബ്ദങ്ങള്‍ 
പ്രത്യേകതാളത്തില്‍ പെറുക്കിവെച്ച തയ്യല്‍മെഷീന്‍,

നീളന്‍കുടയ്ക്കൊപ്പം
മഴക്കാലങ്ങള്‍ നടന്നുപോയ 
സ്കൂള്‍വഴികള്‍ ,

കുറക്കാവിനു മുന്നിലെ
ആകാശമരത്തിന്റെ 
പണിക്കുറ്റം തീര്‍ന്ന ചില്ലകള്‍ 
അറ്റങ്ങളിലൊളിപ്പിച്ച യക്ഷിക്കഥകള്‍ ,

കറുത്ത കമ്പിസ്ലൈഡുകളില്‍ മാത്രമൊതുങ്ങുന്ന 
പതിവൊരുക്കങ്ങള്‍ ,

ഒറ്റനിമിഷംകൊണ്ട് 
ഒരാള്‍പ്പൊക്കത്തില്‍ വലിപ്പംവെച്ച 
ഓര്‍മ്മകളെല്ലാം
തിരിച്ചുനടക്കുമ്പോഴേക്കും
ആ പഴയ പലക
വെളിച്ചം വിരിച്ച വിശാലതകളില്‍ 
മുറിയിലേക്കുള്ള വഴിയറിയാതെ
കുരുങ്ങിനില്‍പ്പുണ്ടാവണം.