May 23, 2010

മൌനത്തിലുറങ്ങാതെ..

വെറുപ്പാണ്
അരാഷ്ട്രീയതയുടെ
വിത്തുകള്‍ പാകി
മുളയ്ക്കാന്‍ കാത്തിരിക്കുന്ന
ആധുനിക വര്‍ഗത്തോട്..

ഒരു തരം
നിര്‍വികാരതയാണ്‌
ആദര്‍ശങ്ങളുടെ മുള്‍പ്പടര്‍പ്പില്‍
ഒരു പൂവ് പോലും
വിരിയാനനുവദിക്കാത്ത
ബുദ്ധിജീവികളോട്..

വാചകക്കസര്‍ത്തിന്റെ
സിംഹാസനങ്ങളില്‍
അവരോധിക്കപ്പെട്ട
പ്രബുദ്ധസംസ്കാരത്തിനോട്
സഹതപിക്കാന്‍ പോലുമാവാറില്ല

അസ്വസ്ഥമാവാറുണ്ട്
പകല്‍വെളിച്ചത്തില്‍
മുഖം കുനിച്ചകലുന്ന
ഭാവശുദ്ധികളെ
കടന്നുപോവുമ്പോള്‍ .

രാത്രികള്‍
മൌനത്തിലുറങ്ങാതെ
വിയര്‍ത്തു തീരുമ്പോള്‍
എഴുത്തുപുരകളില്‍
പകല്‍ക്കാഴ്ചകള്‍
പുതിയ ഭീഷണികളുടെ
തിരക്കഥയെഴുതുകയാണ്..

May 19, 2010

സിറിഞ്ച്..

ആഴത്തില്‍
തറഞ്ഞുകയറണമെങ്കില്‍
മുന
കൂര്‍ത്തതു തന്നെയാവണം
പലരെയും കുത്തിക്കുത്തി
മുനയൊടിഞ്ഞിരിക്കുന്നു മിക്കതും

പുതിയ സിറിഞ്ചിന്റെ
കവറ് പൊട്ടിച്ച
കാലം മറന്നെന്നു
ഇടയ്ക്കാരോ
പറയുന്നത് കേട്ടു

തൊലിക്കടിയിലേക്ക്
ഇടിച്ചുകയറ്റിയപ്പോള്‍
അമ്മിണിയമ്മയ്ക്കും
ചില സംശയങ്ങള്‍
തോന്നാതിരുന്നില്ല
പ്രായത്തിന്റെ സൂക്കെടെന്നു
മുന്‍പും
പഴികേട്ടതുകൊണ്ട്
മിണ്ടാനും പോയില്ല

ആഞ്ഞൊന്നു തിരുമ്മി
കുത്തിവെച്ചവളെയും പ്രാകി
പുറത്തേക്ക് നടന്നപ്പോള്‍
അബദ്ധത്തില്‍ കണ്ടതാണ്
പ്രധാന കവാടത്തില്‍
ആശുപത്രിപുതുക്കലിന്റെ
ചെലവുകണക്കുകള്‍
ചില്ലിട്ടുവെച്ചിരിക്കുന്നത്..

അപ്പോഴും
ചുളിവു വീണ കയ്യില്‍
സിറിഞ്ചിന്റെ അടയാളങ്ങള്‍
അമ്മിണിയമ്മയെ
നീറ്റുന്നുണ്ടായിരുന്നു..

May 4, 2010

നിന്നിലവസാനിക്കുന്നത്...


ഈ ജനലഴിയില്‍
‍മുഖം ചേര്‍ത്താണ്
നിലാവു പൊഴിച്ചിട്ട
മണൽച്ചിത്രങ്ങളില്‍
നീ തെളിയുന്നതുംനോക്കി
ഇരുളിനൊപ്പംനിന്നത്

ആകാശത്തിലേക്ക്
പടര്‍ന്നുകയറിയ
മുല്ലവള്ളിയിലാണ്
നിനവുകളുടെ കരിമൊട്ടുകള്‍
വിടരാന്‍ വെച്ചത്


മേൽക്കൂരയിലേക്ക്
ചാഞ്ഞുകിടന്ന
കിളിമരച്ചില്ലയില്‍
നീലവരകള്‍ കൊണ്ടൊരു
കൂടൊരുക്കിയിരുന്നു
നീയുണര്‍ത്തിയ
നെടുവീർപ്പുകള്‍ക്കും
നിശ്വാസങ്ങള്‍ക്കും
പുണര്‍ന്നുറങ്ങാന്‍..


മച്ചിലെ ചിലന്തിവലയില്‍
കുരുങ്ങിക്കിടപ്പുണ്ട്
നിന്നോടു പറയാതെ
ഇന്നോളമൊതുക്കിയ
വാക്കുകളത്രയും..


ചുവരിലെ പഴയ ക്ലോക്ക്
ഒടുവിൽ ചിലച്ചത്
നീയലറിക്കരഞ്ഞ
രാത്രിയിലായിരുന്നു..
അതിന്റെ നിലച്ച
സമയസൂചിയിലുണ്ട്
നിന്റെ മൌനം വരച്ചിട്ട
മഹാകാവ്യങ്ങള്‍


ഒന്നോര്‍ത്തുനോക്കിയാല്‍
നിനക്ക് മനസിലാവും
നിന്നില്‍ തുടങ്ങി
നിന്നിലവസാനിച്ചത്
ഞാന്‍ മാത്രമായിരുന്നെന്ന്..