Apr 18, 2010

മഷിത്തുള്ളികള്‍ ..


കുറച്ചു മുന്‍പ്
കുടഞ്ഞു കളഞ്ഞ
മഷിത്തുള്ളികള്‍
ഒരു ജന്മത്തിന്റെ
ബാധ്യതകളായിരുന്നു
പേനത്തുമ്പില്‍ നിന്ന്
കടലാസിലേക്ക് വീഴാന്‍
മടിച്ചുനിന്നവ..

ബന്ധുത്വത്തിന്റെ
വേരോട്ടങ്ങളില്‍
വരണ്ടുപോയതാണെന്റെ
ഹൃദയം..
ഞരമ്പുകളില്‍ പടര്‍ന്ന്
പിന്നെയുമാവിടെയെത്തിയത്
ദുഷിച്ച രക്തം മാത്രം..

Apr 15, 2010

ചില്ലകളില്‍ ഉടക്കുന്നത്..


പ്രണയം,
സ്വപ്നങ്ങളുടെ തീയില്‍
കത്തിപ്പോകാതെ 
പച്ചയ്ക്ക് കിടക്കുന്നു
നീറിപ്പുകഞ്ഞ്
തീയിനെ പൊള്ളിക്കുന്നു

നീ,
 
ചുട്ടുപഴുത്ത ഹൃദയത്തില്‍ 
മഞ്ഞായും 
തണുത്തുറഞ്ഞ ചിന്തകളില്
വെയില്‍ച്ചീളുകളായും  
ആഴ്ന്നിറങ്ങുന്നു
                                                      
ഞാന്‍,
നനഞ്ഞ നൂലുപോലെ
നിന്റെ വിരലുകളുടെ
ചലനങ്ങള്‍ക്കൊത്ത്
രൂപംമാറിക്കൊണ്ടിരിക്കുന്നു

നമ്മള്‍ ,
ചുറ്റുമുയരുന്ന മതിലുകള്‍ക്കിടയില്‍
ശ്വാസം കിട്ടാതെ
പിടഞ്ഞൊടുങ്ങിയവര്‍
അന്നുടഞ്ഞുപോയ കവിത
ഇന്നിതാ, 
വാപിളര്‍ത്തി
ഇന്ദ്രിയങ്ങള്‍ വിഴുങ്ങുന്നു..

നിന്റെ നിഴല്‍
ഓടിയകലുന്നു
ഞാനിതാ
ചിതറിയ അക്ഷരങ്ങളില്‍
പഴയ തീപ്പാടിനലയുന്നു..

അതിരുകളിൽ പൂക്കുന്നത്?


അന്നത്തെ
കാഴ്ചകളില്‍
അതിരുകള്‍ ചുവപ്പിച്ചത്
ചെമ്പരത്തികളാണ്.

പച്ചിലകള്‍ക്കിടയിലെ
ചുവന്ന ഇതളുകളില്‍
അഗ്രം തുടുപ്പിച്ച
മഞ്ഞപ്പൂമ്പൊടികള്‍
സമത്വസ്വപ്നത്തിന്റെ
സാക്ഷാത്കാരമെന്ന്
അച്ഛന്‍ പറഞ്ഞത്..

അത് പറഞ്ഞ
മൂഢനിമിഷത്തെയോര്‍ത്ത്
പിന്നീട്
പല രാത്രികളിലും
ഉറക്കമിളച്ചത്..

ഓര്‍മ്മക്കുറിപ്പുകള്‍
മഴയനക്കങ്ങള്‍ക്കൊപ്പം
ചിതറിക്കിടക്കുമ്പോള്‍
ചെറുമകളുടെ
ചായപ്പെട്ടിയില്‍
അന്നതിരില്‍ കണ്ട
നിറങ്ങളൊക്കെയും
അടുക്കിവെച്ചിരുന്നു

വെവ്വേറെ.

മുറ്റത്തെ
ന്യൂജെനറേഷന്‍ പൂവുകള്‍ക്ക്
കാഴ്ചയില്‍
ചെമ്പരത്തിയെക്കാള്‍
ചുവപ്പും ഭംഗിയുമുണ്ട്.

എങ്കിലും
ചെറുമക്കള്‍ക്ക്‌
കാട്ടിക്കൊടുക്കാന്‍
ഒരു
ചെമ്പരത്തിത്തണ്ട്
ഒടിച്ചുകുത്താന്‍ പോലും
എന്റെ
പഴയ ബുദ്ധിക്കായില്ലല്ലോ..

Apr 11, 2010

പിഞ്ഞിപ്പോയ ശബ്ദങ്ങൾ..

കാലിൽ പുരണ്ട കറുത്തമണ്ണ്
ചവിട്ടിയിലുപേക്ഷിച്ച്
വീടിന്റെ പടി കടന്നപ്പോൾ
സന്ധ്യ കഴിഞ്ഞിരുന്നു
ഇല്ലായ്മയുടെ രൂക്ഷഗന്ധത്തിൽ
ഹൃദയമിടറിവീണത്
ഞാൻ മാത്രമറിഞ്ഞു..

വെളിച്ചമെത്താത്ത വടക്കേമൂലയിൽ
ഇഴയകന്ന കയർവരിക്കട്ടിലിൽ
ചലനമറ്റൊരു മനുഷ്യൻ-
അതെന്റെയച്ഛനാണ്..
ഇടയിലൊരു പിഞ്ഞിയനിശ്വാസം
ആത്മാവിലെവിടെയോ
പ്രതിധ്വനിക്കുന്നു..
സ്വന്തം നിഴലിൽ തെന്നിവീണ
ദുർവിധിയോർത്ത്
സ്വയം ശപിക്കയാവാം..

വാരിച്ചുറ്റിയ
പഴയ കോട്ടൺസാരിയിൽ
ഉടലിനൊപ്പം ഹൃദയവും മൂടി
വാതിൽ‌പ്പടിക്കിപ്പുറം
ഇരുളിനോട് കയർത്തുകൊണ്ട്
അമ്മ...
അന്ധകാരത്തിന്റെ
അവസാനബിന്ദുവും
കുഴിഞ്ഞകണ്ണിലുറയുമ്പോഴും
നാളത്തെ സൂര്യനെ
സ്വപ്നം കാണുകയാവാം..

കരിപുരണ്ട ചുമരിനെ
കൈത്തലം കൊണ്ടു വകഞ്ഞുമാറ്റി
പിന്നെയുമകത്തേക്ക്..
അവിടെ,
നിലച്ച കവിതപോലെ
ഇളയപെങ്ങൾ..
അവളുടെ മെലിഞ്ഞവിരലുകൾ
എണ്ണമറന്ന ചുരുണ്ടമുടിയിലെ
ഊരാക്കുടുക്കറുക്കുന്നു..

അമ്മയുടെ കണ്ണീരുവീണ്
എന്നോ അണഞ്ഞുപോയ
അടുപ്പിനരികിൽ
ജീവിതത്തിലാദ്യമായ്
ഞാൻ നിവർന്നുനിൽക്കുന്നു..
ക്രൂരമായ ചിരിയോടെ
ഇടംകയ്യിലൊതുക്കിയ
ഹോട്ടൽ‌പ്പൊതിയിലേക്ക്
സ്നേഹത്തിന്റെ വിഷം പകർന്ന്
അമ്മയെയും പെങ്ങളെയും
അടുക്കിപ്പിടിച്ച്
കയർവരിക്കട്ടിലിലേക്ക്..

അവിടെവെച്ച് വിളമ്പണം
ഊട്ടണമെല്ലാവരെയും..
അവിടെയവസാനിക്കണം
പിഞ്ഞിയ നിശ്വാസവും
പിന്നെയൊരു തേങ്ങലും..

Apr 6, 2010

നിഴലെഴുത്തുകൾ...

ഇന്നലകളുടെ
കടലാസുകഷ്ണങ്ങളില്‍
ഉണങ്ങിപ്പിടിച്ച ചോരക്കറ
വര്‍ത്തമാനത്തിന്റെ
അഴുക്കുവെള്ളത്തില്‍
അലിഞ്ഞുചേരവേ

അറുതിയില്ലാത്ത
ജന്മശാപങ്ങളുമായ്
ഉറക്കമൊഴിയുന്നുണ്ടവർ..

ദുരിതച്ചുമടുകളിൽ
ആശുപത്രിവരാന്തകൾ
അലറിവിളിക്കുന്നു.
നനവൂറ്റി വലിച്ചെടുത്ത
തെരുവുകൾ
പ്രളയവേദനയിൽ
 ദഹിക്കാനൊരുങ്ങുന്നു,
രൌദ്രതീരങ്ങളിൽ
കണ്ണീരലകൾ ആഞ്ഞടിക്കുന്നു.

പ്രശാന്തസന്ധ്യകൾ
ഓർമകൾക്കക്കരെ
വിലപിക്കുന്നത്
ഇനിയൊരു കടത്തുവഞ്ചി
 വിദൂരമായിട്ടോ?