Mar 30, 2010

മുറിവുകൾ...

ഇത്തിള്‍പ്പടര്‍പ്പായി
നിന്റെ ചില്ലകളടര്‍ത്താന്‍
എനിക്കാവുമായിരുന്നു
അന്നും
നീ പോലുമറിയാതെ
നിശ്വാസങ്ങളൊപ്പിയത്
എന്റെ പ്രണയമായിരുന്നു

നിവര്‍ന്നു നിന്ന്
പറഞ്ഞതെങ്കിലും
നിന്റെ വാക്കുകളില്‍
നീര്‍പ്പായലിന്റെ
വഴുക്കലുണ്ടായിരുന്നു

അവ്യക്തതയുടെ
പടിക്കെട്ടുകളില്‍
അതിലെന്റെ നിഴലുകള്‍
തെന്നിവീണുകൊണ്ടിരുന്നു

ഹൃദയമൂറ്റിയെടുത്ത
കുറുകിയ അക്ഷരങ്ങള്‍
വെള്ളക്കടലാസുകളില്‍
മയങ്ങിക്കിടന്നു

നിത്യനിദ്രയുടെ വിത്തുകള്‍
കണ്ണില്‍ തറപ്പിച്ച്
നക്ഷത്രങ്ങളും
ഇന്നന്യമാകുന്നു..

നിലാവള്ളികൾ
വരിഞ്ഞിട്ട രാത്രികള്‍
എന്റെയാത്മാവിലൂടെ
വെട്ടമില്ലാത്ത പകലുകളിലേക്ക്
തുറിച്ചുനോക്കുന്നു

നരച്ച വിരിപ്പിനടിയില്‍
ഈ രാത്രിയുടെ
ഇരുളിലടിയുന്നത്
ഞാനുമെന്റെ മൌനവും മാത്രം..

Mar 23, 2010

കവിയാകുന്നത്..

പ്രണയത്തെക്കുറിച്ചെഴുതിയപ്പോള്‍
പൈങ്കിളിയെന്നു പുച്ഛിച്ചു
വിപ്ലവത്തെ വരച്ചിട്ടപ്പോള്‍
കാലഹരണപ്പെട്ടതെന്നു വിധിയെഴുതി

അധിനിവേശക്കഴുകന്മാരുടെ
ചിറകരിഞ്ഞത്
ഗുരുത്വമില്ലായ്മയെന്നു പറഞ്ഞത്
കയ്യൂരിലെ ഇടവഴികളിലൊന്നില്‍

ചുട്ടു പഴുത്ത ഭൂമിക്ക്
നഷ്ടകാലത്തിന്റെ നനുത്തകവിതകള്‍
പുതുജീവന്‍ നല്‍കാത്തത്
കവിതയുടെ പരാജയമല്ലെന്നു
സ്വയമാശ്വസിച്ചു പിന്‍വാങ്ങി

നിശ്ചലതയുടെ വിരിപ്പുകള്‍ മാറ്റി,
അഴുകിയടിഞ്ഞ സാരിത്തലപ്പുകളില്‍
വിദഗ്ദര്‍ കണ്ടെത്തിയ
വിരലടയാലങ്ങളുടെ മറപറ്റി
വികൃതഭാഷയിലെഴുതിയത്
'കവിത'യെന്നു പറഞ്ഞഭിനന്ദിക്കവേ
എന്നിലെ കവി മരിച്ചിരുന്നു...

Mar 20, 2010

അസ്തമയത്തിലേക്ക്...

ഒരു പകല്‍ കൂടി ഇരുണ്ടു തുടങ്ങുന്നു.. പുലര്‍ച്ചെ അരിച്ചെത്തിയ ചുവപ്പില്‍ സ്വയം മറന്ന്, മദ്ധ്യാഹ്നത്തിന്റെ ചൂടറിഞ്ഞ് വീണ്ടും ഇരുട്ടിലേക്കുള്ള  യാത്ര..
 ഉറച്ച കാല്‍വെയ്പ്പുകള്‍ അടുത്തടുത്ത് വരുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട നിശ്ചലതയ്ക്ക് വിരാമമിട്ട് ആര്‍ക്കോ വേണ്ടി ക്രിസ്റ്റഫര്‍ എണീറ്റു. അപ്പോഴേക്കും  ലോക്കപ്പിന്റെ വാതില്‍ തുറക്കപ്പെട്ടിരുന്നു.. പതിവ് ജെയിലര്‍ അല്ലാതിരുന്നത് ക്രിസ്റ്റിയെ തെല്ലു നിരാശപ്പെടുത്തി.. ദേവന്‍ സാറി നെക്കാള്‍ പ്രായമുണ്ട് പുതിയ ആള്‍ക്ക്... മുന്നേ കണ്ടിട്ടുണ്ടോ? ഓര്‍ക്കുന്നില്ല.. ഓര്‍മകള്‍ക്ക് അടുക്കും ചിട്ടയും ഇല്ലാതായിട്ട്  പത്തു പന്ത്രണ്ടു കൊല്ലമായി... അല്ലെങ്കില്‍  ഓര്‍മകള്‍ എന്തിന്? വീണ്ടും വീണ്ടും കുത്തിനോവിക്കാനോ?

ഒരു നിമിഷത്തിന്റെ മൌനം മുറിച്ചുകൊണ്ട് പുതിയ ജെയിലര്‍ ഒരു കടലാസുപൊതി ക്രിസ്റ്റിയുടെ കയ്യില്‍ വെച്ചുകൊടുത്തു .. "ക്രിസ്റ്റഫര്‍ , നാളെ വെളുപ്പിന് 3 മണിക്കാണ്... ധൈര്യമായിരിക്കുക.. ദൈവം കൂടെയുണ്ട് .. " ഹും,ധൈര്യമായിരിക്കാന്‍.. അതിന് തനിക്കു പേടിയുണ്ടെന്ന് എപ്പഴെങ്കിലും അയാളോട് പറഞ്ഞോ? സഹതപിക്കാന്‍ വന്നിരിക്കുന്നു..
മുഖത്ത് എന്തെങ്കിലും ഭാവമാറ്റം പ്രതീക്ഷിച്ചായിരിക്കണം, തെല്ലിട ക്രിസ്റ്റിയെ നോക്കിനിന്ന ശേഷം ജെയിലര്‍ സ്ഥലം വിട്ടു ...
പൊതിക്കുള്ളില്‍ പുതിയ കുപ്പായമാണ്.. മരണത്തെ സ്വീകരിക്കാന്‍ തന്നെ അണിയിച്ചോരുക്കെണ്ടതുണ്ടോ? ജീവനുല്ലപ്പോള്‍ പഴകിയതും അഴുക്കായതും നല്‍കിയിട്ട ശുഭ്രവസ്ത്രത്തില്ലുള്ള മരണം... ഇവര്‍ക്കൊക്കെ സമനില തെറ്റിയിരിക്കുന്നു.. കഷ്ടം ..

അതു പറഞ്ഞപ്പോഴാണ് അമ്മച്ചിയുടെ കാര്യമോര്‍ത്തത്.. അതിനും ഓര്‍മപ്പെടുത്തല്‍ ആവശ്യമായോ? അമ്മച്ചി ഇപ്പോഴും ആ പേരറിയാത്ത സ്ഥലത്തെ ആശുപത്രിയില്‍ ഉണ്ടാവുമോ? എന്നെ ഓര്‍ക്കുന്നുണ്ടാവുമോ? സൂസന്‍ അടുത്തു തന്നെയുണ്ടാവുമോ? ചോദ്യങ്ങള്‍ മാത്രം.. ഇതിനൊക്കെ ആരാ ദൈവമേ എനിക്കുത്തരം നല്‍കുക..
ആദ്യമായി മാനസിക രോഗത്തിന്റെ കലമ്പലുണ്ടായത് ഇതുപോലൊരു സന്ധ്യയ്ക്കാണ്.. സൂസന്‍ ആര്‍ത്തുകരഞ്ഞുകൊണ്ട് വന്ന സന്ധ്യക്ക്.. ഒരുപാട് ആര്‍ഭാടത്തോടെ, ഇല്ലായ്മകള്‍ മൂടിവെചച്ചാണ് അവള്‍ടെ വിവാഹം നടത്തിയത്... കോളേജു കാമ്പസില്‍ മൂന്നു വര്‍ഷം പ്രണയിച്ചു നടന്നവര്‍.. പഠനം കഴിഞ്ഞപ്പഴെ അവള്‍ക്കൊരു ജോലിയുമായി.. സ്റ്റീഫന്റെ വീട്ടുകാര്‍ ഇങ്ങോട്ട് ആലോചിച്ചു വന്നതാണ്... അവള്‍ മുന്നേ സൂചിപ്പിച്ചിരുന്നതുകൊണ്ട് അമ്മച്ചിക്കോ തനിക്കോ എതിര്‍പ്പോന്നുമുണ്ടായില്ല..

കല്യാണം കഴിഞ്ഞു ഒരു മാസത്തിനുള്ളില്‍ത്തന്നെ രണ്ടുപേരും വിമാനം കയറി.. ഏറെ സന്തോഷമായിരുന്നു ജീവിതം.. കണ്ടുനില്‍ക്കുന്നവര്‍ക്ക് കൂടി നിര്‍വൃതി പകരുന്ന സ്നേഹം.. പോവുന്ന അന്ന് കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു.. പത്തു വയസിനു ഇളയവള്‍ .. അനിയത്തിയല്ല, മകളല്ല, അതിലും ചെറുതായിരുന്നു അവള്‍ തനിക്ക്...
ആഴ്ച തോറും കത്തുകള്‍, വല്ലപ്പോഴും അപ്പുറത്തെ രാമകൃഷ്ണന്‍ ചേട്ടന്റെ വീട്ടിലെത്തുന്ന ഫോണ്‍ വിളികള്‍ .. അമ്മച്ചിക്കും അതൊരു സമാധാനമായിരുന്നു. ഒന്നൊന്നര വര്‍ഷം കഴിഞ്ഞിട്ടും അവള്‍ക്കു വിശേഷമൊന്നുമില്ലാതിരുന്നത് അമ്മച്ചിക്ക് വല്ലാത്ത മനപ്രയാസമുണ്ടാക്കി.. അവളോട്‌ ചോദിച്ചിട്ടും മറുപടിയൊന്നും ഉണ്ടായില്ല.. കനത്ത മൌനം വേലി കെട്ടിയതുപോലെ.. 
 
പിന്നെയും രണ്ടു മാസം കൂടി കഴിഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ തന്റെ ലൈബ്രറിയിലേക്ക്  അവള്‍ കത്തയച്ചു ... അങ്ങനെയൊരു പതിവില്ല.. വീട്ടിലേക്കാണ് അയക്കാര്.. "ഇച്ചായാ.. ഞാന്‍ , ഞാന്‍ മാത്രം നാട്ടിലേക്ക് വരുന്നു..." ഇത്തരം മാത്രം.. കാര്യമോ കാരണമോ ഒന്നും ഇല്ലാതിരുന്നത് തന്നെ വല്ലാതെ അസ്വസ്ഥനാക്കി...
അതുകൊണ്ട് തന്നെ അമ്മച്ചിയോട് വ്യക്തമായി ഒന്നും പറഞ്ഞില്ല.. വരട്ടെ.. എന്നിട്ടാവാം എല്ലാം.

പിറ്റേ ആഴ്ച അവള്‍ എത്തി... ആകെ കോലം കെട്ട് എന്തോ മാറാവ്യാധി പിടിച്ചപോലെ.. "സ്റ്റീഫന്റെ വീട്ടിലേക്ക് എന്നാ പോവാഞ്ഞേ നീ?" അമ്മച്ചിയുടെ ചോദ്യത്തിന് രൂക്ഷമായ നോട്ടത്തില്‍ അവള്‍ മറുപടിയൊതുക്കി.. "എന്നാ മോളെ.. എന്നാ നിനക്ക്?" അമ്മച്ചി വീണ്ടും ചോദിച്ചു തീരുന്നതിനു മുന്നേ അവള്‍ തലയിട്ടടിച്ച് നിലവിളിക്കാന്‍ തുടങ്ങി.. ഒന്നും പറഞ്ഞ്ല്ലെങ്കിലും എന്തൊക്കെയോ ചോദ്യങ്ങള്‍ മനസിലുയര്‍ന്നു... ഒന്നുകൂടി  നോക്കിയപ്പോഴേക്കും തളര്‍ന്നു വീണിരുന്നു അവള്‍ .. അമ്മച്ചിയും ബോധമില്ലാതെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു  അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞത് ഓടിവന്ന രാമകൃഷ്ണന്‍ ചേട്ടനാണ്.. സൂസന് വേണ്ടി കുറെ ടെസ്റ്റുകള്‍ ഒക്കെ ഡോക്ടര്‍ എഴുതിത്തന്നു... എല്ലാം കൂടി നല്ല ചിലവായി.. "വെറുമൊരു തല കറക്കത്തിനു ഇത്രേം ഒക്കെ?? പ്രൈവറ്റ് ആസ്പത്രിയല്ലേ ഇതല്ല ഇതില്ക്കൂടുതലും കാണും.." രാമകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞു..
ക്രിസ്റ്റഫര്‍ , ഡോക്ടര്‍ വിളിക്കുന്നു .. ഞങ്ങളുടെ സംഭാഷണം മുറിച്ചുകൊണ്ട് സിസ്റ്റര്‍ വന്നു.. ഡോക്ടര്‍ കുറെ റിസള്‍ട്ടുകളില്‍ മുഖം പൂഴ്ത്തിയിരിക്കുകയാണ്.. ജൂനിയര്‍ ഡോക്ടേഴ്സ്  ഉം അടുത്തുണ്ട്.. "എന്നാ ഡോക്ടര്‍, എന്നാ അവള്‍ക്കു? ഒന്നു തറപ്പിച്ചു നോക്കിയാ ശേഷം അദ്ദേഹം ഇരിക്കാന്‍ ആവശ്യപ്പെട്ടു.. "നിങ്ങളുടെ  അനിയത്തി ഇവിടെയല്ലാരുന്നോ? വിവാഹിതയല്ലേ അവര്‍ ?"
"അതെ വിവാഹിതയാണ് ഡോക്ടര്‍" അവളുടെ കാര്യമെല്ലാം ഡോക്ടറോട് പറഞ്ഞു..
"മിസ്റ്റര്‍.ക്രിസ്റ്റഫര്‍ , എയിഡ്സ് എന്ന മഹാ രോഗത്തെ കുറിച്ച് ഞാന്‍ നിങ്ങളോട പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.. സൂസന്റെ റിസള്‍ട്ടുകള്‍ ...."

വാക്കുകള്‍ തന്റെ  കാതിലെത്തിയിരുന്നോ അപ്പോള്‍? ഒരു തരാം മരവിപ്പ്, എപ്പോഴാണ് അതില്‍ നിന്നും പുറത്തു വന്നത്... അറിയില്ല..
വീട്ടിലെത്തി.. സൂസന്‍ നാള്‍ക്കു നാള്‍ ക്ഷീണിച്ചു വന്നു... അമ്മച്ചി  പാവപോലെ ഒരിടത്തിരുന്ന്.. ഒരു ദിവസം അറിയാതെ അവള്‍ടെ വായില്‍ നിന്നും സ്റ്റീഫന്റെ ചില പെരുമാറ്റങ്ങള്‍ പുറത്തു വന്നു.. അവനും നാട്ടില്‍ വന്നെന്നു ല്യ്ബ്രരിയില്‍ വെച്ചു ഒരാള്‍ പറഞ്ഞിരുന്നു.. അത് അമ്മച്ചിയോട് പറഞ്ഞപ്പോഴാണ് അവള്‍ കുറെ നാളത്തെ മൌനത്തിനു ശേഷം സംസാരിച്ചത്.. ഒന്നു തുടങ്ങിക്കിട്ടാനുള്ള പ്രയാസമായിരുന്നു അവള്‍ക്കു.. താന്‍ ഒന്നു നോക്കിയപ്പോള്‍ കരച്ചിലോടെ എല്ലാം പറഞ്ഞു അവള്‍ .. സ്റ്റീഫന്‍, അയാള്‍ നമ്മള്‍ വിചാരിച്ചതുപോലെ അല്ല ഇച്ചായാ... അവിടെ വെച്ചു കുറെ പേര്‍ പറഞ്ഞിരുന്നു എന്തൊക്കെയോ വഴി വിട്ട പോക്കാണെന്ന്.. ഒന്നും ഞാന്‍ വിശ്വസിച്ചില്ല. ഒരു ദിവസം ചെറിയ ഒരു ആക്സിടന്റ്റ് ആയി സ്റ്റീഫനെ ആസ്പത്രിയില്‍ ആക്കി... അവിടത്തെ ഒരു നേഴ്സ് എന്റെ പരിചയക്കാരിയാണ്.. അവള്‍ ആണ്
അക്കാര്യം വെളിപ്പെടുത്തിയത്.. ആ ആസ്പത്രിയില്‍ സ്റ്റീഫന്‍ ഒരു വര്‍ഷത്തോളമായി ചികിത്സയിലാണ്... രോഗത്തിന്റെ ഗൌരവം എനിക്ക് മനസിലാവുമല്ലോ ഇച്ചായാ.. എന്റെ ഭര്‍ത്താവാണെന്ന്നരിഞ്ഞതോടെ അവളും ഒരു തരാം അവജ്ഞയോടെയാണ്‌ പെരുമാറിയത്.തളര്‍ന്നുപോയി ഇച്ചായാ.. ഒന്നും ആലോചിച്ചില്ല.. അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നു ന്യായീകരണങ്ങള്‍.. എന്റെ സഹതാപം പിടിച്ചു പറ്റാന്‍.. ഞാന്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ ഭാവം മാറി.. ഉന്തും വലിയും ബഹളവുമായി.. എന്തായാലും നിനക്കും എന്നെ ഇത് പകര്‍ന്നു കഴിഞ്ഞു.. നിന്നെയിനി ആര് നോക്കാനാ... നാട്ടില്‍ ചെന്നാല്‍ പുഴുത്ത നായയെ പ്പോലെ നിന്റെ വീട്ടുകാര് പോലും നിന്നെ അടിച്ചിരക്കും.."പിന്നെ നടന്നതൊന്നും അവള്‍ പറഞ്ഞില്ലെങ്കിലും എല്ലാം മനസിലായി.. പാവം അമ്മച്ചി.. കുഴിഞ്ഞ കണ്ണുകളില്‍ നനവ്‌ പോലും ഉണ്ടായിരുന്നില്ല.. എവിടെക്കോ നോക്കിയുള്ള ആ ഇരുപ്പു .. അതു സഹിക്കാതെ വന്നപ്പോള്‍ ആ രാത്രിയില്‍ തന്നെ സ്റ്റീഫനെ അന്വേഷിച്ചിറങ്ങി... കുറെ തെറിച്ച കൂട്ടുകാരോടൊപ്പം ബാറിലേക്ക് പോവുന്നത് കണ്ടെന്നു ഒരാള്‍ പറഞ്ഞു.. ഒന്നും ആലോചിക്കാതെ കയറിച്ചെന്നു.. സംഭാഷണം ഒന്നുമുണ്ടായില്ല.. അവന്റെ ഒരു വാക്കുപോലും തനിക്ക് കേള്‍ക്കേണ്ട കാര്യമില്ലായിരുന്നു.. ജീവനെ പ്പോലെ വളര്‍ത്തിയ പെങ്ങളെ നശിപ്പിച്ഛവാന്‍.ബാറിലുണ്ടായിരുന്നവര്‍ രണ്ടു ചേരിയായി പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.. ഒരു ഫലവും ഉണ്ടായില്ല.. ഒടുവില്‍ അവന്റെ ഷര്‍ട്ടിനു പിടിച്ചു തള്ളി.. മനസിന്റെ വിഷമവും പ്രയാസവുമെല്ലാം ഊക്കോടെ കൈകളിലെക്കൊഴുകിയതുകൊണ്ടാവും, അലര്‍ച്ചയോടെ അവന്‍ വീണു.. തല പൊട്ടി ചോരയൊഴുകി.. അവന്റെ ബോധം മറഞ്ഞിരുന്നു.. കൈ വിലങ്ങു വെച്ചു പിറ്റേ ദിവസം പോലീസുകാര്‍ കൊണ്ടുപോയപ്പോഴാണ് മനസിലായത് അവന്‍ മരിച്ചിരുന്നെന്നു... പിന്നില്‍ വാവിട്ടു നിലവിളിച്ചത് സൂസന്‍ മാത്രം.. അമ്മച്ചി ആകെ നിശബ്ദയായിരുന്നു... കേസിനും വാദത്തിനും ഒന്നും പോയില്ല.. അല്ലെങ്കിലെന്തിനു? ജീവിക്കണം എന്ന് തോന്നിയാലല്ലെ രക്ഷപ്പെടെണ്ടതുള്ളൂ?
 
ഇടയ്ക്കൊരിക്കല്‍ രാമകൃഷ്ണന്‍ ചേട്ടന്‍ കാണാന്‍ വന്നപ്പോഴാണ് അമ്മച്ചിയെ ആസ്പത്രിയില്‍ ആക്കിയ കാര്യം പറഞ്ഞത്.. "സൂസന് പ്രത്യേക ചികിത്സ ഒന്നും ഇല്ല.. എന്ത് ചെയ്തിട്ടെന്ത്..  അമ്മച്ചിയോടൊപ്പം നില്‍ക്കാന്‍ അധികൃതര്‍ സമ്മതിച്ചത് തന്നെ ഭാഗ്യം" അയാള്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു തീരത്തു..
 
ആ നെടുവീര്‍പ്പ് മുഴുമിപ്പിച്ചുകൊണ്ടെന്നോണം  ക്രിസ്റ്റി ഓര്‍മകളില്‍ നിന്നും പിടഞ്ഞെണീറ്റു   .. ജീവപര്യന്തം അനുഭവിച്ചവന്‍ പിന്നെ ജീവിക്കുന്നതെന്തിന്?.. അനുഗ്രഹം പോലെ, താന്‍ ആഗ്രഹിച്ചതുപോലെ മരണം തനിക്കു മുന്നിലിതാ ചിരിച്ചുകൊണ്ട് നില്ല്കുന്നു.. ഇനി ഒന്നും ഓര്‍മിക്കാനില്ല.. അമ്മച്ചിയും സൂസനെയും കാണണ്ട.. തന്റെ ശരീരം ഏറ്റുവാങ്ങാന്‍ ആരെങ്കിലും വരുമോ? അതും ഒരു ചോദ്യം ആയി അവസാനിച്ചു... അപ്പോഴേക്കും സമയം 10 മണി കഴിഞ്ഞിരുന്നു... ഇനി മരിക്കാനൊരുങ്ങണം... ചെര്‍ത്തുപിടിച്ച കടലാസുപൊതിയുമായി ക്രിസ്റ്റി എണീറ്റു.. മുഖത്തു അവ്യക്തമായ ഒരു പുഞ്ചിരി ഒതുക്കിയിട്ടുകൊണ്ട് ...

Mar 19, 2010

തീക്കനലുകള്‍ ...

എഴുതിച്ചേര്‍ക്കാത്ത
നിയമസംഹിതകളില്‍
കുഴിച്ചിട്ടതൊക്കെയും
ഒരിക്കല്‍
ഉദയസൂര്യന്റെ ചെങ്കിരണങ്ങളില്‍
ചുട്ടുപൊള്ളും
അന്ന്
കണ്ണുകള്‍ മൂടിക്കെട്ടിയ
കറുത്ത തുണി
പ്രഹസനനാടകങ്ങളുടെ
മരണബാഡ്ജിനായി വലിച്ചു കീറാം

ആദര്‍ശ സമരങ്ങളുടെ
കുത്തൊഴുക്കില്‍
ചെളിക്കുണ്ടില്‍ വീണവരുടെ
കല്ലറകള്‍ക്കുമേല്‍
രാഷ്ട്രീയമൂട്ടകളുടെ
ദുഷിച്ചരക്തം വീഴാതിരിക്കട്ടെ..

ചുവന്നനാളിന്റെ
ഉദയദിക്കുകളില്‍ മുഴങ്ങിയ
മുദ്രാവാക്യങ്ങള്‍
തൊണ്ടക്കുഴിയില്‍ തളച്ചിട്ടത്
നവസമരശൈലിയെന്നു
വിളിച്ചുകൂവി,
നവോഥാന വക്താക്കളെന്നു
സ്വയം പ്രഖ്യാപിച്ചവരെ
അക്ഷരത്തീയില്‍ ചുട്ടുകൊല്ലാം..

ചരിത്രമുറങ്ങുന്ന തെരുവിലൂടെ
സമത്വസ്വപ്നത്തിന്റെ
ഉണര്‍ത്തുപാട്ടുകളുമായ്
ഒരു രാത്രിയെങ്കിലും
കൈ കോര്‍ത്തു നടക്കാം..

Mar 8, 2010

ജലച്ചായചിത്രങ്ങള്‍ ..

ഇന്നലെ രാത്രി
കാറ്റിന്റെ വിഷംനുകര്‍ന്ന്
മേഘങ്ങള്‍
പൊട്ടിയൊലിച്ചു

ഞാനോരുക്കിയിട്ട
പൂന്തോപ്പില്‍ ,
ഇന്ന് വിടരേണ്ടിയിരുന്ന
ശംഖുപുഷ്പങ്ങളെ
തല്ലിക്കൊഴിച്ചു
അരളിയിലയ്ക്കടിയിലൊളിച്ച
പവിഴക്കൂടറുത്തു
പരാഗണത്തിന്റെ ഗസലുകള്‍
പാതിയില്‍ മുറിച്ചു..
മിന്നല്‍ക്കീറുകള്‍ ,
വഴിവിളക്കണച്ച്
കണ്‍തുറന്ന
നിശാഗന്ധിയെ കരിച്ചുകളഞ്ഞു

ഈ ജനല്‍കര്‍ട്ടന്‍
വകഞ്ഞുമാറ്റി,
ഊര്‍ന്ന മഴത്തുള്ളികള്‍ക്കു
താളംപിടിക്കവേ
എന്റെ മൌനം മുറിച്ചു
വീണ്ടുമൊരു കവിത പിറക്കുന്നു

നിന്നോടുള്ള പ്രണയത്തില്‍
നനഞ്ഞൊലിച്ചു
ഉറക്കമകലുമ്പോഴും
ഈ ചില്ലുപാളിക്കപ്പുറം
നീ വീണ്ടുമെന്റെ
പൂക്കളടര്‍ത്തിക്കൊണ്ടിരുന്നു...

Mar 5, 2010

ചെവിയോര്‍ക്കുമ്പോള്‍ ..

ചവിട്ടിനിന്ന
കരിയിലകള്‍ക്കടിയില്‍
ഞെരിഞ്ഞമര്‍ന്ന
വിലാപങ്ങളുണ്ട്

കഴുമരങ്ങളില്‍
കഴുത്തറ്റവര്‍ ..
അരമനകളിലെ
അടുപ്പുപുകയ്ക്കലില്‍
കരിപുരണ്ടവര്‍ ..
പുറമ്പോക്കിലെ
സമരങ്ങളിലഴുകിയവര്‍ ..
വിഷക്കുപ്പികളൊപ്പിയ
ക്ഷുഭിതയൌവനങ്ങള്‍ ..

അസ്ഥികള്‍
ദ്രവിച്ചടിഞ്ഞു..
പടിഞ്ഞാറന്‍ കാറ്റില്‍
പൊടിയുയരുമ്പോള്‍
മരവിപ്പ് മുറിച്ച്
പിന്നെയും
നിലവിളികളുയരുന്നു ...