Jan 31, 2010

യാത്ര ..

തിരിച്ചറിവിന്റെ
ആദ്യഘട്ടത്തില്‍
സുന്ദരമായ മുഖംമൂടി
വലിച്ചുകീറി

നിവര്‍ന്നുനില്‍ക്കാന്‍
നട്ടെല്ല് പൊടി തട്ടിയെടുത്തു
നാവു ബന്ധിച്ചിരുന്ന
മൌനത്തെ ആട്ടിയോടിച്ചു

ആരും കാണാതെ
കയ്യില്‍ കരുതിയ
നിരാശയുടെ വിഴുപ്പും
വഴിയിലുപേക്ഷിച്ചു..

ഇനി കുറച്ചു നടക്കണം
മഞ്ഞു പുതച്ച പ്രഭാതങ്ങളിലൂടെ..
പ്രതീക്ഷകളുടെ സന്ധ്യയിലൂടെ..
നിലാവ് ചായുന്ന രാത്രികളിലൂടെ ..

ആത്മാവിനെ എവിടെയോ
അടക്കം ചെയ്തിരിക്കുകയാണ്
അതുകൂടി കണ്ടെത്തണം
അതാണ്‌ അടുത്ത ഘട്ടം
പോവട്ടെ, സമയമേറുന്നു.

Jan 29, 2010

നാളെ ??

ശാസ്ത്രം,
സ്വപ്‌നങ്ങള്‍
യാതാര്‍ത്യമാക്കുന്നു
മനുഷ്യന്‍,
ഇന്നിന്റെ സത്യങ്ങള്‍
നാളെയുടെ ഓര്‍മകളായി
കുറിക്കാനൊരുങ്ങുന്നു
കാലത്തിന്റെ
തെരുവുകളില്‍
പഴയ ഭൂപടങ്ങള്‍
തീപ്പെട്ടുപോവുന്നു
ജയിച്ചത്,
ശാസ്ത്രമോ
മനുഷ്യനോ?

ചരിത്രാന്വേഷികള്‍
ഒന്നുമില്ലായ്മയുടെ മുന്നില്‍
പകച്ചു നില്‍ക്കും
ചിന്തകളുടെ
കുരുക്കഴിക്കുന്നവര്‍
ഭ്രാന്തന്മാരായി ഓടിനടക്കും
അല്ലെങ്കില്‍ ക്രൂശിക്കപ്പെടും.
അപ്പോഴും
അധിനിവേശത്തിന്റെ-
അട്ടഹാസങ്ങള്‍
ദിക്കുകളെ ചൂഴ്ന്നുനില്‍ക്കും

ആരു കേള്‍ക്കാന്‍?
ആരു മിണ്ടാന്‍?
മൌനം.. നിതാന്തമൌനം..

Jan 27, 2010

ഉച്ചഭാഷിണിയുടെ ദുഃഖം..

ഇത് വെറും വാക്കല്ല എന്റെ വിശ്വാസത്തി-
ലെഴുതിപ്പിടിപ്പിച്ച നിത്യസത്യം
ആവര്‍ത്തനങ്ങളില്‍ ഉള്ളുനൊന്തെപ്പഴോ
താനേയുതിര്‍ന്ന മുറിപ്പാടുകള്‍
സ്വന്തമല്ലെങ്കിലും എത്രയോ ശബ്ദങ്ങള്‍
എന്നും മുഴക്കേണ്ട ഭാഗ്യശൂന്യന്‍
നീണ്ട പ്രസംഗ വിഴുപ്പുകളത്രയും
ചര്‍ദ്ദിച്ചുതുപ്പാന്‍ തലയെഴുത്തുള്ളവൻ

കപടകാഷായങ്ങള്‍ വാത്സ്യായനന്റെ വാക്-
ചതുരതയോടെ തിളങ്ങി നിന്നീടവേ
മതിലുകള്‍ കെട്ടി മനസ്സ് പകുത്തവര്‍
സൗഹാര്‍ദ്ദഗീതികള്‍ പാടാനൊരുങ്ങവേ
കള്ളരാഷ്ട്രീയക്കുറുക്കന്റെ തൊണ്ടയില്‍
സത്യസമത്വ മന്ത്രങ്ങള്‍ പിറക്കവേ
ദുര മൂത്തു സകലം നശിപ്പിച്ചവര്‍ നാല്‍ -
ക്കവലയില്‍ സുവിശേഷമോതിത്തകര്‍ക്കവേ

അക്ഷരത്തീനികളെന്നു നടിപ്പവര്‍
ആകെ കൊടുമ്പിരി കൊള്ളുന്ന നേരത്ത്
നാവില്‍ നിറയും ചവര്‍പ്പുകള്‍ -ആരെയും
കൂസാതെ ശക്തം വിളിച്ചുകൂവുമ്പൊഴും
മലയാളമറിയാത്ത മമ്മിമാര്‍ നാടിന്റെ-
നഷ്ടസംസ്കാരത്തില്‍ നെടുവീര്‍പ്പിടുമ്പോഴും

ഒക്കെയും പേറിത്തളരുമെന്‍ വേദന
മൌനമായ് നീളുന്നു കല്പാന്തകാലവും
അസ്ഥിത്വമില്ലാത്ത ആജ്ഞാനുവര്‍ത്തിയായ്
ജന്മം ചുമക്കാന്‍ ചുമതലപ്പെട്ടവന്‍ ...

Jan 22, 2010

സെമിത്തേരിയില്‍ പെയ്ത മഴ

സെമിത്തേരിയില്‍ പെയ്ത മഴ
ഉറങ്ങിക്കിടന്നവരെ ഉണര്‍ത്തി
ഓര്‍മകളിലേക്കുള്ള നീര്‍പ്പാലം പോലെ..

പനിച്ചു വിറച്ചപ്പോള്‍
പിന്നീട് തിമിര്‍ത്തു
നനഞ്ഞപ്പോള്‍
കൌതുകത്തോടെ
നോക്കിയവള്‍
ഉറക്കമൊഴിഞ്ഞ കൌമാരരാവുകള്‍
പ്രണയം കൊണ്ട്പൊതിഞ്ഞപ്പോഴും
പെയ്തു തോര്‍ന്നവൾ
വിവാഹദിവസം
നഷ്ടപ്രണയത്തിന്റെ
കണ്ണീരുതിര്‍ത്തവള്‍
മധുവിധുരാവില്‍,
പറയാതിരുന്നതൊക്കെ പറഞ്ഞപ്പോള്‍
അസൂയയാല്‍ കാതടപ്പിച്ചവള്‍
പ്രാണന്റെ പാതിയടര്‍ന്നപ്പോള്‍
എന്റെ നിശബ്ദദുഃഖത്തില്‍
പങ്കുചേര്‍ന്നവള്‍
എകാന്തസായാഹ്നങ്ങളില്‍
ആശ്വസിപ്പിച്ചവള്‍
ജനിമ്രിതികളിലെ
എന്റെ സഹയാത്രിക..
ഇന്നും പെയ്യുന്നു..
നാളെയിവിടെയെത്തുന്നവര്‍ക്കായ്..
കൂട്ടത്തില്‍ എന്റെ ഓര്‍മകൾക്കായ്

വെറുക്കപ്പെട്ടവളോട് ...

നിശബ്ദതയുടെ മഹാ വീഥിയില്‍
നീ കാത്തിരിക്കുന്നതാരെ?
ചോര പൊടിയുന്ന ചുണ്ടുകള്‍
വീണ്ടും കടിച്ചു നീ വിലപിക്കുന്നതെന്തിന്?
നിനക്ക് മാപ്പ് നല്‍കാന്‍
ക്രിസ്തു ജീവിച്ചിരിപ്പില്ല
-------------------------
ഞാന്‍,
ആള്‍ക്കൂട്ടത്തിലൊരാള്‍
പണവുമായി നിന്നെ
പ്രാപിക്കാന്‍ വന്നവന്‍
നിന്നോടുള്ളത് വെറും കാമമാണ്‌
അതെന്നില്‍ നിറച്ചത് സ്രഷ്ടാവാണ്
ഞാന്‍ തെറ്റുകാരനല്ല
നിനക്ക് പിന്നിലെ കാരണങ്ങള്‍
അജ്ഞാതമാണ്
നിന്റെ സത്യങ്ങള്‍ ആയുസ്സില്ലാത്തതാണ്
ലഹരിയൊടുങ്ങുമ്പോള്‍ മരപ്പാവയായി
കിടക്കാനാണ് നിന്റെ വിധി
നിഴല് മാത്രമാവാന്‍ വിധിക്കപ്പെട്ടവള്‍ ...
------------------------------
നീര് വറ്റുമ്പോള്‍ ,
തീരാ രോഗത്തിന്റെ കാട്ടില്‍
ഒറ്റപ്പെടലിന്റെ മരുഭൂമിയില്‍
നീ ഉപേക്ഷിക്കപ്പെടും
ഞാന്‍ നിന്നെ സ്പര്‍ശിക്കില്ല
ഈ രാത്രിയെങ്കിലും നീ പവിത്രയാവട്ടെ....

നിന്നിലൂടെ നടന്ന്..

ആകാശത്തിന്‍റെ അര്‍ഥം
അനന്തതയെന്നെങ്കില്‍
വിശ്വാസത്തിന്‍റെ
ആകാശങ്ങളില്‍
നമുക്ക് പറന്നുനടക്കാം
സ്വപ്‌നങ്ങള്‍
കടലില്‍ തെളിയുമെങ്കില്‍
നിന്‍ മിഴികളിലെന്‍
തിരകള്‍ക്കു തീരമൊരുക്കാം
പകല്‍ സത്യമെങ്കില്‍
ജന്മാന്തരങ്ങളുടെ പകലുകള്‍
നിന്റെ കാലടികള്‍
കാതോര്‍ക്കാം
ഇടറുന്ന മേഘനാദമായ്
നിന്‍റെ മിന്നലാട്ടങ്ങള്‍ക്ക്
പിന്നിലൊതുങ്ങാം

ഒടുവില്‍ ഞാന്‍ മറയുമ്പോള്‍
അനശ്വരതയുടെ ചില്ലയില്‍
പ്രണയം കൊണ്ട്
കൂടൊരുക്കാം
ഋതുഭേദങ്ങളറിയാന്‍
അതിലെന്‍റെ
ഹൃദയം പറിച്ചുവെയ്ക്കാം,
ഓരോ മിടിപ്പും
നിന്നിലേക്കുള്ള
ദൂരം കുറയ്ക്കുമെങ്കില്‍..

Jan 21, 2010

ശേഷിപ്പുകള്‍

നിലനില്‍പ്പിന്റെ യുദ്ധത്തില്‍
പോരുതിത്തോറ്റത്
ഉപേക്ഷിക്കപ്പെട്ട
നിഴലുകളാണ്..

കണ്ണിനും കാതിനുമിടയ്ക്ക്
വാദപ്രതിവാദങ്ങള്‍
ശക്തമായി
വിചാരണയ്ക്കൊടുവില്‍
ആത്മാവ് മാപ്പുസാക്ഷി

നശിച്ച മഴയില്‍ -
വെള്ളത്തിലോടിയ
കളിവഞ്ചികള്‍
ബൈബിളിന്റെ
താളുകളായിരുന്നു..

തലപ്പാവില്‍ നിന്നും
ഇടയ്ക്കിടെ
ഭ്രാന്തിന്റെ മൂര്‍ഖന്‍
വിഷം ചീറ്റുന്നു

ശേഷിപ്പുകളില്‍
ഒടുവിലത്തേത്
അക്ഷരത്തിന്റെ കനലാണ്.
അതൊഴിച്ചാല്‍
ഞാന്‍ ദരിദ്രന്‍..
ഒരു മിടിപ്പ് പോലും
സ്വന്തമല്ലാത്തവന്‍ ..

നോട്ടങ്ങള്‍ ..

ചില നോട്ടങ്ങള്‍
ആത്മാവില്‍
അള്ളിപ്പിടിക്കുന്നതാണ്
ചിലത്,
തഴുകിക്കടന്നുപോകും
അപൂര്‍വമായത്,
സംവത്സരങ്ങളുടെ-
മൃതാവസ്ഥയില്‍ നിന്നും
പുനര്‍ജ്ജനിക്കും.

നോട്ടത്തിന്റെ
ശാസ്ത്രം തേടിയുള്ള-
യാത്രയില്‍
എങ്ങുമെത്താതെ നിന്റെ ജന്മം..
നിന്റെ നോട്ടങ്ങള്‍
ലക്‌ഷ്യം കണ്ടില്ല
വഴിയിലുടക്കി
പിന്നീടെപ്പഴോ
തെന്നിത്തെറിച്ച്-
ചവറ്റുകൂപ്പയില്‍
നിക്ഷേപിക്കപ്പെട്ടു.
നീ നേരിട്ടവ
ആത്മാവില്‍ ചേരുകയും..
നീ പാവം..
ലോകമറിയാത്തവന്‍
നഷ്ടകാലങ്ങളില്‍
ജീവിക്കുന്നവന്‍..

തിരുത്ത്..

അരൂപിയുടെ വെളിപാട്
ചിന്തകള്‍ കൊരുത്തുവലിക്കുന്നു
"തിരുത്തപ്പെട്ട അക്ഷരങ്ങള്‍
എഴുതിപ്പഠിക്കാന്‍
സമയമാവുന്നു.."

തലമുറകളുടെ
എഴുത്തുപുരയില്‍
മനപ്പൂര്‍വം തെറ്റിച്ചതാണ്
പലതും
ചിലതറിയാതെയും
മഷി പടര്‍ന്നപ്പോള്‍
തിരുത്തിത്തന്നത്
ശിഷ്യപ്പെട്ടിട്ടില്ലാത്ത ഗുരു- കാലം..!


ഇനി വൈകരുത്
അല്ലെങ്കിലൊരുങ്ങുക -
മാപ്പര്‍ഹിക്കാത്ത ഗുരുഹത്യയ്ക്ക്..

Jan 20, 2010

ഞാന്‍...

ആത്മാന്വേഷണത്തിന്റെ
അസ്ഥിത്തറകളില്‍
പാല പൂത്തു
എനിക്ക് പേടിയാണ്
അവിടേക്ക് പോവാന്‍
ആയിരം ചോദ്യങ്ങളുമായി
യക്ഷികള്‍ പല്ലിളിക്കുന്നു..
വിശ്വാസങ്ങള്‍ക്ക്
തീ പിടിക്കുന്നു
കര്‍മ്മയുദ്ധങ്ങള്‍
ലക്ഷ്യമെത്താതെ
കൊടിയിറങ്ങി
എനിക്കു പേടിയാണ്
ഉറക്കെ സംസാരിക്കാന്‍
എന്റെ വായ മൂടിക്കെട്ടുക..
പ്രത്യയശാസ്ത്രങ്ങള്‍
തെരുവ് തെണ്ടുന്നു
തുറിച്ച നോട്ടങ്ങള്‍
ചെറ്റക്കുടിലിന്റെ വേരറുക്കുന്നു
എനിക്കു പേടിയാണ്
ചോദ്യം ചെയ്യാന്‍
എന്റെ നാവറുത്തുകൊള്ളുക
നീതിയുടെ വടവൃക്ഷം
കടപുഴകി
ചതിക്കപ്പെട്ടവന്റെ കഴുത്ത്
പതിവുപോലെ വരഞ്ഞുപൊട്ടി
എഴുതാനെനിക്ക്‌ പേടിയാണ്
വിരലൊടിച്ചുകൊള്ളുക..
ചുമര്‍ച്ചിത്രത്തില്‍ ചോര തെറിച്ചു
വിലാപങ്ങള്‍ക്കപ്പുറം
കനത്തമൌനം വേലികെട്ടി
എനിക്കു പേടിയാണ് സഹതപിക്കാന്‍
ഹൃദയം പറിച്ചു കൊള്ളുക..

എന്നെ തിരുത്തണ്ട
ഇതെന്റെ ലോകമാണ്..

എന്റെ വഴിയിലൂടെ ...

വെയിലാറി മാറുന്നു
വെറി മൂത്ത വിശപ്പിന്‍
വിളി മുഴങ്ങുന്നു..
ഏറെയുണ്ടിനിയും
ചുവടു വെയ്ക്കാന്‍
എവിടെയെന്നറിയാത്ത
ലക്ഷ്യമെത്താന്‍
മോഹമാണെന്നും
തണുത്ത മൌനത്തിന്റെ
കാല്‍പ്പാടു നോക്കി
നടന്നു നീങ്ങാന്‍
ഇവിടെയുണ്ടൊപ്പം
പറക്കാന്‍
കറുത്ത പക്ഷികള്‍
വഴി നീളെ ,
കൊത്തിവലിക്കുന്ന
നായാട്ടുപട്ടികള്‍
ഇടയിലെത്തുന്ന
ചൂളം വിളിയിലെന്‍
ഉടലു ചൂഴുന്ന
കാക്കക്കണ്ണുകള്‍
പിന്നെയുമേറെയുണ്ടൊക്കെയും
നെഞ്ചകം പിച്ചിപ്പറിക്കുന്ന
ചോരക്കുറിപ്പുകള്‍
ഒന്നിച്ചു ചാടിയോടുങ്ങിയ
ജീവനില്‍നിന്നു തെറിച്ച
പ്രണയസമ്മാനങ്ങള്‍ ..
കൈക്കുഞ്ഞ് കരയാതെ
കയ്യിലൊതുങ്ങവേ
കൈവിട്ടു പാറിയ
സാരിത്തലപ്പുകള്‍ ..


അറ്റമെത്താതെ നീളുമ്പോഴിടയില്‍
ഇനിയുമുണ്ടാകും ചതയുന്ന നോവുകള്‍
എല്ലാം ചിതറിത്തെറിച്ച പാളത്തിലെന്‍
പാദങ്ങള്‍ തെടുന്നതെന്തിനെയിനിയും
ഇനി വയ്യ കാണുവാന്‍ കണ്ണ് മൂടട്ടെന്റെ
കൈകളാല്‍ ,കണ്ണീരു വറ്റി വരളുമ്പോള്‍
ഞാനുമെന്‍ മൌനവും നടന്നു നീങ്ങട്ടെന്റെ-
സീമയില്‍ ഞാനുമുറങ്ങുവോളം...

വര്‍ത്തമാനം..!!

വിശപ്പ്‌ മൂത്ത് ഭ്രാന്തായവന്‍
മണ്ണു വാരിത്തിന്നു
ദാഹിച്ചു വലഞ്ഞവന്‍
കൂട്ടുകാരനെക്കൊന്നു
ചോര കുടിച്ചു
എഴുതാനൊന്നുമില്ലാത്തവന്‍
ചിതലരിച്ച
താളുകള്‍ നോക്കി
വീണ്ടുമെഴുതി
മതിയടങ്ങാത്തവന്‍
വിളക്കണയാത്ത
വീടുകള്‍ തേടി നടന്നു
അന്തപ്പുരങ്ങളില്‍ വീണ്ടും
പൊന്‍നാണയ പ്രവാഹം..

ദൈവത്തിനു കൊമ്പ് മുളച്ചു
സാത്താന്‍,
ദ്രംഷ്ടകള്‍ തല്ലിക്കൊഴിച്ച്‌
പുതിയ പല്ല് വെച്ചു
ഇനിയെന്നാണവര്‍
സ്വര്‍ഗ്ഗവും നരകവും
വെച്ചു മാറുന്നത്?
കാത്തിരിക്കാം,
കാലമിനിയുമുണ്ട്..

മാറാലകള്‍ ..

ഒരുവട്ടമെന്നെ വിളിക്ക നീ
വഞ്ചനയറിയാത്ത
ശബ്ദത്തിനാലെ
ചുടുചോര വീഴാത്ത
കൈകളാലൊന്നെന്നെ
വാരിപ്പുണരുക ഗാഢം
മറ്റൊരാളറിയാത്ത
ചുണ്ടിന്റെ തേനിറ്റു-
വീഴിക്കുകെന്‍ മിഴിക്കോണില്‍
മദ്യം മണക്കാത്ത
ജീവശ്വാസത്തിനാല്‍
ഒരു മാത്രയെന്നില്‍ നിറയൂ
എന്നും ജ്വലിക്കുന്ന
ചിന്തയാല്‍-
ഉദ്ദീപ്തമാക്കുകെന്‍
ആത്മപ്രഹര്‍ഷം
വയറു കാളുമ്പോള്‍
അതില്‍ നിന്‍ വിയര്‍പ്പിന്റെ-
മണമുള്ള ചോറൊട്ടു നല്‍ക
തോക്കുകള്‍ ചൂണ്ടാത്ത
ചെറ്റക്കുടിലിലെന്‍
ഹൃദയം മുകര്‍ന്നു ശയിക്ക

ചിന്തിച്ചതൊക്കെയും
വ്യ൪ത്ഥമാണെങ്കിലും
കനവിന്നു കൈവിലങ്ങുണ്ടോ?
ഉള്ളു പൊള്ളിക്കുന്ന
നിത്യദുഖത്തിലെന്‍
കണ്ണ് മങ്ങിത്തുടങ്ങുമ്പോള്‍
ഇനിയുമെത്താത്ത നിന്‍
വേയ്ക്കുന്ന കാലിന്നു
കാവലായ് ഞാനും ഇരുട്ടും..

Jan 15, 2010

ഹൃദയതീരങ്ങളില്‍ ..

ഒരു നാള്‍ ,
ജാതിയുടെ വേലിക്കെട്ട്
തകരുമ്പോള്‍
നിനക്കെന്റെ പ്രണയം തരാം
നമുക്ക് ചുറ്റുമുള്ളവര്‍ക്ക്
ഹൃദയമുണ്ടാവുമ്പോള്‍
നല്‍കാം വരണമാല്യം
പ്രാണന്‍ പകുത്തും
മതിലുയര്‍ത്തുമ്പോള്‍
രക്തമൊഴിച്ചു്
അതുറപ്പിക്കുമ്പോള്‍
നമ്മുടെ നഷ്ടങ്ങള്‍
യവനികകളില്‍ മറയുന്നു
പുതിയൊരാകാശം
പുതിയ സൂര്യന്‍
പുതിയ ഭ്രമണങ്ങള്‍
അനിവാര്യമാണെങ്കിലും പ്രിയേ
അതുണ്ടാകുമോ??
അന്നോളം ഇരു കരകളില്‍
നനഞ്ഞ സ്വപ്നങ്ങളുടെ
ഓര്‍മകളില്‍
ചേക്കേറുക നാം
മാറ്റങ്ങള്‍ക്കായ്‌ ഉയരണം
ആശയങ്ങള്‍
നമുക്ക് ആശകള്‍ മാത്രം
വേര്‍പാട് അസഹനീയമെങ്കില്‍
വരൂ നമുക്കൊരുമിച്ചൊടുങ്ങാം
ഒരു കുരുക്കില്‍ ,
ഒരു തുള്ളി വിഷത്തില്‍
അപ്പോഴും ‍ പേടിക്കണം
അന്ത്യനിദ്ര
വേലിക്കിരുപുറങ്ങളിലായാല്‍ ????

നിഴലുകള്‍ പറയുന്നത് ...

അളന്നെടുക്കുക
നാവില്‍ നിന്നും
കയ്യിലേക്കുള്ള ദൂരം
അത് നിനക്ക്
നിന്നെ കാട്ടിത്തരും
ഓര്‍ത്തെടുക്കുക,
ഡയറിയില്‍
കുറിക്കാന്‍ മറന്നത്,
കര്‍മ്മയുദ്ധങ്ങളില്‍
കൈ വിട്ടു പോയത്,
വേഷപ്പകര്‍ച്ചകളില്‍
നഷ്ടമായത്,
മുന്‍പേ പറന്നവര്‍
പറഞ്ഞുവെച്ചത്,
ചുവന്ന ചുവരുകള്‍
ഉദ്ഘോഷിച്ചത്,
പെയ്തിറങ്ങട്ടെ അടമഴയായ്
അത് നിന്നെ ശുദ്ധീകരിക്കും

മഴ നിലയ്ക്കുന്നതിനു പിറ്റേന്ന്
പുറത്തിറങ്ങുക
അവിടെ നിന്റെ സൂര്യന്‍
ഉദിച്ചിരിക്കും
നിനക്കായ് ഒരു പൂവെങ്കിലും
വിടര്‍ന്നിരിക്കും..

Jan 10, 2010

കയ്യൊപ്പ്..

തെരുവുവിളക്കുകള്‍
എറിഞ്ഞുടയ്ക്കുക
സൂര്യനെരിയുമ്പോള്‍
കണ്ണ് കാണാത്തവര്‍-
ക്കെന്തിനിവറ്റ തന്‍
പഴുത്ത വെട്ടം?

ഉഴവുകാളകളെ
വെട്ടി വേവിക്കുക
നെല്‍വിത്തുകള്‍
പുഴുങ്ങിത്തിന്നുക
തറക്കല്ലിട്ട വയലില്‍
പച്ചപ്പിന് കല്ലറകെട്ടുക

ക്ഷേത്രങ്ങളില്‍ പോവുക
ധര്‍മ്മക്കാരന്‍റെ
നെഞ്ചത്ത് നിന്ന്
കാണിക്കയിടുക
പുതിയ ശരണാലയത്തിന്
പിരിവു തുടങ്ങുക

പ്രസംഗപീഠങ്ങളില്‍
ആദര്‍ശങ്ങളുമായി
കത്തിക്കയറുക
ഉച്ചഭാഷിണി
നിലയ്ക്കുമ്പോള്‍
അതിനോടൊപ്പം
നിശബ്ദനാകുക

ചരിത്രങ്ങള്‍
മനപ്പൂര്‍വം മറക്കുക
വഴിയവാസാനിക്കുന്നിടത്ത്
ഭൂമി തുരക്കുക
മുന്‍ഗാമികളുടെ
ചുവരെഴുത്തുകള്‍
മായ്ച്ചുകളയുക.
--------------
ഒറ്റയ്ക്കാവുമ്പോള്‍
വാരിത്തേച്ച
ചായം മുഴുവന്‍
കഴുകിക്കളയുക
കണ്ണാടിയില്‍ നോക്കാതെ
കിടന്നുറങ്ങുക....

Jan 8, 2010

ബലിതര്‍പ്പണം..

ഊര്‍ന്നുവീണ പൊതിച്ചോറ്
കാക്കകള്‍ കൊത്തിവലിക്കുന്നു.
ചിതറിയ വറ്റില്‍
ഏതോ അച്ഛന്റെ വിയര്‍പ്പുണ്ട്
അമ്മയുടെ കണ്ണീരുണ്ട്,
സ്വയംനിന്ദയുണ്ട്,
പൊതിയഴിഞ്ഞെക്കുമെന്ന ഭയമുണ്ട്...
----------------------------------
വാട്ടിയ വാഴയില അവനെന്തിന്,
വില കൂടിയ പാത്രങ്ങളില്‍
വിഭവങ്ങള്‍ തയാറാണ്
അവന്റെ ലോകത്ത്
പൊതിച്ചോറിന്റെ
വിയര്‍പ്പുമണം ഓര്‍മിപ്പിച്ചത്
അച്ഛന്റെ മെഴുക്കു കൈകളാണ്.
അമ്മയുടെ മുറുക്കാന്‍പല്ലുകളാണ്
തെക്കോട്ടിരുന്നു മുടി കോതുന്ന
അനിയത്തിയുടെ
തണുത്ത നിശ്വാസമാണ് ..
ബന്ധങ്ങളുടെ
അഴുകിയ നാറ്റമാണ്...
--------------------------
അറയ്ക്കുന്ന വിഴുപ്പാണത് ,
തുറന്നാല്‍ ദഹിക്കും വരെ
നാവില്‍ ചുമക്കേണ്ടി വരും.
ഉപേക്ഷിക്കലാണെളുപ്പം
---------------------------
കാക്കകളുടെ ആക്രമണത്തില്‍
വാഴയില കീറിപ്പറിഞ്ഞിരുന്നു..
ബന്ധങ്ങള്‍ക്ക് ബലിയുമിട്ട്
അവന്‍ വീണ്ടും തിരക്കുകളിലേക്ക്..

Jan 7, 2010

അപസ്മാരം..

ചുഴലി ദീനക്കാരനാണ് ഞാന്‍
ക്ഷണ നേരമെങ്കിലും
ഭ്രാന്തിന്റെ അധിനിവേശത്തില്‍
കുടുങ്ങുവോന്‍
കാണുന്നതെല്ലാം 'അസത്യങ്ങള്‍'
പറയുന്നതെല്ലാം അബദ്ധങ്ങള്‍
എങ്കിലും സിരയിലൊരു തീപ്പൊരി
ആളിപ്പടര്‍ന്നെന്നെ
ചുട്ടുപൊള്ളിക്കുന്നതറിയുന്നു ഞാന്‍
അറിവിന്റെ ഗിരിശൃ൦ഖങ്ങളില്‍
കടവാവല്‍ ചിറകടിക്കുന്നു
നഗരമാധ്യങ്ങളില്‍
സിംഹങ്ങള്‍ വാപിളര്‍ത്തുന്നു
ഗീത കത്തിച്ചിട്ടാ ചാരവുംപൂശി
സ്വാമിമാര്‍ പല്ലിളിക്കുന്നു
വറ്റിനു നീട്ടിയ കയ്യില്‍
പിശാചിന്റെ ചാട്ടവാര്‍വീണു
വരഞ്ഞുപൊട്ടുന്നു
ആത്മഹത്യാമുനമ്പിന്റെ വക്കില്‍നി-
ന്നായിരങ്ങള്‍ നിലം പതിക്കുന്നു
പ്രകൃതിക്ക് തീ പിടിക്കുന്നു
പ്രണയങ്ങള്‍ ചോര തുപ്പുന്നു
സര്‍വ നാശത്തിന്റെ തീക്കുണ്ഡങ്ങളില്‍
എല്ലാം ദഹിച്ചുചേരുന്നു

ഭ്രാന്തു പുലമ്പുന്നതത്രേ
എന്റെ ദീനം മൂക്കുന്നതത്രേ
മുറുമുറുപ്പിന്‍
നടുക്കിരിക്കുമ്പോഴും
പേടിച്ചുഞെട്ടുന്നു ഞാന്‍..
കണ്മുന്നില്‍ എന്നെ
വിഴുങ്ങാനൊരുങ്ങുന്ന സത്വവും
എനിക്കുമുന്‍പേയുള്ള
രക്തചിത്രങ്ങളും.......

മാപ്പുസാക്ഷി..

സൌന്ദര്യമേ നിന്നെ
മീട്ടിയത് ഞാനാണ്
നീള്‍മിഴി കറുപ്പിച്ചതും
വിയര്‍പ്പു മായ്ച്ചതും
എന്റെ ചതഞ്ഞ വിരലുകളാണ്.
മുറിപ്പാടുകളില്‍ വിരലോടവേ
ആത്മാവറിഞ്ഞില്ല
നീ രക്തമൂറ്റിയത്
പ്രണയം കൊരുക്കേണ്ടത്
താലിയിലല്ല-എങ്കിലും
അനുവദിച്ചില്ല നീ
എന്‍ മൌനം മുറിക്കാന്‍
നിന്‍ കടവത്തുദിയ്ക്കാന്‍
--------------------
മരീചികയാണെനിക്കു നീ
കാട്ടിക്കൊതിപ്പിച്ചു
താനേമറഞ്ഞുപോം-
മായക്കാഴ്ച
ജീവന്റെ സീമകളില്‍
നിഴലൊത്തു നടന്നിട്ടും
വിധിച്ചത് വിരഹത്തിന്റെ-
അതിശൈത്യം..
"പ്രണയമല്ല ജീവിതം"
എന്ന വാക്കില്‍ കോര്‍ത്ത്‌
വിരല്‍ത്തുമ്പു തൊടാതെ
നീ തന്ന ക്ഷണക്കത്ത്
വായിക്കവേ
എന്റെ യൌവനവും
ഒരു നഷ്ടപ്രണയത്തിന്‍
മാപ്പുസാക്ഷിയായ്
മുദ്രവെയ്ക്കപ്പെട്ടു...

Jan 4, 2010

കാലമിടറുമ്പോള്‍..

നിങ്ങള്‍ക്ക് ആടുകളുണ്ടെങ്കില്‍
സൂക്ഷിച്ചു കൊള്ളുക
ആട്ടിന്‍തോലിന് വില കൂടി..
അന്തിത്തെരുവുകളില്‍,
സൌഹൃദ വലയത്തില്‍,
ആദര്‍ശങ്ങള്‍ക്കു മുന്നില്‍,
സ്വീകരണ മുറികളില്‍,
എന്തിനധികം,
സ്വന്തം കിടപ്പറയില്‍ ..
ആവശ്യം കൂടിയപ്പോള്‍
ആടുകള്‍ ചത്തുകൊണ്ടേയിരുന്നു ..
--------------------------
സ്വര്‍ഗവാതിലിന്റെ
താക്കോല്‍ നഷ്ടപ്പെട്ടു
കയറാന്‍ ആളില്ലാത്തതിനാല്‍
ദൈവം വലിച്ചെറിഞ്ഞത്രേ
നരകത്തിന്റെ വാതില്‍
കാവല്‍ നിന്നവര്‍
തല്ലിപ്പൊളിച്ചു..
തുറന്നുമടച്ചും
അവര്‍ തളര്‍ന്നിരുന്നു.
--------------------------

Jan 2, 2010

ഋതുഭേദങ്ങള്‍

ജന്മാന്തരങ്ങളുടെ നോവ്‌
അടിവയറ്റില്‍ കുമിഞ്ഞപ്പോള്‍
നീ ജനിച്ചു
ആഢ്യത്വത്തിന്റെ ഉമ്മറത്ത്
കരഞ്ഞുവിയര്‍ത്ത്
ബാല്യം യാത്രയായി..
ക൪മ്മകാണ്ഡങ്ങളില്‍
നെഞ്ചിനു കുറുകേയിട്ട
അവസാന ബന്ധനവും
അറുത്തുമാറ്റി.
അരൂപിയുടെ കല്‍പ്പനകള്‍
കൌമാരത്തെ കോര്‍ത്തു വലിച്ചപ്പോള്‍
ഞരമ്പ്‌ പിണച്ച പാത്രത്തില്‍
നുരഞ്ഞ ലഹരിയായ്
പ്രണയം പകര്‍ന്നതാര്?
സങ്കീര്‍ണതകളില്‍
യൌവനം ത്രസിച്ചപ്പോള്‍
തലയോട് ചുരണ്ടി
വിയര്‍പ്പില്‍ കുഴച്ച്
വിപ്ലവത്തിന്റെ ആദ്യപടികെട്ടി
അതില്‍ ചവിട്ടിക്കയറിയവര്‍
നവയുഗത്തിന്‍ വാതിലു കണ്ടു
ശില്പ്പിയാം നീ പ്രജ്ഞയറ്റ്
പടിയ്ക്കല്‍ തന്നെ മരിച്ചുവീണു..

Jan 1, 2010

വിഷുപ്പടക്കങ്ങള്‍

സ്വര്‍ഗ്ഗസീമയില്‍ നിന്നുമുതിര്‍ന്ന നല്‍-
സ്വര്‍ണ്ണ സൌഗന്ധികങ്ങള്‍ വിരിയവേ
വേണുഗാനം പൊഴിഞ്ഞ വൃന്ദാവന-
തീരമോര്‍മ്മകള്‍ കട്ടെടുത്തീടവേ
ശ്രീലകങ്ങളില്‍ നിന്നുമൊരജ്ഞാത-
ഗാഥ ചുറ്റും നിറം പൊലിച്ചീടവേ
ഏറെയുല്‍സാഹത്തിലാണവര്‍ എന്നെയു-
മേറിനില്‍ക്കും വിഷുക്കാല സന്ധ്യയില്‍..

സന്ധ്യയാവുമ്പോള്‍ അന്തരാത്മാവില്‍ നി-
ന്നൂര്‍ന്നുവീഴുന്നു തപ്തവികാരങ്ങള്‍
ഒട്ടു നേരം കഴിയുകിലെന്നിലെ
സ്വപ്നതാളങ്ങളെല്ലാം മറഞ്ഞുപോം
പാഞ്ഞടുക്കുന്ന തീപ്പൊരിയെന്നിലെ
കന്യകാത്വം കവര്‍ന്നു മടങ്ങിടും
വ്യര്‍ത്ഥമെന്നറിയുമ്പോഴും പിന്നെയും
വ്യക്തമാകുന്നു ജീവിതാസക്തികള്‍...

കണ്ടുനില്‍പ്പവര്‍ പൊട്ടിച്ചിരിക്കുന്നു
വര്‍ണവസ്ത്രങ്ങള്‍ എല്ലാമഴിയുമ്പോള്‍
ഉത്സവക്കൊഴുപ്പാളിപ്പടരും ഞാന്‍
നിന്നു പച്ചയ്ക്ക് കത്തിയമരുമ്പോള്‍

ഒടുവില്‍ ശേഷിക്കും ചാമ്പല്‍പ്പൊടിയിലെന്‍
ജീവമുദ്രകള്‍ നടനമറുക്കുമ്പോള്‍
ശ്യാമമേഘമായ് വിണ്ണിലൊളിക്കട്ടെ
നാളെയെന്‍ കണ്ണുനീരു പെയ്യിക്കുവാന്‍