Dec 31, 2009

നിന്റെ അര്‍ഥങ്ങള്‍

വിരല് നോവുന്നത്
നിന്നെ കുറിക്കുമ്പോഴാണ്
മോഹം ഉള്‍ക്കടമെങ്കിലും
നിന്നെ പകര്‍ത്താന്‍
ഞാന്‍ അശക്തനാണ്
എന്റെ തൂലിക തോല്‍ക്കുന്നതും
നിനക്ക് മുന്നില്‍ മാത്രം
നിന്റെ അര്‍ത്ഥവ്യത്യാസങ്ങള്‍
അര്‍ത്ഥവിന്യാസങ്ങള്‍
അതീതമെന്‍ വാക്കുകള്‍ക്കെങ്കിലും
അനുസ്യൂതം തുടരട്ടെ
ഞാനെന്റെ കര്‍മ്മം
നിലാവാണെനിക്ക് നീ
കുടന്നയില്‍ കോരിയ
സങ്കല്‍പ്പത്തിന്‍ നിറനിലാവ്
അത് കുറിക്കുന്ന മാത്രയില്‍
നീ മാറുന്നു കാട്ടുതീയായ്
എന്റെ ഇന്ദ്രിയങ്ങളെ
വിഴുങ്ങുന്നു...

ചിന്ത മുറ്റുമ്പോള്‍
നീയൊരു കടങ്കഥയാണ്
അല്ലാത്തപ്പോള്‍
വെറുമൊരു ചില്ലക്ഷരം
എന്റെ അക്ഷരങ്ങള്‍ക്ക്
അപ്രാപ്യയാകുമ്പോള്‍
തിരിച്ചറിയുന്നു
നീ എനിക്കാരാണെന്ന്

സ്വപ്നാടനങ്ങളില്‍..

ഉറക്കം ഞെട്ടിയുണര്‍ന്നത്
ദുസ്വപ്നത്തിറെ കൈ പിടിച്ചാണ്
കറുപ്പിനും കാക്കിയ്ക്കുമിടയില്‍
ജയില്‍പ്പടിയ്ക്കല്‍ നില്‍ക്കുന്നതാരോ
പ്രായമറിയില്ല
പര്‍ദ്ദ മുഖം മറച്ചിരുന്നു..
അരികില്‍ കിടത്തിയകന്നു
തുറിക്കുന്ന നോട്ടമെയ്യും
ശരീരത്തെ..
---------------------------
കറുപ്പില്‍ തെളിഞ്ഞത്
വിസ്താരമുറിയാന്
അവിടെ നീതിപീഠത്തിന്റെ
കാലൊടിഞ്ഞിരുന്നു
പൊയ്ക്കാല്‍ തന്നെ സുഖം
നാളുകളുടെ ആവര്‍ത്തനത്താല്‍
അത് ശീലമായിരിക്കുന്നു
നീതികന്യകയുടെ കണ്ണുകള്‍
മൂടിക്കെട്ടിയതാരാണ്?
താനേ കണ്കെട്ടഴിച്ച്
മുന്നിലെ പേക്കൂത്തുകളെ
വിമര്‍ശിക്കാന്‍
അവള്‍ക്കാവില്ലല്ലോ
മൌനം ഭൂഷണം തന്നെ
മരണം എത്തും വരെ
പ്രത്യയശാസ്ത്രങ്ങള്‍ക്ക്
ഉത്തരം മുട്ടുമ്പോള്‍
എന്നുമാവശ്യമാണ്
രക്തസാക്ഷികളെ
മരണശേഷം മഹത്വപ്പെടുത്താന്‍
കവലസ്മാരകങ്ങളുയര്‍ത്താന്‍
വാര്‍ഷികങ്ങള്‍ കൊഴുപ്പിക്കാന്‍
----------------------------------
പര്‍ദ്ദയിട്ടവള്‍ കരയുന്നില്ല
തനിയാവര്‍ത്തനങ്ങളില്‍
അതിശയോക്തിയില്ല
തുറിക്കുന്ന കണ്ണുകള്‍
ആകാശം നോക്കുമ്പോള്‍
വിറയ്ക്കുന്ന വിരലുകള്‍
അത് പൂട്ടി വെച്ചു
"നീയിനി കാണേണ്ടയോന്നും
എന്നെയും പിശാചു തിന്ന
നാടിനെയും"
കറുത്ത കോട്ടിട്ടു കാക്കകള്‍
വട്ടം പറന്നു
കൊത്തിപ്പറിക്കുകെന്നെയും
നിങ്ങളുടെ വിശപ്പ്‌ മാറട്ടെ
സ്വപ്നം മുറിഞ്ഞപ്പോള്‍ തോന്നി
സ്വപ്നമായിരുന്നോ??
എനിക്കറിയില്ല,
മറുപടിയുടെ ബാധ്യതയില്‍ നിന്നും
ഞാനും രക്ഷപെടട്ടെ..
------------
ആത്മാവില്‍ ഇലകള്‍ കൊഴിഞ്ഞ
അമ്മയുടെ കണ്ണും
ഞരമ്പ്‌ വലിഞ്ഞ മകന്റെ മുഖവും

Dec 30, 2009

ഇത് പുത്രധര്‍മ്മം!!

ജീവനിവിടെ തുടിക്കും മുമ്പേ
നീയെന്നെ ഗര്‍ഭം ധരിച്ചു .
യുഗപ്പിറവിയില്‍
നോവിന്റെ മേല്‍സ്ഥായിയില്‍
ഞാന്‍ ജനിച്ചു.
അക്ഷരങ്ങളാല്‍ തൊട്ടിലുകെട്ടി
കവിതകള്‍ ചൊല്ലി എന്നെയുറക്കി
കൈ പിടിച്ചെഴുതിച്ചു നിറവുകള്‍
മുലപ്പാലിനൊപ്പം ചുരത്തി ,
ചക്രവാളത്തിന്റെ സൌന്ദര്യം
മയില്‍പ്പീലിയുടെ പ്രണയം
നെല്ക്കതിരിന്റെ മുദ്രകള്‍
എല്ലാം ..

ഒക്കെയും ഊറ്റിയെടുത്തെഴുതവേ
അമ്മേ നീ നി൪വൃതിയിലായിരുന്നു .
പാതിയടഞ്ഞ കണ്ണുകള്‍ ഏതോ
സ്വപ്നത്തിന്റെ ചിറകിലായിരുന്നു
ഒടുവില്‍ നിന്റെ കൊമ്പില്‍നിന്നും
നൈര്‍മല്യത്തിന്റെ അവസാന
പൂവും അടര്‍ന്നുവീണു
നാളുകളുടെ ദുരിതത്തിനിപ്പുറം
അമ്മേ നീ മുറിവേറ്റിരിക്കുന്നു
രക്തം വാര്‍ന്നൊഴുകുമ്പോള്‍
തൊലിയ്ക്കിടയില്‍ മാംസം തെളിയുന്നു .

നീ കേള്‍ക്കുന്നത്
മടിക്കുത്തഴിഞ്ഞവളുടെ നിലവിളിയാണ്
ഒട്ടിയ വയറിന്റെ തേങ്ങലാണ്
കൊലക്കത്തിയുടെ ശബ്ദമാണ്
തെരുവിന്റെ അലര്‍ച്ചയാണ്
പിഴച്ച നാടിന്‍ ഞരക്കമാണ്

ആര്‍ക്കുണ്ട് നേരം നിനക്ക് കൂട്ടിരിക്കാന്‍
കവിതയായ് നിറയാന്‍
അക്ഷരങ്ങളുടെ ഊന്നുവടി നല്‍കാന്‍
എല്ലാവരും തിരക്കിലാണ്
പച്ചപ്പിലേക്ക് വിരല്‍ ചൂണ്ടവേ
വിരല്‍ത്തുമ്പു പൊള്ളുന്നു
നക്ഷത്രങ്ങളെ നോക്കുമ്പോള്‍
കണ്ണ് പുകയുന്നു
മഴ മനസിനെ തഴുകിയില്ല
തൊലിപ്പുറത്ത് വിഷമായ്‌ കുമിഞ്ഞു

മരണവേദനയില്‍ പുളയുമ്പോഴും
അമ്മേ നീ നിശബ്ദയാകുന്നു
ഇനി മൌനം വെടിയുക
ഒന്നലറിക്കരയുക
അതില്‍ ദഹിക്കട്ടെ പുതിയമുഖങ്ങള്‍
അല്ലെങ്കില്‍ നല്‍കുക
നിന്‍ നോവുനിറച്ചൊരു തൂലിക
എഴുതാം വിരലൊടിയുംവരെ
തിരിച്ചുനല്‍കാം നഷ്ടകാലങ്ങള്‍
ഒരു മാത്രയെങ്കിലും...
ഏറ്റുവാങ്ങുക- ഇത് പുത്രധര്‍മ്മം!!

Dec 26, 2009

മകന് വേണ്ടി....

ആള്‍ക്കൂട്ടങ്ങളില്‍
തനിച്ചായപ്പോള്‍
ബന്ധങ്ങളുടെ കണക്കെടുപ്പില്‍
അനാഥമായപ്പോള്‍
ജന്മത്തിന്റെ തീക്കനലുകള്‍
നെടുവീര്‍പ്പിലൊതുക്കി
ഈ പടിക്കെട്ട് കയറി വന്നു
ചുറ്റും ചൂഴ്ന്നു നിന്ന
കണ്ണുകളില്‍
അപരിചിതത്വം
ഉണ്ടായിരുന്നില്ല
എനിക്കും മുന്‍പേ
ഇവിടെ ചേക്കേറിയവര്‍..
നോട്ടങ്ങളില്‍ സ്നേഹമോ
സമാനദുഃഖത്തിന്റെ
സഹതാപമോ..
അതോ, നശിച്ച തലമുറകളെ
സൃഷ്ടിച്ചതിന്റെ കുറ്റബോധമോ
ഓരോ നാവിനുമുണ്ടാവും
എന്നെപ്പോലെ ഓരോ കഥകള്‍
ജീവിതത്തിനു
ഭാരമേറിയപ്പോള്‍
ഒഴിവാക്കാനെളുപ്പം
ഒറ്റമുറിയിലെ വരിഞ്ഞ
കട്ടിലായിരുന്നു
അതിലാണ് അവനെ-
പ്രസവിച്ചതും പാലൂട്ടിയതും
കാലത്തിന്റെ
ക്ലാവുപിടിക്കലില്‍
എന്റെ തൊലിയിലും
ചുളിവുകള്‍ വീണു
കുഴമ്പിന്റെ മണം
അവന്റെ ഇരുനിലവീടിനെ
ഗ്രസിച്ചപ്പോള്‍
നാമജപം മരുമകള്‍ക്ക്
തല വേദന യപ്പോള്‍
ഇതായിരുന്നു ഉചിതം

ഇവിടേക്കും വരും മുന്‍പ്
ഒന്ന് പറഞ്ഞിരുന്നെങ്കില്‍
അപേക്ഷാ ഫോമില്‍
ഒപ്പ് വെയ്ക്കുമ്പോള്‍ നിന്റെ
കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കില്‍
ഇവിടെ എന്നെയും-
വിട്ടുപോവുമ്പോള്‍
വെറുതെയെങ്കിലും
പിന്തിരിഞ്ഞെങ്കില്‍..
അല്ലെങ്കിലെന്തിന് ഒരു
പേക്കിനാവ് പോല്‍ മറയട്ടെ
പേറ്റുനോവും
പകര്‍ന്ന മുലപ്പാലും
എന്റെ നരച്ച കണ്ണുകളില്‍
നനവ്‌ പടര്‍ന്നിരുന്നു
ഹൃദയത്തെ,
നര ബാധിക്കില്ലല്ലോ

Dec 25, 2009

വര്‍ത്തമാനത്തിനു തീ പിടിക്കുമ്പോള്‍....

അശാന്തിയുടെ കരിനിഴല്‍
ഹൃദയത്തില്‍ വീഴവെ
അലറാന്‍ കഴിഞ്ഞിരുന്നെങ്കില്‍
പൊള്ളിക്കുടുന്ന ആത്മബോധം
സ്വപ്നങ്ങളെ ഭയപ്പെട്ടു

അജ്ഞാതമാണിന്നും
കാലഗതിയില്‍
തലമുറകള്‍ കോറിയിട്ട
വിടവിന്റെ കാരണം

ആത്മാന്വേഷനത്തിന്റെ
പച്ചത്തുരുത്തുകള്‍
മരുഭൂമിയായിക്കഴിഞ്ഞു
ജാതിയുടെ നീലക്കൊമ്പില്‍
പ്രണയികളുടെ ശവങ്ങള്‍
തൂങ്ങിനില്‍ക്കുന്നു
നരച്ച കണ്ണുകളില്‍
മരണത്തിന്റെ ആശ്വാസം
മിന്നിമറയുന്നു
ചവച്ചുതുപ്പിയ ദാമ്പത്യങ്ങള്‍
ഒറ്റമുറികളില്‍ അഴുകുമ്പോള്‍
കൂട്ടിയിട്ട വിയര്‍പ്പുതുണികളില്‍
വെറുപ്പ് മണക്കുന്നു

എഴുതേണ്ടതെന്തിനി
സംസ്കാരത്തിന്റെ മഹത്ത്വങ്ങളോ
ഗ്രാമങ്ങളുടെ തുടിപ്പുകളോ
പ്രണയത്തിന്റെ പ്രതീക്ഷയോ
അതോ പ്രകൃതിയുടെ സൌന്ദര്യമോ??

ആശയങ്ങള്‍ മരിച്ചിരിക്കുന്നു
വറ്റിവരണ്ട തൂലിക
കുത്തിയൊടിച്ചു
കടലിലെറിയാം
എഴുതിക്കൂട്ടിയതെല്ലാം
പിച്ചിക്കീറി കാറ്റില്‍ പറത്താം
അല്ലെങ്കില്‍
നഗരമധ്യത്തിലെ
മാലിന്യക്കൂപ്പയില്‍
നിക്ഷേപിച്ചു മടങ്ങാം..

നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍
അവസാനത്തേത്‌
ആര്‍ക്കും വേണ്ടാത്ത
അക്ഷരങ്ങളുടെ മരണമാവട്ടെ..

Dec 24, 2009

ചിതയെരിയുമ്പോള്‍

നഷ്ടങ്ങളൊക്കെയും എന്നിലേല്‍പ്പിച്ചു നീ
പൊയ്ക്കൊള്‍ക സന്ധ്യ രാവാകുന്നിതാ
തിരി താഴ്ത്തിവയ്ക്കുക എന്നില്‍ പടര്‍ത്തിയ
ചെമ്മണ്‍വിളക്കിന്‍ തെളിഞ്ഞ വെട്ടം

ചമയങ്ങളെല്ലാം അഴിഞ്ഞുവീഴട്ടെ നിന്‍
നിറമിഴിവെട്ടത്തിലിന്നുതന്നെ
ചായങ്ങള്‍ കൂട്ടി തുടുപ്പിച്ചതൊക്കെയും
ചാവട്ടെ അന്തരാത്മാവിനുള്ളില്‍
കത്തിപ്പടര്‍ന്നൊരു പ്രണയസങ്കീര്‍ത്തനം
താളം പിഴച്ചു നിലച്ചിടട്ടെ.
തുലയട്ടെ നേരിനാല്‍ ചേര്‍ത്തുപിടിച്ചൊരെന്‍
സ്വപ്നവും മോഹവും സങ്കല്‍പ്പവും

പകലുകള്‍ മായുന്നതും കാത്തു പണ്ടു നീ
പതിവായി പടി മേലെയേറി നില്‍ക്കെ
സായന്തനങ്ങളില്‍ പ്രണയതീര്‍ത്ഥത്തിന്റെ
സാന്ധ്യരാഗങ്ങളോ പൂത്തുനിന്നു
ചെമ്പകചില്ലയില്‍ ചേക്കേറുവാന്‍ വന്ന
മൈനകള്‍ ചുണ്ടോടുരുമ്മിടുമ്പോള്‍
പാളിനോക്കും കണ്മുനകളില്‍ നാണത്തിന്‍
നൈവേദ്യമെത്ര നിറഞ്ഞിരുന്നു.

നോക്കിക്കൊതിപ്പിച്ചിരുന്നു നീ ഓര്‍മ്മകള്‍
എത്തിനോക്കാത്ത മനസ്സു നീളെ
കാട്ടിക്കൊതിപ്പിച്ചു കവിതകള്‍ തിങ്ങിയ
ഹൃദയസ്വപ്നത്തിന്‍ ഇടനാഴികള്‍

നീണ്ട കൈവിരലുകള്‍ എത്രയോ വട്ടമെന്‍
നെറ്റിയില്‍ ചന്ദനം തൊട്ടു നിന്നു
ഇരുളു കാ൪ന്നില്ലാതെയായ വികാരങ്ങള്‍
ഇതളുകളായി പൊഴിച്ചുതന്നു
നെഞ്ചുമാത്മാവും തളിര്‍ക്കുന്ന സന്ധ്യയില്‍
നെഞ്ചോട്‌ ചേര്‍ന്ന് കിതച്ചിരുന്നു
ഉച്ചവെയില്‍ വന്നു താരാട്ടുപാടുമ്പോള്‍
കവിളത്തു നനവു ചാലിച്ചുതന്നു

എരിയുന്ന മൌനം വകഞ്ഞു മാറ്റി-എന്നി-
ലലിയുന്ന ചൈതന്യമായ് തെളിഞ്ഞു
മറയുന്ന യൌവനമോഹങ്ങളില്‍-എന്റെ
ആത്മാവു വായിച്ചു കൂട്ടിരുന്നു
ഓര്‍മ്മകളിരുളും കഴിഞ്ഞകാലത്തിന്റെ
ഓരോ മിടിപ്പും അറിഞ്ഞ നേരം
ഹൃദയാക്ഷരങ്ങളില്‍ എന്നെ ജ്വലിപ്പിച്ചു
നിന്‍ ചക്രവാളത്തിന്‍ സൂര്യനാക്കി

കനവിലെത്താറുണ്ട് നീയും നീ പ്രണയിച്ച
ഞാനും, നാമൊരുമിച്ച തീരങ്ങളും
നിനവിലോര്‍ക്കാറുണ്ട് പിഞ്ചു കാല്‍വയ്പ്പുകള്‍
കണ്മഷിക്കൂടുകള്‍, കൈവളപ്പൊട്ടുകള്‍
നാട്ടുമാന്തോപ്പുകള്‍, കാല്‍തെറ്റി വീണ
കല്‍പ്പടവും കുളങ്ങളും അരയാല്‍ത്തറയും
പിന്നെ നീ ഏറെയാശിച്ച ത്രിസ്സന്ധ്യയും
ഉടയാതെ സൂക്ഷിച്ച കുങ്കുമച്ചെപ്പും

ആത്മദുഃഖത്തിന്റെ കടലാസുതോണി....

ഒടുവിലീ സന്ധ്യയും യാത്ര പറയും-എന്നില്‍
ഒടുവിലത്തെ കവിതയും പൊലിയും
അന്നാളിലെന്‍ ഹൃദയതീരങ്ങളില്‍ സഖീ
നിന്‍ മന്ദഹാസമാണന്ത്യ സ്വപ്നം
കടവത്തു കളിവഞ്ചിയേറെയുണ്ടാ൦-എങ്കില്‍
അതിലൊന്ന് പോലും നമുക്ക് വേണ്ട
തുഴയാം ഓടുങ്ങാത്തൊരാത്മദുഖത്തിന്റെ
കടലാസുവഞ്ചികള്‍ കണ്ണുനീരാല്‍

ഒരു മാത്ര കൂടിയെന്‍ അരികത്തു നില്‍ക്ക നീ
ഒരു ജന്മമിനിയെനിക്കോര്‍മ്മിക്കുവാന്‍
ഒരു വട്ടമെങ്കിലും നിന്‍ വിരല്‍ത്തുമ്പിനാല്‍
ഒരു വരിയെനിക്കായ് കുറിച്ചുവെയ്ക്കൂ
കനവില്‍ വിളിച്ചെന്റെ കരളില്‍ തറപ്പിച്ച-
തെല്ലാമെനിക്കായ് പകര്‍ന്നു നല്‍ക
ഇനിയോരര്‍ദ്ധക്ഷണം പോലുമാവില്ലെന്റെ
മിഴികള്‍ക്കതിന്‍ നീര് താങ്ങി നിര്‍ത്താന്‍.

ഓര്‍മ്മയില്‍ നിന്നെ വരച്ചിട്ട നാള്‍ മുതല്‍
ആരെന്നുമെന്തെന്നുമോര്‍ത്തില്ല ഞാന്‍
ഇല്ലെനിക്കാഭിജാത്യത്തിന്‍ തലപ്പാവും
പറയാന്‍ പഴയ പ്രതാപങ്ങളും
ഇല്ലിട്ടുമൂടാന്‍ അറകള്‍ നിറയെ- എന്‍
മോഹങ്ങളല്ലാതെ വേറെയൊന്നും
നിന്നോടെനിക്കുള്ള പ്രണയമാനെന്നുമെന്‍
കുലവും മഹിമയും സമ്പാദ്യവും
നീയെന്നിലര്‍പ്പിച്ച വിശ്വാസമാണെന്റെ
സ്വപ്നകൊട്ടാരത്തിന്‍ അടിവേരുകള്‍
ആര് കേള്‍ക്കാന്‍? ഒക്കെ ഭ്രാന്തവിലാപങ്ങള്‍
മാത്രമായ്‌ ചുറ്റും മുഴങ്ങി നില്‍പ്പൂ

എന്തിനടര്‍ത്തിമാറ്റി എന്നെ നിന്നില്‍ നി-
ന്നെന്നെക്കുമായീ കപടലോകം
കള്ളസദാചാര നാട്യങ്ങളല്ലാതെ
എന്തവര്‍ നേടിയെന്‍ ചുടുചോരയാല്‍ ??

ജീവന്റെ ജീവനം നിന്നെയല്ലാതിന്നു
വേറൊന്നുമാഗ്രഹിച്ചിട്ടില്ല ഞാന്‍
പുതിയ രൂപങ്ങളില്‍ നമ്മള്‍ക്കിടയിലായ്
ഉയരുന്ന മതിലുകള്‍ എത്രയെണ്ണം
പ്രണയിച്ചു ചേരാന്‍ കൊതിക്കുന്നവര്‍ക്കായി
പ്രളയങ്ങള്‍ മാത്രമാണെന്നുമെന്നും
എന്റെയാത്മാവിന്റെ നഷ്ടം-അതെന്നേക്കും
എന്റേത് മാത്രമായ്‌ തീര്‍ന്നിടട്ടെ

തിറയാട്ടങ്ങള്‍

നിഴലുകള്‍ നീളുന്ന കളിയരങ്ങത്തൊരു
വേതാളവേഷമാകുന്നു ഞാന്‍
നാട്യങ്ങള്‍ സത്യത്തെ വെല്ലുന്ന നാടിന്റെ
നാവില്‍ പുരളുന്നു പ്രളയച്ചവ൪‍പ്പുകള്‍
വിണ്ടു പൊട്ടി ചോര ചോരുന്ന നാടിന്റെ
വിങ്ങലില്‍ നീറു൦ മനസ്സില്‍
ദുഃഖങ്ങള്‍ വരികളായ് മൌനം മുറിക്കുമ്പോള്‍
ഒരു തൂലികതുമ്പിതെവിടെ?
തീണ്ടിക്കഴിഞ്ഞ കൊടുംവിഷത്തില്‍-അന്ത്യ
യാത്രയ്ക്കൊരുങ്ങും ഗൃഹാതുരചിന്തകള്‍

മഞ്ചാടിമലകളില്‍ കൈ കോര്‍ത്ത നാളുകള്‍
ഏറെ പിറകിലല്ലാതിരുന്നിട്ടും
ഇന്നലെ വൈകീട്ട് ചെന്നൊന്നു നോക്കവേ
കുന്നില്ല , കുളമില്ല , കുളി൪കാറ്റുമില്ല
ഇല്ല തുരുത്തുകള്‍ , ഇല്ല താഴ്വാരങ്ങള്‍
ഇല്ല നീലാംബരപ്പൂവിന്‍ കിണുക്കം
ഗന്ധരാജന്‍ പീലി നീര്‍ത്തി നിന്നാടിയ
നവ്യസുഗന്ധങ്ങള്‍ യാത്ര പറഞ്ഞുപോയ്
പാടങ്ങളില്ല , പ്രണയസ്വപ്നങ്ങള്‍ക്ക്
പാഠങ്ങളേകിയ കൈത്തോടുമില്ല
അവളെ വ൪ണിച്ചൊരു പാട്ടൊന്നു പാടുവാന്‍
ആല്‍ത്തറ പോലുമില്ലമ്പലക്കോണതില്‍
ശലഭങ്ങള്‍ ശരറാന്തല്‍ സന്ധ്യയില്‍ തുന്നിയ
ആദ്യപരാഗണസ്വപ്നം പൊലിഞ്ഞു
പുഴയിലോളങ്ങള്‍ നിലച്ചുപോയ്‌-തോരാത്ത
മഴയും നിലാവും മറന്നുപോയ്‌ പെയ്യുവാന്‍

വസന്തങ്ങള്‍ ഇനിയെന്ത് ചെയ്യും?
ഇനിയേതു പൂവിനെ കണ്ണെറിഞ്ഞൊന്നു പ്രേമിക്കും
ഇനിയേതു തളിരുകളില്‍ ‍ഋതുഭേദമുണരു൦
ഇനിയേതു ബോധിവൃക്ഷം സത്യമരുളും
ഒക്കെ കവര്‍ന്നെടുത്തു നിങ്ങള്‍ പ്രകൃതി തന്‍
നന്മയും ലജ്ജയും തുടിയും തുടിപ്പും
നഖമാഴ്ത്തി നെഞ്ചില്‍ വരയ്ക്കുന്നു കോട്ടകള്‍
മജ്ജയും മാംസവും നോവും വരെ

ഇതുപോലിതെത്രനാല്‍ ഇരുളില്‍ കുരുങ്ങണം
രാവിന്റെ തീച്ചൂടിലുറങ്ങാതിരിക്കണം
ഉള്ളു വിറങ്ങലിക്കും പുറക്കാഴ്ചയില്‍
സ്വന്തം മനസിനെ കല്ലാക്കി മാറ്റണം
ചോര ചീന്തും നാട്ടുവഴികളില്‍ കൂടിയെന്‍
ആത്മദുഃഖത്തിന്റെ തേരു പായിക്കണം
ശബളസങ്കല്‍പ്പങ്ങലെല്ലാം തക൪ത്തത്തില്‍
നഗരപ്പിശാചിനെ കുടിവച്ചു വാഴ്ത്തണം?