Feb 27, 2010

ഇടവഴിയിലൂടെ..

ജന്മാന്തരങ്ങള്‍ക്കു മുന്‍പേയിവിടെയെന്‍
ആത്മാവലഞ്ഞിരുന്നു
ഉയിരിന്റെ ചീളുകള്‍ ചിതറിത്തെറിച്ചതില്‍
രക്തം പുരണ്ടിരുന്നു
ഹൃദയങ്ങളോര്‍മ്മ തന്നുദയം തുടുപ്പിച്ച-
തിവിടെ നിന്നായിരുന്നു
ഈ വഴിത്താരയെന്‍ ജന്മസത്യത്തിന്റെ-
യടയാളമായിരുന്നു..

നിഴലും നിലാവും നിദാന്തമോഹത്തിന്റെ
നിനവില്‍ നിറഞ്ഞ രാവില്‍
നോവിന്നിരുള്‍ കീറി നിന്‍ മണല്‍മാറിലെന്‍
ജനി വീണ്ടുമെഴുതുന്നിതാ
പിച്ചവച്ചാദ്യമായ് നിന്നില്‍ പതിഞ്ഞൊരെന്‍
പിഞ്ചുകാല്‍ച്ചിത്രങ്ങളില്‍
തട്ടിത്തടഞ്ഞുവീണെപ്പഴോ നോവിന്റെ-
കണ്ണീര്‍ പടര്‍ന്നിരുന്നു..

ബാല്യം കഴിഞ്ഞു തീചീറ്റുന്ന കൌമാര-
കാല്‍വെയ്പ്പതേറ്റന്നു നീ
ഒട്ടൊന്നു നൊന്തുവോ നീറ്റല്‍ മറച്ചെന്റെ
വഴി വെട്ടി വീണ്ടുമെന്നോ
വെയിലത്ത് വാടിത്തളര്‍ന്നൊന്നിരുന്നതും
മരവിച്ചു മഞ്ഞേറ്റതും
ഒരു കീറു കാര്‍മേഘമൊരുനോക്കിലലിയിച്ചു
മഴയില്‍ നനഞ്ഞാര്‍ത്തതും
കാണാതൊളിപ്പിച്ച നോട്ടങ്ങളൊക്കെയും
കവിതയായ് പൂവിട്ടതും
കളിവീട് തീര്‍ത്തതും ചെമ്പനീര്‍മാലയി-
ട്ടവളെ വരിഞ്ഞിട്ടതും
ഒടുവില്‍ പടംപൊഴിച്ചേകാകിയായ് തീര്‍ത്ഥ-
യാത്രയ്ക്കൊരുങ്ങുമ്പോഴും
എന്റെ ജന്മത്തിന്റെ ചലനങ്ങളേറ്റെടു-
ത്തന്നും നിശബ്ദമായ് നീ..

ഒരു പൊടിക്കാറ്റാലടക്കിപ്പിടിച്ചു നീ
അണ പൊട്ടുമാത്മഭാവം
അതുവീണു ഞെരടിച്ചുവന്ന കണ്ണില്‍നിന്നു-
മൊരു പീലിയറ്റുവീണു

പഴകിപ്പതിഞ്ഞ കാല്‍പ്പാടിന്നു മേലെയി-
ന്നിലകള്‍ കൊഴിഞ്ഞിരിക്കാം
നിഴലും നിലാവും വിരല്‍കോര്‍ത്തു പിന്നെയും
പ്രണയിച്ചു ചേര്‍ന്നിരിക്കാം
വഴി തെറ്റിയിന്നുവന്നിരുളിലൊരു മിന്നലെന്‍
ഹൃദയം കവര്‍ന്നെടുക്കേ
ഒരു പാഴ്ക്കിനാവുപോല്‍ ഇടറുമിടവഴിയിതില്‍
പൊലിയട്ടെയെന്റെ ജന്മം...

Feb 25, 2010

ചിലര്‍ ഇങ്ങനെയാണ്...

ചിലര്‍ ഇങ്ങനെയാണ്
നിഴല്‍
രൂപപ്പെട്ടുകഴിയുമ്പോള്‍
ഇനി
വെളിച്ചം വേണ്ടെന്നു പറയും...

ആത്മാവിന്റെ
ശബ്ദം കേള്‍ക്കാതെ
അതിന്റെ
പ്രതിധ്വനി തേടിയലയും

ദുഖത്തിനും മരണത്തിനും
കറുപ്പുനിറമെന്നു
വിളിച്ചുകൂവും
ഇതിനിടയിലുള്ള
ഏതോ നൂലില്‍
പ്രണയത്തെ
കോര്‍ത്തുപിടിക്കും..

തണുത്തുറഞ്ഞ ഹൃദയവുമായ്‌
വികാരങ്ങളുടെ
തടവില്‍ക്കിടന്നു
തന്റെ
അക്ഷരസത്യത്തിനായി
വാദിച്ചു മരിക്കും..

അതെ...
ചിലര്‍ ഇങ്ങനെയാണ്...

വ്യര്‍ത്ഥം...!

ചതുരംഗപ്പലകയുടെ
കള്ളികളെല്ലാം
ഒഴിഞ്ഞിരിക്കുന്നു
സങ്കല്‍പ്പങ്ങളുടെ
ചുവരുകള്‍ കടന്ന്
മുന്നേറ്റത്തിന്റെ
ഒടുവിലത്തെ കാലാളും
പൊരുതി വീണു
നഷ്ടങ്ങളാലൊരു ജന്മം
നഷ്ടപ്പെടാനായൊരു ജീവിതം

പുനര്‍ജ്ജനിയുടെ
ചരടുകള്‍
എന്നില്‍ നിന്നും
മുറിച്ചു മാറ്റുക
ഇനിയുമൊരു ജന്മത്തിന്റെ
നോവുകളേല്‍പ്പിക്കാതെ
ഈ ആത്മാവെടുത്തുകൊള്ളൂക..

Feb 24, 2010

.. തീനാമ്പുകള്‍ ..

മഹാനാശത്തിന്റെ
അസുരവിത്തുകള്‍ക്ക്
തടമൊരുങ്ങി
കാക്കിയിലും കറുപ്പിലും
തൊഴിലാളികള്‍
ഉഴുതുമറിച്ചു കഴിഞ്ഞു

വിതയെളുപ്പം..
ഇടയിലിടിമുഴക്കത്തോടെ
'വര്‍ണ'മഴകള്‍ പെയ്തു
ഇടവേളകളില്‍
അരമനകളിലെ
അന്വേഷണങ്ങള്‍
കൃഷി ത്രസിപ്പിച്ചു

കണ്ണീരൂറ്റിയുള്ള
വെള്ളംതേവലിനൊടുവില്‍
വരണ്ട കണ്ണുകളില്‍
മണ്ണെറിഞ്ഞു
വിളവെടുപ്പും നടന്നു

Feb 23, 2010

മടക്കയാത്ര..

വഴിവിളക്കുകളെ,
ഈ രാവിന്റെ
ഇരുട്ട് വകഞ്ഞുമാറ്റരുത്
ഗസല്‍ ശീലുകളെ,
ഈ മൌനത്തിന്റെ
അടരിന്‍മേല്‍
പെയ്യരുത്

ചടുലതാളങ്ങളൊടുങ്ങുന്നു
ഇരുള് പുണരുന്ന
മൌനത്തില്‍
ഇവിടെയൊരു ഹൃദയം
നിശ്ചലമാകുന്നു

നോവിന്റെ ലഹരിയില്‍
അനന്തമായ
ആത്മനിര്‍വൃതി
നിശ്ചലതയില്‍ നിന്ന്
വീണ്ടും
ജനിയിലേക്ക് വിളിക്കുന്നു

ഇനിയൊരൊളിച്ചോട്ടമില്ല
മരണക്കുറിപ്പ്
വലിച്ചുകീറി
ജീവന്റെ മിന്നലാട്ടങ്ങളിലേക്ക്
വീണ്ടുമൊരാത്മായനം..

Feb 21, 2010

പൊലിഞ്ഞുപോവുന്നത് ..

നിലാവിന്റെ
ഒടുവിലത്തെ ചീളും
നിനക്ക് നല്‍കാം
ഒരു പുരുഷായുസ്സിന്റെ
അമാവാസികള്‍
ആവാഹിച്ചുകൊണ്ട് ..

തീക്കാറ്റ് പടരുന്നു..
ഹൃദയത്തിന്റെ
പിളര്‍പ്പുകളില്‍ നിന്ന്
നീ,
കറുത്ത രക്തമായ്
തിളച്ചൊലിക്കുന്നു

നമുക്കിടയില്‍
ഒരു കടലിരമ്പുന്നു
മുങ്ങിനിവരാനാവാതെ
അതിന്റെ ലവണങ്ങളില്‍
ഒരു ജന്മമുടയുന്നു..

നാളെയൊരു നക്ഷത്രം
വിണ്ടുകീറും
സംവത്സരങ്ങളുടെ
പ്രകാശവീചികള്‍
നിന്റെ ആത്മാവു തുളയ്ക്കും
അത് ഞാനാണ്..
ഞാന്‍ മാത്രം..

Feb 17, 2010

വിസ്താരങ്ങള്‍ ..

വിവാദങ്ങളുടെ
തീച്ചൂളയില്‍ നിന്ന്
പകുതിവെന്ത
അക്ഷരങ്ങള്‍
ഇറങ്ങിയോടി

പോയ വസന്തങ്ങളുടെ
തളിരുകള്‍ ബാക്കി..

സാഹിത്യ-
സംവാദങ്ങളില്
‍ തടവിലാക്കപ്പെട്ട
ആശയങ്ങള്
‍ തുടരെ
മര്‍ദ്ദിക്കപ്പെട്ടു

വിസ്താരങ്ങളുടെ
കൂട്ടിലെ നീണ്ട-
നില്‍പ്പിനൊടുവില്‍
തീണ്ടപ്പെട്ട
എഴുത്തെന്നു വിധി...

ഉദ്ധരിച്ചനാവുകള്‍
പറിച്ചെടുത്ത്
വിധിയുടെ
പൂര്‍ത്തീകരണവും...

Feb 15, 2010

അന്യന്‍ ..

ഇന്നലെകളുടെ
ഭിത്തികള്‍
തുരന്നുചെല്ലുമ്പോള്‍
നടുക്കമാണ്

ആണ്ടുപോയ
ചെളിക്കുണ്ടില്‍ നിന്ന്
കാല്‍ വലിച്ചെടുത്തത്
ഞാന്‍ തന്നെയോ??

കെട്ടുപിണഞ്ഞ
യാതാര്‍ത്യങ്ങള്‍ക്ക് മുന്നില്‍
ബോധമില്ലാതെ
ഉറ്റുനോക്കിയത്,
നാണയക്കുടുക്കയിലെ തുട്ടുകള്‍
ഒന്നിനും
തികയില്ലെന്നറിഞ്ഞപ്പോള്‍
അലറിക്കരഞ്ഞത്,
വക്കുടഞ്ഞ പാത്രത്തില്‍
പ്രണയത്തിന്റെ വറ്റു്
അവളോട്‌ യാചിച്ചത്,
അതിന്റെ മാസ്മരികതയില്‍
തളയ്ക്കപ്പെട്ടത്,

ജന്മസത്യങ്ങള്‍
ചോദ്യം ചെയ്യപ്പെട്ടപ്പോള്‍
നിസ്സഹായതയോടെ
അമ്മയെ നോക്കിയത്,
പെങ്ങളുടെ നെറ്റിയിലെ
ചുവപ്പ് മാഞ്ഞപ്പോള്‍
കൊലപാതകിയായത് ...

നാളെ ,
ജയില്‍ക്കമ്പികള്‍ക്കപ്പുറം
മരണം
എനിക്ക് കുരുക്കിടും
ഇന്നെല്ലാം
ഓര്‍മ്മിച്ചെടുക്കണം
.. ഇനി സമയമില്ല...

Feb 11, 2010

എന്റെ ചരിത്രത്തിലേക്ക്..

സൂക്ഷിച്ചുനോക്കൂ
എന്റെ
പൊട്ടിച്ചിരിക്ക് പിന്നില്‍
‍സഹസ്രാബ്ദങ്ങളുടെ
കണ്ണുനീരുണ്ട്
അതിലും പഴകിയ
നിശ്ചലതയുണ്ട്

ഉൽക്കണ്ഠമായ
ആത്മാവിനെ
പൊതിഞ്ഞുപിടിക്കാനുള്ള
വര്‍ണ്ണക്കടലാസും
തേടിയുള്ള യാത്ര
അന്നൊരു
മലഞ്ചെരുവില്‍
അവസാനിച്ചു..

അവിടെയൊരാള്‍
‍ ഉരുട്ടിക്കയറ്റിയ കല്ല്
തള്ളിയിടാനുള്ള
തിരക്കിലായിരുന്നു
പിന്തുടര്‍ച്ചക്കാരില്‍
ഒരാളായി
അന്നുമുതല്‍ ഞാനും...

Feb 9, 2010

കഴിയുമെങ്കില്‍ ..

പരാജയങ്ങളുടെ
തീക്കൊള്ളികള്‍-
തീര്‍ത്ത വടുക്കള്‍
കരിവായിട്ടില്ല

എത്തിപ്പിടിക്കാനാവാത്ത
ഉയരത്തില്‍
അന്യമാകുന്ന
മനസാക്ഷിക്കുമുന്നില്‍
തെറ്റിയ സങ്കലനങ്ങളുടെ
താളുകളും കൊണ്ട്
നിത്യപ്രയാണം

പിഴവിന്റെ
ആദ്യപടിയില്‍
ചവിട്ടിനിന്ന്
അടുത്തതിലേക്കു
എത്തിനോക്കുന്ന എന്നെ
ഉടഞ്ഞ ചീളുകളില്‍
ഞാന്‍ കാണുന്നുണ്ട്

നാളെയൊരു
ചരിത്രത്താളില്‍
ഞാനും
ആലേഖനം ചെയ്യപ്പെടും
അന്നെന്റെ
ശരി തേടിവരരുത്
അറ്റജീവന് മാലയിടുന്ന
വിഡ്ഢിത്തരം
നിങ്ങളെങ്കിലും
ഒഴിവാക്കൂ

കഴിയുമെങ്കില്‍
ഇന്നല്‍പ്പം
ചാഞ്ഞുനില്‍ക്കൂ
എനിക്കൊന്നു
മുഖംചേര്‍ക്കാന്‍

ഭ്രാന്തുകള്‍ ..

അറ്റുപോയ
ബന്ധങ്ങള്‍ക്ക്
ശ്രാദ്ധമൂട്ടി
തിരിഞ്ഞുനടക്കുമ്പോള്‍
നിശ്വാസങ്ങളും
നിലതെറ്റിയിരുന്നു

ഗതി മുറിഞ്ഞ
ഹൃദയാക്ഷരങ്ങള്‍
അര്‍ദ്ധവിരാമങ്ങളില്‍
ശങ്കിച്ചുനില്‍ക്കുമ്പോള്‍
കാലസര്‍പ്പം
ആഞ്ഞുചീറ്റുന്നുണ്ടായിരുന്നു

പൊറ്റപിടിച്ച
ഓര്‍മ്മകള്‍
കിള്ളിപ്പറിക്കാന്‍
വല്ലാത്തസുഖമാണ്-
കറുത്തപാടുകള്‍
അവശേഷിപ്പിക്കുമെങ്കിലും..
..
വിഹ്വലതയുടെ
കയങ്ങളില്‍
ഒരു പിടിവള്ളിയെങ്കിലും
എന്നെയും പ്രതീക്ഷിച്ചു
ഞാന്നുകിടന്നെങ്കില്‍ ..

Feb 8, 2010

ഇനിയും വിദൂരം...!

എന്റെ കയ്യില്‍
മാറ്റത്തിന്റെ താക്കോലുണ്ട്
അടയ്ക്കപ്പെട്ട പാളികള്‍
ഉടന്‍ തുറക്കപ്പെടും
ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ
പടിക്കെട്ടുകളില്‍
കാല്‍പ്പാടുകള്‍
പതിഞ്ഞു തുടങ്ങും
വെളിപാടുകള്‍ -
ഹൃദയങ്ങളില്‍
മാറ്റൊലിക്കൊള്ളും.

കവിവാക്യം
സത്യമായിരുന്നു..!
നാളുകള്‍ക്കിപ്പുറം
ചില ശാഖകളെങ്കിലും
പൂത്തുലഞ്ഞു..
പാട മൂടിയ കണ്ണുകള്‍
സ്വാതന്ത്ര്യത്തിന്റെ
തീപ്പൊരി കണ്ടു..

അപ്പോഴേക്കും
കവിയുടെ വിരലുകള്‍
അറുത്തുമാറ്റപ്പെട്ടു..
കഷ്ടം..
നിറവസന്തം
ഇനിയും വിദൂരം.. .

Feb 5, 2010

പ്രണയം@മൊബൈല്‍ .കോം

വഴിതെറ്റി വന്ന
മിസ്ഡ്കാളില്‍
സംശയത്തിന്റെ
ആദ്യ മണി..
ക്ഷമ പറയാനുള്ള
രണ്ടാമത്തെ വിളിയില്‍
പ്രണയം മൊട്ടിട്ടിരുന്നു
ഉറക്കമൊഴിഞ്ഞ
രാത്രികളിലെ
നീണ്ട കാള്‍ലോഗുകളില്‍
പങ്കുവെയ്ക്കലിന്റെ ചിത്രം
വ്യക്തമായി
വരച്ചിട്ടിരുന്നു..
തുടരെയുള്ള മെസേജുകള്‍
വികാരത്തിന്റെ
ശ്രിംഖങ്ങള്‍
കീഴടക്കുമ്പോള്‍
തലയിണകള്‍ പോലും
ലജ്ജിച്ചുകിടന്നു..

ഒരു നാള്‍ ,
പ്രണയ പാരവശ്യത്തില്‍
പതിവുനേരം തെറ്റിച്ചൊരു വിളിയില്‍ ,
മണിക്കൂറുകള്‍ നീണ്ട
കാള്‍വൈറ്റിങ്ങില്‍
ആ പ്രണയവും
ദഹിപ്പിക്കപ്പെട്ടു.
ഇനി വീണ്ടും കാത്തിരിപ്പ്-അടുത്ത മിസ്ഡ്കാളിനു്