May 4, 2010

നിന്നിലവസാനിക്കുന്നത്...


ഈ ജനലഴിയില്‍
‍മുഖം ചേര്‍ത്താണ്
നിലാവു പൊഴിച്ചിട്ട
മണൽച്ചിത്രങ്ങളില്‍
നീ തെളിയുന്നതുംനോക്കി
ഇരുളിനൊപ്പംനിന്നത്

ആകാശത്തിലേക്ക്
പടര്‍ന്നുകയറിയ
മുല്ലവള്ളിയിലാണ്
നിനവുകളുടെ കരിമൊട്ടുകള്‍
വിടരാന്‍ വെച്ചത്


മേൽക്കൂരയിലേക്ക്
ചാഞ്ഞുകിടന്ന
കിളിമരച്ചില്ലയില്‍
നീലവരകള്‍ കൊണ്ടൊരു
കൂടൊരുക്കിയിരുന്നു
നീയുണര്‍ത്തിയ
നെടുവീർപ്പുകള്‍ക്കും
നിശ്വാസങ്ങള്‍ക്കും
പുണര്‍ന്നുറങ്ങാന്‍..


മച്ചിലെ ചിലന്തിവലയില്‍
കുരുങ്ങിക്കിടപ്പുണ്ട്
നിന്നോടു പറയാതെ
ഇന്നോളമൊതുക്കിയ
വാക്കുകളത്രയും..


ചുവരിലെ പഴയ ക്ലോക്ക്
ഒടുവിൽ ചിലച്ചത്
നീയലറിക്കരഞ്ഞ
രാത്രിയിലായിരുന്നു..
അതിന്റെ നിലച്ച
സമയസൂചിയിലുണ്ട്
നിന്റെ മൌനം വരച്ചിട്ട
മഹാകാവ്യങ്ങള്‍


ഒന്നോര്‍ത്തുനോക്കിയാല്‍
നിനക്ക് മനസിലാവും
നിന്നില്‍ തുടങ്ങി
നിന്നിലവസാനിച്ചത്
ഞാന്‍ മാത്രമായിരുന്നെന്ന്..

11 comments:

Satheesh Sahadevan said...

superb......nalla prayogangal...nalla jevanulla kavitha.....really fabulous....keep writing...

Rejeesh Sanathanan said...

“ഒന്നോര്‍ത്തുനോക്കിയാല്‍ നിനക്ക് മനസിലാവും “

എനിക്കൊന്നും മനസ്സിലായില്ല:)

K G Suraj said...

"ഒന്നോര്‍ത്തുനോക്കിയാല്‍
നിനക്ക് മനസിലാവും
നിന്നില്‍ തുടങ്ങി
നിന്നിലവസാനിച്ചത്
ഞാന്‍ മാത്രമായിരുന്നെന്ന്.. "


Outstanding...
Keep on writing..

.. said...

നന്നായിരിക്കുന്നു.. :)

എന്തിനാണ് ചിത്രത്തിന്റെ സഹായം?
എന്തായാലും അത് എഴുതുന്ന ആളിന്റെ സ്വാതന്ത്ര്യം.

Manu Nellaya / മനു നെല്ലായ. said...

മച്ചിലെ ചിലന്തിവലയില്‍
കുരുങ്ങിക്കിടപ്പുണ്ട്
നിന്നോടു പറയാതെ
ഇന്നോളമൊതുക്കിയ
വാക്കുകളത്രയും..

Nidhin Jose said...

എവിടെയൊക്കയോ അവ്യക്തമായ ശോകം തളംകെട്ടി കിടക്കുന്നു. അവ്യക്തമായി എന്തോ പറയാന്‍ തുടങ്ങിയത് പറയാതെ പിന്‍തിരിഞ്ഞ പോലെ.....

എഴുത്ത് തുടരുക...
എല്ലാ ഭാവുകങ്ങളും....

പ്രവാസം..ഷാജി രഘുവരന്‍ said...

ആകാശത്തിലേക്ക്
പടര്‍ന്നുകയറിയ
മുല്ലവള്ളിയിലാണ്
നിനവുകളുടെ കരിമൊട്ടുകള്‍
വിടരാന്‍ വെച്ചത്,,,
വാവേ ....
ആശംസകള്‍

ഉപാസന || Upasana said...

Nice
:-)

രാജേഷ്‌ ചിത്തിര said...

അവസാനത്തെ അഞ്ചു വരി മേലെയുള്ള വരികളിലെ
ചില്ലറ ബാലാരിഷ്ടത്കള്‍ തോന്നിപ്പിച്ചതിനെ
മറികടന്നു.

ഇനിയും എഴുതൂ..എഴുതി കൊണ്ടേയിരിക്കൂ..

ജസ്റ്റിന്‍ said...

ഒന്നോര്‍ത്തുനോക്കിയാല്‍
നിനക്ക് മനസിലാവും

ഇന്ന് കാലത്ത് ഓര്‍ക്കാനൊക്കെ ആര്‍ക്ക് സമയം. ഒരു തരത്തില്‍ അത് ഒരു ശാപമാണ് താനും.

ധന്യാദാസ്. said...

സ്നേഹത്തോടെ നന്ദി എന്റെ വരികളോടൊത്തു നിന്നതിന്.. എല്ലാ പ്രിയപ്പെട്ടവര്‍ക്കും..