Dec 21, 2010

ഒരു വൈകുന്നേരത്ത്


















ഇന്നലെ വരെ അവന്‍ ജീവിച്ചിരുന്നത് 
ഞാനറിഞ്ഞിട്ടേയില്ല.
പരിചയമുള്ളവരാരും 
അവനിലേക്ക് കയ്യെത്തിച്ചതുമില്ല.
എന്നിട്ടും
ആംബുലന്‍സിന്‍റെ ഒച്ച 
അടുത്തുവരാനനുവദിക്കാതെ
അകത്തെ മുറിയിലേക്ക് ഓടിക്കയറിയതെന്തിന്?

ഇതുപോലെയൊരു മുറി അവന്‍റെ വീട്ടിലുമുണ്ടാവില്ലേ.
അവിടെ നിന്ന്
ഇന്നൊരു കടല്‍ പിറവിയെടുത്തിട്ടുണ്ടാവും.
വലിയ ഗേറ്റ് തുറന്ന്
വളവുകളുള്ള റോഡ്‌ കടന്ന്
അവന്റെ കൂട്ടുകാരെയും അപരിചിതരേയും കടന്ന്
പള്ളിയോടു ചേര്‍ന്ന് 
അവനോളം
അതൊഴുകി നിറയുമിനി.

ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക.
കൂട്ടുകാര്‍ ഉറക്കെ വിളിക്കുക.
അങ്ങേക്കരയില്‍ രണ്ടു കൈകള്‍
എപ്പോഴുമവനുനേരെ നീട്ടിനില്‍പ്പുണ്ടാവും.

ദ്രവിച്ച വാതില്‍ കടന്ന്,
വളവുകളുള്ള റോഡിലൂടെ തിരിച്ചുനടന്ന്,
വലിയ ഗേറ്റ് തുറന്ന് 
അവനാക്കൈകള്‍ കൂട്ടിപ്പിടിക്കുമോ?

ഡയറികളിലൊരിടത്തും 
ഞാനവനെ അടയാളപ്പെടുത്തിയിട്ടില്ല. 
ചിലപ്പോള്‍
ഏതെങ്കിലും നട്ടുച്ചയ്ക്ക്
ഞങ്ങള്‍ അഭിമുഖം നടന്നടുത്തിരിക്കും.
വെയില് നനഞ്ഞ് പോവുന്നതിനിടയില്‍ 
ബൈക്കിലോ കാറിലോ 
എനിക്ക് മുന്നേ അവനോടിപ്പോയിട്ടുണ്ടാവും. 

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍ 
എനിക്ക് മുറിവേറ്റിരിക്കുന്നു. 
ഇപ്പോള്‍ മാത്രം 
ഞങ്ങള്‍ പരിചയക്കാരാവുന്നു.