Aug 20, 2010

സമാന്തരങ്ങളില്‍

















കവിത കാടുപിടിച്ച
രാത്രികളിലൊന്നില്‍
വരച്ചിട്ടതോര്‍ക്കുന്നു.

ഉടുപ്പാകെക്കീറി
മുടിയൊക്കെ പശപിടിപ്പിച്ച്
പലയിടങ്ങളില്‍
മാറ്റിമാറ്റിയങ്ങനെ.

വലിച്ചടച്ച 
വാതിലിനിപ്പുറം
പിന്നെയെത്ര 
നെല്ലിക്കത്തോടുകള്‍ 
ചവച്ചുചവച്ച്
മധുരിപ്പിച്ചിട്ടുണ്ട്.

ഇടതുകൈത്തണ്ടയിലെ
നഖപ്പാടുകളാണ്
വീണ്ടുമവളിലേക്ക്
വഴിവെട്ടിയത്.

മറിച്ചുനോക്കിയപ്പോഴൊക്കെ
കണ്ടിരുന്നു
പഴയ പരിചയത്തിന്റെ
തടിപ്പാലങ്ങളില്‍ വെച്ച്.

കനംവെച്ച
ദിവസങ്ങളില്‍ക്കുരുങ്ങി
ശ്വാസംമുട്ടിയാവണം
വരകളില്‍ നിന്നൂര്‍ന്നിറങ്ങി
കിലോമീറ്ററുകള്‍ക്കപ്പുറമൊരു
റെയില്‍പ്പാളത്തിലേക്ക്
ഇന്നലെയവള്‍
ഇറങ്ങിക്കിടന്നത് . 

Aug 10, 2010

ഒടുവില്‍ ബാക്കിയാവുന്നത്














വീണ്ടും നീ വന്നത്
തീരത്തടിഞ്ഞ 
റബ്ബര്‍ചെരുപ്പിനു 
പിന്നിലെ
കവിത തേടിത്തന്നെയാണ്.

വീണുപോയതാവാം 
പ്രണയത്തിന്റെ
പടിക്കെട്ടുകള്‍
ചവുട്ടിക്കയറിയപ്പോള്‍ .

അല്ലെങ്കില്‍
ശരണാലയത്തിലേക്കുള്ള
വഴിയില്‍
അവസാനമായി
തിരകളെണ്ണാന്‍ കൊതിച്ച്
നടന്നടുത്തതാവാം.

ഇറങ്ങിയോടിയിട്ടുണ്ടാവാം 
പ്രായമായ 
മകളെച്ചൂണ്ടി
പലിശക്കാരന്‍
കണക്കുപറഞ്ഞപ്പോള്‍ .

ലക്ഷണമുണ്ട് 
ഭാഗം കിട്ടിയ
അഞ്ചുസെന്റിന്റെ
ജപ്തി ഭയന്ന്
എടുത്തുചാടിയതിന്റെയും. 

മനസ്സു കടന്ന്
ശരീരത്തിലേക്കൊലിച്ച
ചേറുമഴുക്കും
കഴുകിക്കളയാന്‍
ധൃതിയിലെത്തിപ്പെട്ടിട്ടുണ്ടാവാം.

സംശയത്തിന്റെയും
സങ്കല്പ്പങ്ങളുടെയും
അക്ഷരങ്ങളില്‍
മുങ്ങാംകുഴിയിടുമ്പോള്‍
നിനക്കറിയുമായിരുന്നോ 

കടല്‍ നിയമത്തില്‍
മൂന്നാംപക്കം
തീരമടുപ്പിക്കുന്നത്
കവിത വറ്റിപ്പോയ
എന്നെയാവുമെന്ന്..?

Aug 6, 2010

പറന്നുപോയ എന്റെ ശലഭം..

കണ്ടിട്ടില്ല... സംസാരിച്ചിട്ടില്ല...  എങ്കിലും അവള്‍ അവശേഷിപ്പിച്ചിരുന്നു എന്നെങ്കിലും കാണാമെന്നൊരു  പ്രതീക്ഷ.. അര്‍ബുദക്കിടക്കിയില്‍ കവിതകളെ പുണര്‍ന്നുകിടന്നവള്‍ ..
എത്ര ദിവസമായി അവളുടെ ഓരോ വിശേഷങ്ങളും അറിയുന്നു അപ്പപ്പോള്‍ തന്നെ.. പക്ഷെ ഇത്ര പെട്ടെന്ന്..

രമ്യ.. പലതും തളര്‍ത്തിയിട്ടും പിന്നെയും പറന്നുനടന്നവള്‍ .കവിതകളിലൂടെ ആയിരങ്ങളുടെ മനസ്സിലേക്ക് പറന്നു വന്നവള്‍ . കൈത്താങ്ങുകളില്‍ കൂടുതല്‍ ശക്തിയോടെ അവള്‍ തിരിച്ചുവന്നു.. എത്ര ഉയരത്തിലെക്കാണ്  അവളുടെ ധൈര്യവും കവിതകളും  എന്നെ കൂട്ടിക്കൊണ്ടുപോയത്. അനുകൂലമായതിനു കീഴടങ്ങേണ്ടി വന്ന എന്റെ ശലഭത്തിന് നല്‍കാന്‍ വാക്കുകളില്ല. അവള്‍ പറന്നുയരുക തന്നെ ചെയ്യും. കവിതകളുടെ ഓര്‍മ്മകളുമായി...


രമ്യ ആന്റണി .. കവിതകളിലൂടെ നമുക്ക് സുപരിചിതയായവള്‍ . അറിയാത്തവര്‍ക്ക് വേണ്ടി രമ്യയെ ക്കുറിച്ച് രണ്ടു വാക്ക്..

രമ്യയ്ക്ക് അക്ഷരങ്ങള്‍ കൂട്ടായത് ബാല്യത്തിലാണ്. അഞ്ചരമാസം പ്രായമുള്ളപ്പോള്‍ പോളിയോ കാലുകള്‍ തളര്‍ത്തിക്കളഞ്ഞു. തുടര്‍ന്ന് അപ്പന്റിസൈറ്റിസ്.. ഒടുവില്‍ അര്‍ബുദത്തിന്റെ രൂപത്തില്‍ .
ഓര്‍ക്കുട്ട്, കൂട്ടം, ഫേസ് ബുക്ക്‌, അങ്ങനെ ഒന്ലൈന്‍ മാധ്യമങ്ങളിലും സജീവമായിരുന്നു രമ്യ. അങ്ങനെ രമ്യയുടെ കവിതകളെ തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ തന്നെയാണ് അവള്‍ക്കു ഇതുവരെയും സഹായമായതും.
ശലഭായനം എന്ന പേരില്‍ ആദ്യ കവിതാ സമാഹാരത്തിന്റെ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ ആണ് പ്രകാശനം ചെയ്തത്.

നാളുകളായി ആര്‍.സി.സി.യില്‍ ചികിത്സയിലായിരുന്ന രമ്യ ഇന്ന് രാവിലെ 2 .30 ന് [AUGUST 6th] നമ്മെ വിട്ടു പോയി.
 

ഓര്‍മ്മകള്‍ ബാക്കിയാക്കിപ്പോയ രമ്യയ്ക്ക് വേണ്ടി  വേദനയോടെ പ്രാര്‍ഥിക്കാം. 
രമ്യയുടെ വീട്ടുകാരുടെ നഷ്ടം മനസ്സിലാക്കിക്കൊണ്ട് തന്നെ അവരുടെ ദുഖത്തില്‍ നമുക്കും പങ്കു ചേരാം.


 "......എങ്കിലും ചിറകുകള്‍ കുഴയുവോളം
ഞാന്‍ പറക്കും
മേഘങ്ങള്‍ വഴി മുടക്കിയെക്കാം.
തൂവലുകള്‍ കൊഴിഞ്ഞുപോയേക്കാം
പെരുമഴ പനി പിടിപ്പിചാലും
ഇടിമുഴക്കങ്ങള്‍ ഭയപ്പെടുത്തിയാലും.."

രമ്യ ആന്റണി


ഒരു ഓര്‍മ്മ ബാക്കിയാക്കിപ്പോയ രമ്യയ്ക്ക്...കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ടവള്‍ക്ക് ....