Jan 20, 2010

എന്റെ വഴിയിലൂടെ ...

വെയിലാറി മാറുന്നു
വെറി മൂത്ത വിശപ്പിന്‍
വിളി മുഴങ്ങുന്നു..
ഏറെയുണ്ടിനിയും
ചുവടു വെയ്ക്കാന്‍
എവിടെയെന്നറിയാത്ത
ലക്ഷ്യമെത്താന്‍
മോഹമാണെന്നും
തണുത്ത മൌനത്തിന്റെ
കാല്‍പ്പാടു നോക്കി
നടന്നു നീങ്ങാന്‍
ഇവിടെയുണ്ടൊപ്പം
പറക്കാന്‍
കറുത്ത പക്ഷികള്‍
വഴി നീളെ ,
കൊത്തിവലിക്കുന്ന
നായാട്ടുപട്ടികള്‍
ഇടയിലെത്തുന്ന
ചൂളം വിളിയിലെന്‍
ഉടലു ചൂഴുന്ന
കാക്കക്കണ്ണുകള്‍
പിന്നെയുമേറെയുണ്ടൊക്കെയും
നെഞ്ചകം പിച്ചിപ്പറിക്കുന്ന
ചോരക്കുറിപ്പുകള്‍
ഒന്നിച്ചു ചാടിയോടുങ്ങിയ
ജീവനില്‍നിന്നു തെറിച്ച
പ്രണയസമ്മാനങ്ങള്‍ ..
കൈക്കുഞ്ഞ് കരയാതെ
കയ്യിലൊതുങ്ങവേ
കൈവിട്ടു പാറിയ
സാരിത്തലപ്പുകള്‍ ..


അറ്റമെത്താതെ നീളുമ്പോഴിടയില്‍
ഇനിയുമുണ്ടാകും ചതയുന്ന നോവുകള്‍
എല്ലാം ചിതറിത്തെറിച്ച പാളത്തിലെന്‍
പാദങ്ങള്‍ തെടുന്നതെന്തിനെയിനിയും
ഇനി വയ്യ കാണുവാന്‍ കണ്ണ് മൂടട്ടെന്റെ
കൈകളാല്‍ ,കണ്ണീരു വറ്റി വരളുമ്പോള്‍
ഞാനുമെന്‍ മൌനവും നടന്നു നീങ്ങട്ടെന്റെ-
സീമയില്‍ ഞാനുമുറങ്ങുവോളം...

1 comment:

Rahul N Mani said...

"കാലത്തിനൊപ്പം നടന്നു നീങ്ങാന്‍.. ഋതുഭേദങ്ങളെ പ്രതീക്ഷകളുടെ നിറമാല ചാര്‍ത്തി സ്വീകരിക്കാന്‍... എനിക്കെന്നും തിടുക്കമാണ്.. ഞാന്‍ ധന്യ.. ലക്ഷ്യമറിയാത്ത യാത്രയില്‍ സഹായാത്രികരോടൊപ്പം നടന്നു നീങ്ങാന്‍ ആഗ്രഹിക്കുന്നവള്‍ "..

"ഏറെയുണ്ടിനിയും
ചുവടു വെയ്ക്കാന്‍
എവിടെയെന്നറിയാത്ത
ലക്ഷ്യമെത്താന്‍
മോഹമാണെന്നും
തണുത്ത മൌനത്തിന്റെ
കാല്‍പ്പാടു നോക്കി
നടന്നു നീങ്ങാന്‍".. its interesting..