മൌനത്തിന്റെ അടയാളങ്ങളില്‍
കടല്‍ മരണപ്പെടുന്നു.
തീ ചവയ്ക്കുന്ന പെണ്ണുങ്ങള്‍
അവരുരച്ചുവെളുപ്പിച്ച തിരകള്‍ ;
എല്ലാമൊലിച്ചുപോകുന്നു.
മഴക്കാടുകളെ പിഴുതെറിഞ്ഞ ഒച്ചയുടെ വിത്തുകളില്‍
കൊള്ളിച്ചൊന്നു തുപ്പി,
തുഴകള്‍
തുരുമ്പെടുക്കാത്ത വെയിലില്‍ തുറിച്ചിരിക്കുന്നു.
'മഞ്ഞവെളിച്ചം മഞ്ഞവെളിച്ച'മെന്ന്
വളയറ്റങ്ങളിലീണം കൊരുത്ത്
വൈകുന്നേരങ്ങള്‍ വലിയ കൊതുകുകളാകുന്നത്
നോക്കിത്തിളങ്ങുന്നു മിന്നാമിനുങ്ങുകള്‍ .
ഇടത്തേ കാല്‍മുട്ടില്‍ നിന്ന്
ജീവന്‍ ചുരണ്ടിയെടുത്തുകൊണ്ടിരുന്നു
ഓപ്പറേഷന്‍ തിയേറ്ററുകള്‍
മൈലാഞ്ചിപ്പച്ചയില്‍ കുളിച്ചുകയറി.
അലര്‍ച്ചയിലുടഞ്ഞ ബള്‍ബുകളില്‍
വെളിച്ചത്തിന്റെ യുഗങ്ങള്‍ പ്രതിഫലിച്ചുകിടന്നു.
അനന്തതയിലെ ഇരുമ്പുതൂണുകളില്‍
വലിച്ചുകെട്ടിയിരുന്ന പകല്‍
നടുവെപ്പിളര്‍ന്ന് രണ്ടറ്റങ്ങളിലേക്ക് മടങ്ങി.
തിട്ട കെട്ടാത്ത ശബ്ദങ്ങളില്‍
ഭാഷ
എല്ലാ രാജ്യങ്ങളിലേക്കും
വിവര്‍ത്തനം ചെയ്യപ്പെട്ടു.
ആശുപത്രി,
ഗ്രാമത്തിന്റെയും നഗരത്തിന്റെയും
തൂക്കുപാലങ്ങളെ പിന്നിലാക്കി
കടല്‍ത്തീരത്തേക്കോടി.
വലയറ്റങ്ങളില്‍ നിന്ന് കുരുക്കുകളഴിഞ്ഞുവന്ന്
മിന്നാമിനുങ്ങുകള്‍
നെഞ്ചിനു മേല്‍ മഞ്ഞവട്ടം വരച്ചു.
നമ്മളിപ്പോള്‍
ഏത് യുഗത്തിലാണ്..?