തിരക്കുണ്ടോ..?
ഇല്ലെങ്കില്‍
വീട്ടിലേക്കുള്ള ഒടുവിലത്തെ ബസ്സും പറഞ്ഞയച്ച്
ഇന്നലത്തെ ഏഴുമണി നേരത്തേക്ക്
ഇപ്പോഴെന്റെയൊപ്പം വരണം.
ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്.
അവിടെ
നിനക്ക് പരിചയക്കാരുണ്ടാവില്ല..
കൂട്ടച്ചിരികള്‍ നിന്നെ നോക്കിയിട്ടുമല്ല.
എനിക്കറിയാം
എത്രയൊക്കെ പറഞ്ഞാലും
പിന്നെയുമങ്ങനെ ചിന്തിച്ചെടുക്കുമെന്ന്.
ഒച്ചകളില്ലാത്തൊരു തുരുത്ത്
അതിനുള്ളില്‍ കണ്ടെത്തുമെന്നും.
അറിയാതൊരു നോട്ടം
നിന്നിലേക്ക് പന്തലിക്കുമ്പോഴേക്കും
മറ്റൊരു നോട്ടമത് പിഴുതുകളയും.
പക്ഷെ
നീയെന്നെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം.
നമുക്കിടയില്‍ ഒരു ചെടി നട്ടുപിടിപ്പിക്കണം.
അര മണിക്കൂറിനുള്ളില്‍
പറിച്ചുനടാന്‍ പാകത്തിലതിനെ
വളര്‍ത്തിയെടുക്കണം.
ഇടയിലൊരു റിംഗ്ടോണില്‍
ഞാനില്ലാതാകുന്നത് നീ കണ്ടു .
ശബ്ദങ്ങള്‍ ,
പിന്‍കഴുത്തിലൂടെ
നമ്മള്‍ കയറിവന്ന സ്റ്റെപ്പുകളിറങ്ങിപ്പോകുന്നതും.
വിളിച്ചതാരെന്ന് വേവലാതിപ്പെടരുത്.
തൊട്ടടുത്ത നിമിഷം
രണ്ടാംനിലയെ തുപ്പിയെറിഞ്ഞ്
റോഡുകള്‍ പോകുമ്പോള്‍ മാത്രം
ഞാന്‍ നിന്നെ ശ്രദ്ധിച്ചുതുടങ്ങും.
നമുക്കിടയില്‍ തഴച്ചുനില്‍ക്കുന്ന പച്ചത്തണ്ടുകള്‍
പ്രണയത്തിന്റെ പാലങ്ങളെന്നോര്‍മിക്കും.
ഇന്നലെ രാത്രി മുഴുവന്‍
നമ്മള്‍
സമയസൂചികളെ
പിന്നോട്ട് നടത്തിപ്പഠിപ്പിക്കും,
അകലങ്ങളിലന്നേരം
ഓരോ വിരലും
ആയിരം വഴികളായിപ്പിരിഞ്ഞുതുടങ്ങും.