Nov 6, 2009

നിശബ്ദമായ അലര്‍ച്ചകള്‍

കനവു കാണുവാന്‍ പേടിയാണിന്നെന്‍റെ
കനവിലൊക്കെയും കാട്ടുതീ മാത്രമായ്‌
കനലു കത്താതെ നീറ്റുന്നു ജീവന്‍റെ
വിരലുകള്‍ സ്വയം നിശ്ചലമാകുന്നു
ചിതലു തിന്നെന്റെയുള്ളില്‍ തുടിക്കുന്ന
കവിത പോലും വരണ്ടുപോകുന്നിതാ
മറവി , മാറാല ചാര്‍ത്തിയെന്‍ ചിന്തകള്‍
മറവിലെങ്ങോ നിമഞ്ജനം ചെയ്യുന്നു .

വ്യഥിതമാണ് മനസെങ്കിലും പ്രിയേ
വ്യഥകളൊക്കെയും മാറ്റിവെയ്ക്കുന്നു ഞാന്‍
കലഹമാണെന്‍റെയുള്ളിലെന്നാകിലും
ചിരി വരുത്താം മുഖത്തെങ്കിലും -വൃഥാ
ഉഴറി നില്‍ക്കുന്ന ജീവശ്വാസത്തിന്‍റെ
ശമന താളത്തിനുന്മാദമേകുവാന്‍
വരിക , പട്ടും പകിട്ടുമില്ലാതെ നീ
ഒരു നിമിഷത്തിലെല്ലാമൊതുക്കുവാന്‍ ..


സൌഹൃദപ്പൂട്ടു് ഭേദിച്ചൊരിക്കലെന്‍
പ്രണയവാതിലില്‍ മുട്ടിവിളിച്ചു നീ
ഒരു മഴശ്രുതി മീട്ടിയ സന്ധ്യയില്‍
ഗസലു പാടി തരിപ്പിച്ചതോര്‍ക്കുന്നു .
ഒരു കുടക്കീഴിലാ നടപ്പാതയില്‍
ചുടുവെയിലും മഴയുമറിഞ്ഞു നാം
ഒടുവിലൊറ്റയ്ക്ക് കത്തും മനസിന്‍റെ
നിഴലു മാത്രമായ് നീയും മറഞ്ഞുപോയ്‌ ..
ഇരുളുമോര്‍മതന്‍ നാലുകെട്ടില്‍ സ്വയം
ചിതയൊരുക്കി നീ മാഞ്ഞ തൃസന്ധ്യയില്‍
പിന്മുടിക്കെട്ടിലെന്നോ തിരുകിയ
അര്‍ച്ചനപ്പൂക്കള്‍ വാടിക്കരിഞ്ഞുപോയ്‌ .

ഇനി കിഴക്കേച്ചരിവിലെ കാറ്റില്ല ,
കിളി ചിലയ്ക്കില്ല , ചിറകൊച്ച കേള്‍ക്കില്ല
ഇടമുറിയാതെ എന്നുമുണര്‍ത്തിയ
കൃഷ്ണഗാഥകള്‍ മാറ്റൊലികൊള്ളില്ല
പുള്ളുവന്‍പാട്ടു് കേള്‍ക്കില്ല - ഈ കൊച്ചു
തോണിയില്‍ തുഴയേന്തി കുതിക്കില്ല
ഇടവഴിയിലെ ചെമ്മണ്‍പരപ്പിലാ
കരിമിഴിയിണ കാതോര്‍ത്തുനില്‍ക്കില്ല .

അലറിയെത്തുന്ന വര്‍ഷകാലങ്ങളില്‍
അകമടക്കി പൊതിയുന്നൊരമ്മയെ ,
അരുമയായ് ചേര്‍ത്തുനിര്‍ത്തി ,ഒരായിരം
കഥകള്‍ കേള്‍പ്പിച്ച മുത്തശ്ശിയമ്മയെ
മടിയിലെന്നും കിടന്നുറങ്ങാന്‍ കര-
ഞ്ഞൊടുവില്‍ പുഞ്ചിരി തൂകുന്ന കണ്‍കളെ,
ഒരു തിരശീല പോലെയാ ഓര്‍മ്മകള്‍
മുറിവുതിര്‍ക്കുന്നു അന്തരാളങ്ങളില്‍ .

ഒടുവിലത്തെ കവിതയ്ക്കുവേണ്ടി ഞാന്‍
വരികള്‍,വാക്കുകള്‍ ഒക്കെ തിരയുന്നു
മറവി ബാധിച്ചു , ചക്രവാളങ്ങളില്‍
വിഫലസൂര്യന്‍ എരിഞ്ഞടങ്ങുന്നിതാ ..
ഒടുവില്‍ സ്നേഹിതാ പിന്തിരിഞ്ഞീടവേ
പിന്‍നിഴലായ് നീ മാത്രമാകുന്നു
പിന്‍നിലാവും മറഞ്ഞുപോം വീഥിയില്‍
നിന്‍റെ കൈകളെന്‍ ദീപങ്ങളാവുന്നു …

6 comments:

Stranger said...

പ്രിയ സഖാവെ...
ഇഷ്ടപ്പെട്ടു...

പാട്ടോളി, Paattoli said...

വായിച്ചു പോകെ മനസ്സിലെവിടെയോ
ഒരു നീറ്റൽ...
കുട്ട്യേ.......

ധന്യാദാസ്. said...

ആ നീറ്റല്‍ ആണ് ഇതെഴുതിയപ്പോള്‍ ഞാനും അറിഞ്ഞത്‌...

വിനേഷ് said...

നല്ല വരികള്‍.
പക്ഷെ
“ഇടവഴിയിലെ ചെമ്മണ്‍പരപ്പിലാ
കരിമിഴിയിണ കാതോര്‍ത്തുനില്‍ക്കില്ല “

ഈ വരികളില്‍ ഒരു ചേറ്ച്ചക്കുറവു തോന്നുന്നു.

വീണ്ടും എഴുതുക.

ഹന്‍ല്ലലത്ത് Hanllalath said...

ഒരുപാടിഷ്ടമായി.
ഒരു പ്രണയ കാലത്തെ കാല വര്‍ഷമെന്ന പോലെ വരികളില്‍ പെയ്യിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
നന്ദി ഈ നല്ല കവിത തന്നതിന്.

ഇനിയും വരാം..

പ്രവാസം..ഷാജി രഘുവരന്‍ said...

മറവി , മാറാല ചാര്‍ത്തിയെന്‍ ചിന്തകള്‍
മറവിലെങ്ങോ നിമഞ്ജനം ചെയ്യുന്നു .