Nov 19, 2009

കണ്ണാടിയില്‍ കണ്ടത്......

ഊട്ടിയുറപ്പിച്ച വിശ്വാസങ്ങളില്‍-
നഷ്ടകാലങ്ങളെ പ്രാകി മടുത്തവര്‍
വന്നെത്തിനില്‍ക്കുന്നു ആദ്യമായ് നിന്നിലേ-
ക്കെന്നേക്കുമായ മഹാസത്യമേ..

കാവിവസ്ത്രങ്ങളില്‍ മൂടിപ്പുതപ്പിച്ച-
കാലന്റെ കണ്ണുകള്‍ കാണാതിരുന്നവര്‍,
പ്രണവസൂക്തങ്ങളെ രുദ്രാക്ഷമാലയില്‍ -
കോര്‍ത്ത കൊടുംപാപമറിയാതിരുന്നവര്‍,
കണ്ണില്‍ നുരഞ്ഞൊരു സീല്‍ക്കാരഭാവത്തെ
ദൈവചൈതന്യമായ് തെറ്റിദ്ധരിച്ചവര്‍,
കാമവെറികള്‍ തന്‍ കാളകൂടത്തിന്റെ-
ഗന്ധം വമിക്കുന്ന ആശ്രമോദ്യാനങ്ങള്‍
ഒന്നെത്തിനോക്കാന്‍ മേനക്കെടാതിത്ര നാള്‍
എല്ലാം പരമാ൪ത്ഥമെന്നു നിനച്ചുകൊണ്ടെന്നും
പടം വെച്ചു ധ്യാനിച്ചിരുന്നവര്‍ ,
വിശുദ്ധവസ്ത്രങ്ങളില്‍ ആഴത്തിലൊഴുകിയ-
ചോരപ്പുഴകളെ തടയാതിരുന്നവര്‍,
കുത്തിയ കത്തി വലിച്ചൂരി നില്‍ക്കുന്നോ-
രോമനപ്പുത്രനെ നോക്കാതിരുന്നവര്‍,
നൊന്തുപെറ്റമ്മയെ കൂട്ടിലടച്ചിട്ടു
വെള്ളം കൊടുക്കാതെ കൊല്ലാക്കൊലചെയ്ത്
ഒടുവില്‍ കിടന്ന പായോടൊത്തു നിര്‍ദ്ദയം
റോഡിലുപേക്ഷിച്ച സന്താനക്കൂട്ടത്തെ,
മക്കളില്‍ മക്കളെ സൃഷ്ടിച്ചു നിര്‍വൃതി-
പൂകുന്ന നാടിന്റെ പുത്തന്‍ മുഖങ്ങളെ,
തൊലിനിറം ടെസ്റ്റ്‌ ചെയ്തുള്ളില്‍ കടത്തുവാന്‍
വാതിലില്‍ റോബോട്ട് വെക്കും മൃഗങ്ങളെ,
വെട്ടിമെതിച്ചുചവച്ചയിരുട്ടിനെ-
യോര്‍ത്തു കരഞ്ഞു സ്വയം ശപിക്കുംനേരം
ഉള്ളിലുയരുന്ന കണ്മണിക്കൊഞ്ചലില്‍
ഇല്ലാത്തയച്ഛനെ തേടുന്ന കൈകളെ,
സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായ് മാത്രമെന്നെന്നും
കൊണ്ടുനടക്കുന്ന പട്ടിണിക്കാരനെ,
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ
തങ്ങളില്‍ മാത്രമൊതുങ്ങിയിരിപ്പവര്‍,
കണ്കളുണ്ടായിട്ടു കാര്യമില്ലെന്നാരോ
പണ്ടേ പറഞ്ഞു തഴമ്പിച്ചതാകിലും
ഓര്‍ക്കുക നമ്മളും നാളെയിതിന്‍ ബാക്കി-
പത്രങ്ങളാവില്ലെന്നാരു കണ്ടു?

3 comments:

Unknown said...

kavithakal iniyum marichittilla,nalla kavithakalude punaruddhaaranamaanu ee kavitha!

പാട്ടോളി, Paattoli said...

നന്നായി....
എന്നാലും എന്താ ഒരു വിരക്തി ???????

Juby Meenadom said...

ഒടുവില്‍ കിടന്ന പായോടൊത്തു നിര്‍ദ്ദയം
റോഡിലുപേക്ഷിച്ച സന്താനക്കൂട്ടത്തെ,
മക്കളില്‍ മക്കളെ സൃഷ്ടിച്ചു നിര്‍വൃതി-
പൂകുന്ന നാടിന്റെ പുത്തന്‍ മുഖങ്ങളെ,

Good& nice ... plz keep it up