
നിനവില്‍ നിലാവിന്‍ നീലിച്ച ചില്ലയില്‍
കനവിന്റെ പാതി തിരയുമ്പോഴും
ആഞ്ഞടിക്കും നോവുകാറ്റിന്റെ കൈകളില്‍
കുളിരിന്റെ കയ്യോപ്പിനലയുമ്പോഴും
ഇനിയൊന്നു കാണാത്ത വഴികളില്‍ യാത്രയുടെ
നിലയെന്തെന്നറിയാതെ നീറൂമ്പോഴും
മറവില്‍ മറഞ്ഞ നിന്‍ മന്ദഹാസങ്ങളില്‍
മറയുവാന്‍ എന്നും കൊതിക്കുന്നു ഞാന്‍
നറുമണo തോരാത്ത രാവതില്‍ നിന്നെയെന്‍
വാക്കിന്റെ താളമായ് അലിയിച്ചതും
മഴനൂല് ചാര്‍ത്തിയ സന്ധ്യയില്‍ നീയെന്റെ
നോക്കിന്നു നാളമായ് തെളിയുന്നതും
ഒരു റാന്തല്‍ തിരി വെളിച്ചത്തില്‍ പരസ്പരം
മിഴിമൊട്ടു മെല്ലെ വിരിയിച്ചതും
ഒടുവില്‍ പിണങ്ങി പരിഭവിച്ചെ൯ വിരല്‍-
ത്തുമ്പിനെ നോവിച്ചു പോകുന്നതും...
ഒരു മാത്ര കാണാതിരിക്കിലൊരായിരം
കവിതയെനിക്കായ് കുറിച്ചിരുന്നു.
കാണുന്ന നേരം അതില്‍ നിന്‍ പ്രണയത്തിന്‍
മേമ്പൊടി ചാലിച്ച് തന്നിരുന്നു
തൂലികത്തുമ്പില്‍ വിരിഞ്ഞ വികാരങ്ങള്‍
ആത്മാവ് വായിച്ചെടുത്തീടവേ
കൺകളാലെന്‍ കരള്‍പ്പൂവിന്‍ അകത്തു നീ
കള്ളചെറുതേന്‍ ഒഴിച്ചിരുന്നു
ഏകാന്തതകളില്‍ നീയെന്റെ ജീവനില്‍
നിന്നെ പകര്‍ന്ന നിമിഷങ്ങളില്‍
ഹൃദയങ്ങള്‍ തമ്മില്‍ പറഞ്ഞു ചിരിച്ചത്
എന്തായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ?
നഷ്ടപ്പെടില്ലൊരു നാളിലും നമ്മുടെ
നിത്യപ്രണയത്തിന്‍ പൂമ്പോടികള്‍
ഇല്ല ഈ ജന്മം വേറൊരു സത്യവും
നമ്മളില്‍ നമ്മള്‍ ഒന്നായിടാതെ
1 comment:
പ്രജാപതി കവി തന്നെ
എന്നാലും,
“ഇനിയൊന്നു കാണാത്ത വഴികളില്‍ യാത്രയുടെ
നിലയെന്തെന്നറിയാതെ നീറൂമ്പോഴും“
എന്നത്
“ഇനിയൊന്നു കാണാത്ത വഴികളില്‍ യാത്രതന്‍
നിലയെന്തെന്നറിയാതെ നീറൂമ്പോഴും“
എന്നാക്കിയാല്‍ ചൊല്ലി കേള്‍ക്കാന്‍(കവിത അത്തരത്തിലാകണം എന്ന് യാതൊരു നിറ്ബന്ധവും ഇല്ല) സുഖം ഉണ്ടാകും.
Post a Comment