Dec 24, 2009

തിറയാട്ടങ്ങള്‍

നിഴലുകള്‍ നീളുന്ന കളിയരങ്ങത്തൊരു
വേതാളവേഷമാകുന്നു ഞാന്‍
നാട്യങ്ങള്‍ സത്യത്തെ വെല്ലുന്ന നാടിന്റെ
നാവില്‍ പുരളുന്നു പ്രളയച്ചവ൪‍പ്പുകള്‍
വിണ്ടു പൊട്ടി ചോര ചോരുന്ന നാടിന്റെ
വിങ്ങലില്‍ നീറു൦ മനസ്സില്‍
ദുഃഖങ്ങള്‍ വരികളായ് മൌനം മുറിക്കുമ്പോള്‍
ഒരു തൂലികതുമ്പിതെവിടെ?
തീണ്ടിക്കഴിഞ്ഞ കൊടുംവിഷത്തില്‍-അന്ത്യ
യാത്രയ്ക്കൊരുങ്ങും ഗൃഹാതുരചിന്തകള്‍

മഞ്ചാടിമലകളില്‍ കൈ കോര്‍ത്ത നാളുകള്‍
ഏറെ പിറകിലല്ലാതിരുന്നിട്ടും
ഇന്നലെ വൈകീട്ട് ചെന്നൊന്നു നോക്കവേ
കുന്നില്ല , കുളമില്ല , കുളി൪കാറ്റുമില്ല
ഇല്ല തുരുത്തുകള്‍ , ഇല്ല താഴ്വാരങ്ങള്‍
ഇല്ല നീലാംബരപ്പൂവിന്‍ കിണുക്കം
ഗന്ധരാജന്‍ പീലി നീര്‍ത്തി നിന്നാടിയ
നവ്യസുഗന്ധങ്ങള്‍ യാത്ര പറഞ്ഞുപോയ്
പാടങ്ങളില്ല , പ്രണയസ്വപ്നങ്ങള്‍ക്ക്
പാഠങ്ങളേകിയ കൈത്തോടുമില്ല
അവളെ വ൪ണിച്ചൊരു പാട്ടൊന്നു പാടുവാന്‍
ആല്‍ത്തറ പോലുമില്ലമ്പലക്കോണതില്‍
ശലഭങ്ങള്‍ ശരറാന്തല്‍ സന്ധ്യയില്‍ തുന്നിയ
ആദ്യപരാഗണസ്വപ്നം പൊലിഞ്ഞു
പുഴയിലോളങ്ങള്‍ നിലച്ചുപോയ്‌-തോരാത്ത
മഴയും നിലാവും മറന്നുപോയ്‌ പെയ്യുവാന്‍

വസന്തങ്ങള്‍ ഇനിയെന്ത് ചെയ്യും?
ഇനിയേതു പൂവിനെ കണ്ണെറിഞ്ഞൊന്നു പ്രേമിക്കും
ഇനിയേതു തളിരുകളില്‍ ‍ഋതുഭേദമുണരു൦
ഇനിയേതു ബോധിവൃക്ഷം സത്യമരുളും
ഒക്കെ കവര്‍ന്നെടുത്തു നിങ്ങള്‍ പ്രകൃതി തന്‍
നന്മയും ലജ്ജയും തുടിയും തുടിപ്പും
നഖമാഴ്ത്തി നെഞ്ചില്‍ വരയ്ക്കുന്നു കോട്ടകള്‍
മജ്ജയും മാംസവും നോവും വരെ

ഇതുപോലിതെത്രനാല്‍ ഇരുളില്‍ കുരുങ്ങണം
രാവിന്റെ തീച്ചൂടിലുറങ്ങാതിരിക്കണം
ഉള്ളു വിറങ്ങലിക്കും പുറക്കാഴ്ചയില്‍
സ്വന്തം മനസിനെ കല്ലാക്കി മാറ്റണം
ചോര ചീന്തും നാട്ടുവഴികളില്‍ കൂടിയെന്‍
ആത്മദുഃഖത്തിന്റെ തേരു പായിക്കണം
ശബളസങ്കല്‍പ്പങ്ങലെല്ലാം തക൪ത്തത്തില്‍
നഗരപ്പിശാചിനെ കുടിവച്ചു വാഴ്ത്തണം?