Aug 6, 2010

പറന്നുപോയ എന്റെ ശലഭം..

കണ്ടിട്ടില്ല... സംസാരിച്ചിട്ടില്ല...  എങ്കിലും അവള്‍ അവശേഷിപ്പിച്ചിരുന്നു എന്നെങ്കിലും കാണാമെന്നൊരു  പ്രതീക്ഷ.. അര്‍ബുദക്കിടക്കിയില്‍ കവിതകളെ പുണര്‍ന്നുകിടന്നവള്‍ ..
എത്ര ദിവസമായി അവളുടെ ഓരോ വിശേഷങ്ങളും അറിയുന്നു അപ്പപ്പോള്‍ തന്നെ.. പക്ഷെ ഇത്ര പെട്ടെന്ന്..

രമ്യ.. പലതും തളര്‍ത്തിയിട്ടും പിന്നെയും പറന്നുനടന്നവള്‍ .കവിതകളിലൂടെ ആയിരങ്ങളുടെ മനസ്സിലേക്ക് പറന്നു വന്നവള്‍ . കൈത്താങ്ങുകളില്‍ കൂടുതല്‍ ശക്തിയോടെ അവള്‍ തിരിച്ചുവന്നു.. എത്ര ഉയരത്തിലെക്കാണ്  അവളുടെ ധൈര്യവും കവിതകളും  എന്നെ കൂട്ടിക്കൊണ്ടുപോയത്. അനുകൂലമായതിനു കീഴടങ്ങേണ്ടി വന്ന എന്റെ ശലഭത്തിന് നല്‍കാന്‍ വാക്കുകളില്ല. അവള്‍ പറന്നുയരുക തന്നെ ചെയ്യും. കവിതകളുടെ ഓര്‍മ്മകളുമായി...


രമ്യ ആന്റണി .. കവിതകളിലൂടെ നമുക്ക് സുപരിചിതയായവള്‍ . അറിയാത്തവര്‍ക്ക് വേണ്ടി രമ്യയെ ക്കുറിച്ച് രണ്ടു വാക്ക്..

രമ്യയ്ക്ക് അക്ഷരങ്ങള്‍ കൂട്ടായത് ബാല്യത്തിലാണ്. അഞ്ചരമാസം പ്രായമുള്ളപ്പോള്‍ പോളിയോ കാലുകള്‍ തളര്‍ത്തിക്കളഞ്ഞു. തുടര്‍ന്ന് അപ്പന്റിസൈറ്റിസ്.. ഒടുവില്‍ അര്‍ബുദത്തിന്റെ രൂപത്തില്‍ .
ഓര്‍ക്കുട്ട്, കൂട്ടം, ഫേസ് ബുക്ക്‌, അങ്ങനെ ഒന്ലൈന്‍ മാധ്യമങ്ങളിലും സജീവമായിരുന്നു രമ്യ. അങ്ങനെ രമ്യയുടെ കവിതകളെ തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ തന്നെയാണ് അവള്‍ക്കു ഇതുവരെയും സഹായമായതും.
ശലഭായനം എന്ന പേരില്‍ ആദ്യ കവിതാ സമാഹാരത്തിന്റെ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ ആണ് പ്രകാശനം ചെയ്തത്.

നാളുകളായി ആര്‍.സി.സി.യില്‍ ചികിത്സയിലായിരുന്ന രമ്യ ഇന്ന് രാവിലെ 2 .30 ന് [AUGUST 6th] നമ്മെ വിട്ടു പോയി.
 

ഓര്‍മ്മകള്‍ ബാക്കിയാക്കിപ്പോയ രമ്യയ്ക്ക് വേണ്ടി  വേദനയോടെ പ്രാര്‍ഥിക്കാം. 
രമ്യയുടെ വീട്ടുകാരുടെ നഷ്ടം മനസ്സിലാക്കിക്കൊണ്ട് തന്നെ അവരുടെ ദുഖത്തില്‍ നമുക്കും പങ്കു ചേരാം.


 "......എങ്കിലും ചിറകുകള്‍ കുഴയുവോളം
ഞാന്‍ പറക്കും
മേഘങ്ങള്‍ വഴി മുടക്കിയെക്കാം.
തൂവലുകള്‍ കൊഴിഞ്ഞുപോയേക്കാം
പെരുമഴ പനി പിടിപ്പിചാലും
ഇടിമുഴക്കങ്ങള്‍ ഭയപ്പെടുത്തിയാലും.."

രമ്യ ആന്റണി


ഒരു ഓര്‍മ്മ ബാക്കിയാക്കിപ്പോയ രമ്യയ്ക്ക്...കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ടവള്‍ക്ക് ....

7 comments:

സമാന്തരന്‍ said...

ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഞാനവളുടെ സ്നേഹം അറിഞ്ഞത്.. പതിഞ്ഞ ശബ്ദത്തില്‍ വാക്കുകളിലെ ഊര്‍ജ്ജവും.


മനസ്സിന്നുള്ളറയില്‍
അവളെന്നുമുണ്ട്

പകല്‍കിനാവന്‍ | daYdreaMer said...

പ്രാര്‍ത്ഥന

Vayady said...

രമ്യയുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ രണ്ടിറ്റു കണ്ണുനീര്‍.

Satheesh Sahadevan said...

vedanichu......

രാജേഷ്‌ ചിത്തിര said...

ഒരുപാടു വട്ടം സംസാരിച്ചിരുന്നുവെങ്കിലും പലവട്ടം കാണാന്‍ ശ്രമിച്ചതെല്ലാം പാഴായിപ്പോയി.
തന്റെ ദുഖങ്ങള്‍ക്കും വേദനകള്‍ക്കും മീതെ സദാപുഞ്ചിരിയുടെ ഒരു പുതപ്പണിഞ്ഞു
സംസാരിക്കുമ്പൊഴെല്ലാം സന്തോഷം മാത്രം പങ്കു വെച്ച രമ്യ.
ഒരു ശലഭജന്‍മം പോലെ ക്ഷണികമെങ്...കിലും, ഓര്‍മ്മക്കാഴചകളിലും എഴുതിയ കവിതകളുടെ,
വായനാവര്‍ത്തനങ്ങളിലും രമ്യയെന്ന സുഹൃത്ത് നിറം മങ്ങാതെ എന്നുമുണ്ടാകും.

jayaraj said...

വേദനയിലും മങ്ങാത്ത പുഞ്ചിരി. അതെന്നും എല്ലാവരിലും മായാതെ നില്‍ക്കട്ടെ. രമ്യയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ എന്‍റെ പ്രണാമം.നിങ്ങളുടെ ദുഃഖത്തില്‍ ഞാനും ചേരുന്നു

ഭാനു കളരിക്കല്‍ said...

"......എങ്കിലും ചിറകുകള്‍ കുഴയുവോളം
ഞാന്‍ പറക്കും
മേഘങ്ങള്‍ വഴി മുടക്കിയെക്കാം.
തൂവലുകള്‍ കൊഴിഞ്ഞുപോയേക്കാം
പെരുമഴ പനി പിടിപ്പിചാലും
ഇടിമുഴക്കങ്ങള്‍ ഭയപ്പെടുത്തിയാലും.."


രമ്യ നമ്മളെ ഓര്‍മിപ്പിക്കുന്നു. എങ്ങനെ ജീവിക്കണമെന്ന്