Mar 13, 2011

വെളിച്ചമുള്ളൊരു രാത്രി കടം വാങ്ങണം

 


















പ്രത്യേകതകളില്ലാത്ത രാത്രിക്കിപ്പുറം
നമ്മുടേതല്ലാതാകുന്ന മിനുക്കങ്ങള്‍ .

കൈ തട്ടി മാറ്റില്ലെങ്കില്‍ ,
ഉടഞ്ഞതൊക്കെക്കൂട്ടി
നിന്നെ വീണ്ടും വാര്‍ത്തെടുത്താലോ.. ?

വീടിന്
ഇരിഞ്ഞുവെച്ചതുപോലൊരു നോട്ടം.
മുഖമുയര്‍ത്തിയെന്തെങ്കിലും പറഞ്ഞത്
ഓര്‍മ്മയിലടുത്തെങ്ങുമില്ല.

പുലര്‍ച്ചെ,
പഞ്ഞിമരങ്ങള്‍ക്കൊപ്പം
പതിവുനടത്തമുള്ളതല്ലേ നിനക്ക്..?
മറക്കേണ്ട;
വലിയതൊപ്പിവെച്ച കുന്നു കയറി
ഒരു ദിവസത്തേക്കുള്ള വെയിലും ചുരണ്ടിയെടുത്ത്
തിരികെപ്പോരാനുള്ളതാണ്.

പുകപുതച്ച ദൂരത്തുള്ള 
കണ്ടിട്ടില്ലാത്ത സുഹൃത്തിന്റെ പേര്
ചിന്തിച്ചുചിന്തിച്ചാണ്
നിന്‍റെ ചിരിയ്ക്ക് ചാരം പുരണ്ടത്.
അവനോ(അവള്‍ക്കോ) വേണ്ടിയെഴുതിയ കവിത മാത്രമല്ലേ 
നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി
പൊതിഞ്ഞുകെട്ടി
വീട്ടിലേക്ക് കൊണ്ടുവന്നിട്ടുള്ളൂ ..?

പഴുത്ത പ്ലാവിലകള്‍
ഉണക്കയീര്‍ക്കിലി കൊണ്ട് കൊത്തിച്ച്
പഴയപോലൊരു വീട് കെട്ടുകയാണവര്‍ .
ഉളി തെറ്റിക്കൊള്ളാത്ത 
ഒരു മുറിവെങ്കിലും ബാക്കിയുണ്ടെങ്കില്‍ 
അതിനുള്ളില്‍ നമുക്കൊരുക്കിയ മുറിയില്‍
ഇന്ന് രാത്രി 
വീണ്ടുമൊരു കടലിരമ്പും! 

7 comments:

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം!

ഒരില വെറുതെ said...

അവസാന വരികള്‍ വല്ലാത്ത ഇമോഷണല്‍.
നല്ല കവിത

ബിജുകുമാര്‍ alakode said...

ഈ കവിത എനിയ്ക്കിഷ്ടമായി.. അഭിനന്ദനങ്ങള്‍..

Umesh Pilicode said...

കൊള്ളാം നല്ല കവിത!

koodaarangal said...

ഇവിടെ ഒരാള്‍ വന്നുപോയത് എന്നെങ്കിലും നീ അറിയാതിരിക്കില്ല

പ്രവാസം..ഷാജി രഘുവരന്‍ said...

കൈ തട്ടി മാറ്റില്ലെങ്കില്‍ ,
ഉടഞ്ഞതൊക്കെക്കൂട്ടി
നിന്നെ വീണ്ടും വാര്‍ത്തെടുത്താലോ.. ?

viswambharan said...

kavitha valare nannayitunde.eshtamay,abinandanangal