Feb 27, 2010

ഇടവഴിയിലൂടെ..

ജന്മാന്തരങ്ങള്‍ക്കു മുന്‍പേയിവിടെയെന്‍
ആത്മാവലഞ്ഞിരുന്നു
ഉയിരിന്റെ ചീളുകള്‍ ചിതറിത്തെറിച്ചതില്‍
രക്തം പുരണ്ടിരുന്നു
ഹൃദയങ്ങളോര്‍മ്മ തന്നുദയം തുടുപ്പിച്ച-
തിവിടെ നിന്നായിരുന്നു
ഈ വഴിത്താരയെന്‍ ജന്മസത്യത്തിന്റെ-
യടയാളമായിരുന്നു..

നിഴലും നിലാവും നിദാന്തമോഹത്തിന്റെ
നിനവില്‍ നിറഞ്ഞ രാവില്‍
നോവിന്നിരുള്‍ കീറി നിന്‍ മണല്‍മാറിലെന്‍
ജനി വീണ്ടുമെഴുതുന്നിതാ
പിച്ചവച്ചാദ്യമായ് നിന്നില്‍ പതിഞ്ഞൊരെന്‍
പിഞ്ചുകാല്‍ച്ചിത്രങ്ങളില്‍
തട്ടിത്തടഞ്ഞുവീണെപ്പഴോ നോവിന്റെ-
കണ്ണീര്‍ പടര്‍ന്നിരുന്നു..

ബാല്യം കഴിഞ്ഞു തീചീറ്റുന്ന കൌമാര-
കാല്‍വെയ്പ്പതേറ്റന്നു നീ
ഒട്ടൊന്നു നൊന്തുവോ നീറ്റല്‍ മറച്ചെന്റെ
വഴി വെട്ടി വീണ്ടുമെന്നോ
വെയിലത്ത് വാടിത്തളര്‍ന്നൊന്നിരുന്നതും
മരവിച്ചു മഞ്ഞേറ്റതും
ഒരു കീറു കാര്‍മേഘമൊരുനോക്കിലലിയിച്ചു
മഴയില്‍ നനഞ്ഞാര്‍ത്തതും
കാണാതൊളിപ്പിച്ച നോട്ടങ്ങളൊക്കെയും
കവിതയായ് പൂവിട്ടതും
കളിവീട് തീര്‍ത്തതും ചെമ്പനീര്‍മാലയി-
ട്ടവളെ വരിഞ്ഞിട്ടതും
ഒടുവില്‍ പടംപൊഴിച്ചേകാകിയായ് തീര്‍ത്ഥ-
യാത്രയ്ക്കൊരുങ്ങുമ്പോഴും
എന്റെ ജന്മത്തിന്റെ ചലനങ്ങളേറ്റെടു-
ത്തന്നും നിശബ്ദമായ് നീ..

ഒരു പൊടിക്കാറ്റാലടക്കിപ്പിടിച്ചു നീ
അണ പൊട്ടുമാത്മഭാവം
അതുവീണു ഞെരടിച്ചുവന്ന കണ്ണില്‍നിന്നു-
മൊരു പീലിയറ്റുവീണു

പഴകിപ്പതിഞ്ഞ കാല്‍പ്പാടിന്നു മേലെയി-
ന്നിലകള്‍ കൊഴിഞ്ഞിരിക്കാം
നിഴലും നിലാവും വിരല്‍കോര്‍ത്തു പിന്നെയും
പ്രണയിച്ചു ചേര്‍ന്നിരിക്കാം
വഴി തെറ്റിയിന്നുവന്നിരുളിലൊരു മിന്നലെന്‍
ഹൃദയം കവര്‍ന്നെടുക്കേ
ഒരു പാഴ്ക്കിനാവുപോല്‍ ഇടറുമിടവഴിയിതില്‍
പൊലിയട്ടെയെന്റെ ജന്മം...

5 comments:

ജസ്റ്റിന്‍ said...

കവയത്രി നിരാശയില്‍ ആണെന്ന് തോന്നുന്നു. ബാല്യ കൌമാരങ്ങളെ ക്കുറിച്ചു പറയുന്ന ഭാഗത്ത്‌ കാണുന്ന ആത്മ സംതൃപ്തിയും സന്തോഷവും ഒന്നും കവിതയുടെ തുടക്കത്തിലോ ഒടുക്കത്തിലോ ഇല്ല. ഇന്നില്‍ നിന്നും പിന്നിലേക്ക്‌ പോയി വീണ്ടും ഇന്നില്‍ അവസാനിക്കുന്നു കവിത.

രചന എനിക്ക് നന്നായി തോന്നി. വായന സുഖവും കവിതയുടെ ഒതുക്കവും ഒഴുക്കും ഉണ്ട്.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നല്ല കവിത.

ഷാജി അമ്പലത്ത് said...
This comment has been removed by the author.
ഷാജി അമ്പലത്ത് said...

അക്ഷരാര്‍ത്ഥത്തില്‍ ധന്യയാണോ

സ്നേഹപൂര്‍വ്വം
ഷാജി

ഷാരോണ്‍ said...

ജീവിതം എത്ര ഇനിയും ബാകി നില്‍ക്കുന്നു...
എന്തെല്ലാം കാണാന്‍ കിടക്കുന്നു...

ആഞ്ഞു പുല്‍കി...അതിനെ ഇനിയും വാക്കില്‍ നിറക്കുക...
നിരാശയുടെ വാക്കുകള്‍ ഇനി വേണ്ട ധന്യേ...

സില്‍വിയ പ്ലാതും...ഇടശ്ശേരിയും...ഷൈനയും ഒക്കെ ഭ്രാന്തിന്റെ നേര്‍രൂപങ്ങളാണ്...
സാഹിത്യത്തിനു ഭംഗി ഉണ്ടെങ്കിലും....

Jishad Cronic said...

കൊള്ളാം .... എല്ലാം ധന്യം ...