Apr 28, 2013

ഇന്നലത്തെ നേരങ്ങൾ













തിരക്കുണ്ടോ..?
ഇല്ലെങ്കില്‍ 
വീട്ടിലേക്കുള്ള ഒടുവിലത്തെ ബസ്സും പറഞ്ഞയച്ച് 
ഇന്നലത്തെ ഏഴുമണി നേരത്തേക്ക് 
ഇപ്പോഴെന്റെയൊപ്പം വരണം.

ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്.

അവിടെ 
നിനക്ക് പരിചയക്കാരുണ്ടാവില്ല..
കൂട്ടച്ചിരികള്‍ നിന്നെ നോക്കിയിട്ടുമല്ല.

എനിക്കറിയാം
എത്രയൊക്കെ പറഞ്ഞാലും
പിന്നെയുമങ്ങനെ ചിന്തിച്ചെടുക്കുമെന്ന്.
ഒച്ചകളില്ലാത്തൊരു തുരുത്ത്
അതിനുള്ളില്‍ കണ്ടെത്തുമെന്നും.

അറിയാതൊരു നോട്ടം
നിന്നിലേക്ക്‌ പന്തലിക്കുമ്പോഴേക്കും
മറ്റൊരു നോട്ടമത് പിഴുതുകളയും.

പക്ഷെ 
നീയെന്നെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം.
നമുക്കിടയില്‍ ഒരു ചെടി നട്ടുപിടിപ്പിക്കണം.
അര മണിക്കൂറിനുള്ളില്‍
പറിച്ചുനടാന്‍ പാകത്തിലതിനെ 
വളര്‍ത്തിയെടുക്കണം.

ഇടയിലൊരു റിംഗ്ടോണില്‍   
ഞാനില്ലാതാകുന്നത് നീ കണ്ടു .
ശബ്ദങ്ങള്‍ ,
പിന്‍കഴുത്തിലൂടെ 
നമ്മള്‍ കയറിവന്ന സ്റ്റെപ്പുകളിറങ്ങിപ്പോകുന്നതും.

വിളിച്ചതാരെന്ന് വേവലാതിപ്പെടരുത്.

തൊട്ടടുത്ത നിമിഷം 
രണ്ടാംനിലയെ തുപ്പിയെറിഞ്ഞ്  
റോഡുകള്‍ പോകുമ്പോള്‍ മാത്രം 
ഞാന്‍ നിന്നെ ശ്രദ്ധിച്ചുതുടങ്ങും.
നമുക്കിടയില്‍ തഴച്ചുനില്‍ക്കുന്ന പച്ചത്തണ്ടുകള്‍
പ്രണയത്തിന്റെ പാലങ്ങളെന്നോര്‍മിക്കും.

ഇന്നലെ രാത്രി മുഴുവന്‍
നമ്മള്‍ 
സമയസൂചികളെ
പിന്നോട്ട് നടത്തിപ്പഠിപ്പിക്കും,

അകലങ്ങളിലന്നേരം
ഓരോ വിരലും 
ആയിരം വഴികളായിപ്പിരിഞ്ഞുതുടങ്ങും.


Feb 11, 2012

ഡിസംബര്‍ ഏത് കലണ്ടറിലാണ് ?



















മൌനത്തിന്റെ അടയാളങ്ങളില്‍

കടല്‍ മരണപ്പെടുന്നു.

തീ ചവയ്ക്കുന്ന പെണ്ണുങ്ങള്‍ 
അവരുരച്ചുവെളുപ്പിച്ച തിരകള്‍ ;
എല്ലാമൊലിച്ചുപോകുന്നു. 

മഴക്കാടുകളെ പിഴുതെറിഞ്ഞ ഒച്ചയുടെ വിത്തുകളില്‍
കൊള്ളിച്ചൊന്നു  തുപ്പി,
തുഴകള്‍ 
തുരുമ്പെടുക്കാത്ത വെയിലില്‍ തുറിച്ചിരിക്കുന്നു.
'മഞ്ഞവെളിച്ചം മഞ്ഞവെളിച്ച'മെന്ന് 
വളയറ്റങ്ങളിലീണം കൊരുത്ത് 
വൈകുന്നേരങ്ങള്‍ വലിയ കൊതുകുകളാകുന്നത്
നോക്കിത്തിളങ്ങുന്നു മിന്നാമിനുങ്ങുകള്‍ .

ഇടത്തേ കാല്‍മുട്ടില്‍ നിന്ന്
ജീവന്‍ ചുരണ്ടിയെടുത്തുകൊണ്ടിരുന്നു  
ഓപ്പറേഷന്‍ തിയേറ്ററുകള്‍
മൈലാഞ്ചിപ്പച്ചയില്‍ കുളിച്ചുകയറി. 
അലര്‍ച്ചയിലുടഞ്ഞ ബള്‍ബുകളില്‍
വെളിച്ചത്തിന്റെ യുഗങ്ങള്‍  പ്രതിഫലിച്ചുകിടന്നു. 

അനന്തതയിലെ ഇരുമ്പുതൂണുകളില്‍ 
വലിച്ചുകെട്ടിയിരുന്ന പകല്‍
നടുവെപ്പിളര്‍ന്ന്  രണ്ടറ്റങ്ങളിലേക്ക് മടങ്ങി. 

തിട്ട കെട്ടാത്ത ശബ്ദങ്ങളില്‍
ഭാഷ 
എല്ലാ രാജ്യങ്ങളിലേക്കും 
വിവര്‍ത്തനം ചെയ്യപ്പെട്ടു. 

ആശുപത്രി,
ഗ്രാമത്തിന്റെയും നഗരത്തിന്റെയും
തൂക്കുപാലങ്ങളെ പിന്നിലാക്കി
കടല്‍ത്തീരത്തേക്കോടി. 

വലയറ്റങ്ങളില്‍ നിന്ന് കുരുക്കുകളഴിഞ്ഞുവന്ന് 
മിന്നാമിനുങ്ങുകള്‍ 
നെഞ്ചിനു മേല്‍ മഞ്ഞവട്ടം വരച്ചു.

നമ്മളിപ്പോള്‍  
ഏത് യുഗത്തിലാണ്..?

Aug 12, 2011

പിളര്‍പ്പ്











ഗേറ്റിനിപ്പുറം രണ്ട് ചരല്‍ക്കൂനകള്‍
മലര്‍ന്നുകിടക്കുന്നവളെ
മെടഞ്ഞുനോക്കും തെങ്ങിന്‍തുമ്പുകള്‍ .

വലിയ വിളക്കുകളുടെ തെരുവുനാടകത്തില്‍ 
മരിച്ചുപോയവരഭിനയിക്കുന്നു.
കണ്ണുകള്‍ , തിളങ്ങുന്ന പല്ലുകള്‍
തലമുടിക്കൂനകള്‍ ,രാത്രിയുടെ മറുപാതികള്‍
വിരലുകള്‍ , രൂപം മാറുമിലകള്‍ .

വഴിയില്‍ വശങ്ങളില്‍ നെടുകെപ്പിളര്‍ന്ന വീട്;
മുറ്റം 
മണ്ണ്
മുറം പാടുന്ന പാട്ട്.
മുല്ല 
മുന്നില്‍ 
മുഖം നോക്കാതെ കാറ്റ്.

ഇടവേളകളില്‍ ആകാശം മടുത്ത്
താഴേക്കിറങ്ങുന്നവര്‍ .

ഓലകളുരുണ്ടുവീഴും
ചരല്‍ക്കൂനകള്‍ നികരും
കൊത്തുകല്ലുകളൊച്ചവെക്കുമ്പോള്‍
ആറാംകുന്നിലുണരും
ഒടുക്കത്തെപ്പിടച്ചിലില്‍
പുതിയ നാടകത്തിന്‍ തെളിച്ചം.

പിച്ചാത്തിപ്പിടിയിലെ തണുപ്പ്
പതിയെത്തിളയ്ക്കും വിശപ്പ്
ആഞ്ഞു കത്തുന്ന വിളക്ക്
മലര്‍ക്കെത്തുറന്ന ഗേറ്റ് 
അഴിഞ്ഞും പിരിഞ്ഞും റോഡ്‌
വെളിച്ചം നിറച്ച സൈക്കിള്‍ .

മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍
ആകാശത്തെ കൊളുത്തില്‍ നിന്നും
റോഡിലേക്ക് കര്‍ട്ടന്‍ വീഴുന്നു.
കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍
കുനിഞ്ഞിരിപ്പാണ് നമ്മള്‍ .

Apr 4, 2011

ആ മരം ഈ മരം













രത്തെക്കുറിച്ചുതന്നെ പറയുമ്പോള്‍ 
മറ്റൊന്നും വിചാരിക്കരുത്.
പിന്നാമ്പുറങ്ങളിലേക്ക് വേരുകളിറങ്ങി
മരമായിത്തീരുമോ എന്ന
സംശയം കൊണ്ടാണ്.

വളരെവളരെപ്പതുക്കെയാണത്.
ഓരോ ദിവസവും
ഓരോ നാരുകള്‍ മാത്രമുണ്ടായി
ഒട്ടുമറിയിക്കാതെ.

കഴുത്തിന്റെ നിറത്തിലേക്കും കനത്തിലേക്കും
ശരീരം ഒഴുകിയിറങ്ങി.
കൈകള്‍
രണ്ടു മുഴുച്ചില്ലകളെയും
പത്തു ചെറുചില്ലകളെയും പ്രസവിച്ചു.

ചുവട്ടില്‍
ഒന്നിരിക്കാന്‍ പാകത്തില്‍ തണലുമായി.

ഉമ്മറത്തേക്കോടിപ്പോകുന്ന തിളച്ച വെള്ളം
ഇടയ്ക്കിടെ കാല്‍ തെറ്റി വീഴും -
ചുവട്ടില്‍ത്തന്നെ.

നേരത്തോടു നേരം തിളച്ചുതന്നെ കിടക്കുമത്.
പറന്നുയരാനോ 
നനഞ്ഞിറങ്ങാനോ ആവാതെ.

എന്നിട്ടും 
അതേ ചൂടിന്റെ ഞരമ്പുകളോടി 
പൂവെന്നു തോന്നിക്കുമൊരു ചുവന്നയില.

കണ്ണുകള്‍ക്ക്‌
ഇത്

പൊ
ഴി
യും
കാ
ലം.

Mar 13, 2011

വെളിച്ചമുള്ളൊരു രാത്രി കടം വാങ്ങണം

 


















പ്രത്യേകതകളില്ലാത്ത രാത്രിക്കിപ്പുറം
നമ്മുടേതല്ലാതാകുന്ന മിനുക്കങ്ങള്‍ .

കൈ തട്ടി മാറ്റില്ലെങ്കില്‍ ,
ഉടഞ്ഞതൊക്കെക്കൂട്ടി
നിന്നെ വീണ്ടും വാര്‍ത്തെടുത്താലോ.. ?

വീടിന്
ഇരിഞ്ഞുവെച്ചതുപോലൊരു നോട്ടം.
മുഖമുയര്‍ത്തിയെന്തെങ്കിലും പറഞ്ഞത്
ഓര്‍മ്മയിലടുത്തെങ്ങുമില്ല.

പുലര്‍ച്ചെ,
പഞ്ഞിമരങ്ങള്‍ക്കൊപ്പം
പതിവുനടത്തമുള്ളതല്ലേ നിനക്ക്..?
മറക്കേണ്ട;
വലിയതൊപ്പിവെച്ച കുന്നു കയറി
ഒരു ദിവസത്തേക്കുള്ള വെയിലും ചുരണ്ടിയെടുത്ത്
തിരികെപ്പോരാനുള്ളതാണ്.

പുകപുതച്ച ദൂരത്തുള്ള 
കണ്ടിട്ടില്ലാത്ത സുഹൃത്തിന്റെ പേര്
ചിന്തിച്ചുചിന്തിച്ചാണ്
നിന്‍റെ ചിരിയ്ക്ക് ചാരം പുരണ്ടത്.
അവനോ(അവള്‍ക്കോ) വേണ്ടിയെഴുതിയ കവിത മാത്രമല്ലേ 
നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി
പൊതിഞ്ഞുകെട്ടി
വീട്ടിലേക്ക് കൊണ്ടുവന്നിട്ടുള്ളൂ ..?

പഴുത്ത പ്ലാവിലകള്‍
ഉണക്കയീര്‍ക്കിലി കൊണ്ട് കൊത്തിച്ച്
പഴയപോലൊരു വീട് കെട്ടുകയാണവര്‍ .
ഉളി തെറ്റിക്കൊള്ളാത്ത 
ഒരു മുറിവെങ്കിലും ബാക്കിയുണ്ടെങ്കില്‍ 
അതിനുള്ളില്‍ നമുക്കൊരുക്കിയ മുറിയില്‍
ഇന്ന് രാത്രി 
വീണ്ടുമൊരു കടലിരമ്പും! 

Feb 16, 2011

കാല്‍പ്പാടുകളില്ലാത്ത വീട്













ഇവിടെ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
കയറാതെ പോവാണോ..?

കാറ്റ്
എത്രവട്ടം
ഇതേ ചോദ്യത്തെ
ഒക്കത്തെടുത്ത്‌ പോയിട്ടുണ്ടാവും.

കേള്‍ക്കുമ്പോള്‍
പരസ്യമായൊരു ശൂന്യത നിറച്ച് 
ഇടയ്ക്കിടെയ്ക്കിവ
മുഖം കറക്കി നോക്കും.

ചുവന്നുചുവന്ന് കറുത്തുപോയ ചുണ്ടുകളും
കറുത്തുകറുത്ത് ചുവന്ന കണ്ണുകളും
ചുളിവുകളുള്ള നെറ്റിയും
വേണമെങ്കില്‍ സങ്കല്പ്പിച്ചോളൂ..
ഉണക്ക് പിടിച്ച കൈതക്കാട്ടില്‍
കാല്പ്പാടുകളില്ലാത്ത വീട്,
ഒഴിഞ്ഞ അയ,
നിലം പറ്റെയൊരു കിണര്‍ :

ക്യാന്‍വാസില്‍
വ്യക്തമായും കാണാന്‍ പാകത്തില്‍
തെളിഞ്ഞുകഴിയുമ്പോള്‍
ശബ്ദത്തിലേക്ക് മടങ്ങിവരണം.

ശബ്ദത്തിനും ശരീരമുണ്ടാവണം.
ഇത് പെണ്ണിന്റേത് തന്നെ.

കിട്ടുന്നില്ലേ
മുടിയറ്റത്തൊരു
മുല്ലപ്പൂമണം.

ഞാനാലോചിക്കുന്നത് അവളെപ്പറ്റിയല്ല.
അവളുടെ ചോദ്യവുമല്ല.

പുതിയ കൈതക്കാടുകളിലേക്ക്
ഓരോവട്ടവും
ഒളിച്ചുപോവുന്നവരെക്കുറിച്ചാണ്.

ആരുടെയെങ്കിലും
മുഖഛായയുണ്ടോയെന്ന്.

Jan 28, 2011

കഥയിലൊരു കവിത


















ഒരു വരി കൂടിയെന്ന് പറഞ്ഞ് പറഞ്ഞ്
മുഴുവന്‍ പറയിപ്പിച്ചില്ലേ

കൂട് പൊട്ടിയൊരു മഴ മുഴുവനായി വന്നിട്ടും
കഥയിഴഞ്ഞു നീങ്ങി.
ഉച്ചയെന്ന് വിചാരമില്ലാതെ
നമുക്കൊപ്പം നടന്നുവന്നു.
ഇറക്കങ്ങളില്‍ നെഞ്ചടിച്ച് വീണു.
ഉറക്കത്തിലടുക്കിപ്പിടിക്കാന്‍
കഥയൊരു കവിത തിരഞ്ഞു.

പിറ്റേന്നെപ്പഴോ
തലവഴി പുതച്ചുകിടന്നതിനെ
വീണ്ടും വിളിച്ചുണര്‍ത്തി.

കഥയിലെ രാത്രികള്‍ക്ക്
നമ്മുടേതിനേക്കാള്‍ ദൈര്‍ഘ്യമുണ്ട്.

പുതിയ പകല്‍
പുതിയ വെയില്‍
പഴയ നമ്മള്‍ .

'പകലി'നെ വാക്യത്തില്‍ കയറ്റാനറിയാതെ
ചോദ്യം വിട്ടിറങ്ങിയ
പഴയ പരീക്ഷാക്ലാസിലേക്ക്
അപ്പോഴൊന്നെത്തിനോക്കണമെന്ന് തോന്നി.

കഥയിലൊരു ട്വിസ്റ്റിന്
രാത്രിയെയും പകലിനെയും
കുറച്ചു നേരത്തേക്ക്
പരസ്പരമൊന്നു മാറ്റുകയാണ്.

മലകള്‍ക്കിടയിലേക്ക് നൂഴ്ന്നുകയറിയ സൂര്യന്‍
വളരെപ്പെട്ടെന്ന് കതകടച്ച് തിരികെ നടന്നു.

ഏകാന്തതയിലേക്കിറങ്ങിവന്നതുപോലെ
കഥയിലൊരു ചുമ
കൊത്തിവെച്ച ക്ലോക്കുകളുടച്ചുകളഞ്ഞു.

പകലൊക്കെ കറുത്തുപോയെന്നെഴുതിവെച്ച്
അതേ ക്ലാസ്റൂമില്‍ നിന്നിറങ്ങിവരുന്നവരെ
നമ്മളറിഞ്ഞേക്കുമോ .?

കഥയവസാനിക്കും വരെ
ഇരുട്ടും കടങ്കഥകളും
നടുവൊടിഞ്ഞ ചോദ്യങ്ങളും
ധൈര്യമായി തുണിയുടുത്തുനടക്കട്ടെ!

Dec 21, 2010

ഒരു വൈകുന്നേരത്ത്


















ഇന്നലെ വരെ അവന്‍ ജീവിച്ചിരുന്നത് 
ഞാനറിഞ്ഞിട്ടേയില്ല.
പരിചയമുള്ളവരാരും 
അവനിലേക്ക് കയ്യെത്തിച്ചതുമില്ല.
എന്നിട്ടും
ആംബുലന്‍സിന്‍റെ ഒച്ച 
അടുത്തുവരാനനുവദിക്കാതെ
അകത്തെ മുറിയിലേക്ക് ഓടിക്കയറിയതെന്തിന്?

ഇതുപോലെയൊരു മുറി അവന്‍റെ വീട്ടിലുമുണ്ടാവില്ലേ.
അവിടെ നിന്ന്
ഇന്നൊരു കടല്‍ പിറവിയെടുത്തിട്ടുണ്ടാവും.
വലിയ ഗേറ്റ് തുറന്ന്
വളവുകളുള്ള റോഡ്‌ കടന്ന്
അവന്റെ കൂട്ടുകാരെയും അപരിചിതരേയും കടന്ന്
പള്ളിയോടു ചേര്‍ന്ന് 
അവനോളം
അതൊഴുകി നിറയുമിനി.

ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക.
കൂട്ടുകാര്‍ ഉറക്കെ വിളിക്കുക.
അങ്ങേക്കരയില്‍ രണ്ടു കൈകള്‍
എപ്പോഴുമവനുനേരെ നീട്ടിനില്‍പ്പുണ്ടാവും.

ദ്രവിച്ച വാതില്‍ കടന്ന്,
വളവുകളുള്ള റോഡിലൂടെ തിരിച്ചുനടന്ന്,
വലിയ ഗേറ്റ് തുറന്ന് 
അവനാക്കൈകള്‍ കൂട്ടിപ്പിടിക്കുമോ?

ഡയറികളിലൊരിടത്തും 
ഞാനവനെ അടയാളപ്പെടുത്തിയിട്ടില്ല. 
ചിലപ്പോള്‍
ഏതെങ്കിലും നട്ടുച്ചയ്ക്ക്
ഞങ്ങള്‍ അഭിമുഖം നടന്നടുത്തിരിക്കും.
വെയില് നനഞ്ഞ് പോവുന്നതിനിടയില്‍ 
ബൈക്കിലോ കാറിലോ 
എനിക്ക് മുന്നേ അവനോടിപ്പോയിട്ടുണ്ടാവും. 

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍ 
എനിക്ക് മുറിവേറ്റിരിക്കുന്നു. 
ഇപ്പോള്‍ മാത്രം 
ഞങ്ങള്‍ പരിചയക്കാരാവുന്നു.

Nov 9, 2010

ഒറ്റ
















മുറ്റത്ത് 
ഇരുട്ട് നടന്നുപോയതിന്റെ
പാടുകളൊക്കെ മാഞ്ഞുതുടങ്ങി.
വേനലവധി കഴിഞ്ഞിട്ടും
മഴ 
മതിലിനിപ്പുറത്തേക്ക് 
എത്തിനോക്കിയതേയില്ല. 

ഒരു തൊട്ടി വെള്ളം മാറ്റിവെച്ച് 
കിണര്‍ വറ്റിയിരിക്കുന്നു.
അരികുചേര്‍ന്ന് 
ഉണങ്ങിയ പേരയിലകള്‍
മൊത്തിക്കുടിച്ച നനവിന്റെ
കവിതയെഴുതുന്നുണ്ടാവാം.

ഇരുവശത്തേക്കും കൈകള്‍ നൂര്‍ത്ത് 
നിവര്‍ന്നുകിടന്ന കൈത്തോടാണ്
ബസിറങ്ങി വരുന്നവര്‍ക്ക് വഴികാണിച്ചിരുന്നത് .
മൂന്നാമത്തെ വഴിപ്പാട്ട് തീരുമ്പോഴേക്കും
വീടെത്തിയിരിക്കും.

കുറുകെ വെട്ടിയിട്ട തെങ്ങിന്‍തടിയിലൂടെ
തോട് കടക്കുമ്പോള്‍
"വീണുപോകല്ലേ" യെന്ന്
മുറുക്കെപ്പിടിച്ച കൈകള്‍
കടവത്തെ കശുമാവില്‍ നിന്ന് പിടിവിട്ട്
വെള്ളത്തിലുയര്‍ന്നുതാഴ്ന്നത്
ഒരു കുമിള മാത്രം പണിതുവെച്ചാണ്.  

പേരറിയാത്ത മരങ്ങളാണ്
കശുമാവിന്റെ വേര് പിളര്‍ന്ന്
കടവ് കയ്യേറുന്നത്.
ഒറ്റ ദിവസം കൊണ്ട്
ഇല കൊഴിഞ്ഞു കിളിര്‍ക്കുന്നവ.
ഇന്നലെയൊന്ന് 
മൂടോടെ പിഴുതെറിഞ്ഞു 

കാറ്റ്.

ചില്ലകളൊക്കെ വെട്ടിയെടുക്കുമ്പോള്‍
പൊത്തില്‍ നിന്നും പറന്നുപോയവരില്‍
ആരായിരിക്കാം
മഴ കൊത്തിക്കൊണ്ടുവന്നിരുന്നത് ?

Oct 9, 2010

ഇന്നലകളെ തൊട്ട്















പുസ്തകങ്ങളടുക്കിവെക്കുമ്പോള്‍
ആണിയിലുറപ്പിച്ച ഒരു പലക 
മുന്നറിയിപ്പുകളില്ലാതെയാണ്
ഇളകിവീണത്.
തിരിച്ചെടുത്തുവെക്കുന്നതിനു മുന്നേ
കണ്‍ചിമ്മലിനെ പറ്റിച്ച് 
നീണ്ടുനീണ്ട് 
ഇന്നലകളിലെവിടെയോ തൊട്ടുനിന്നു. 

ചെമ്പിച്ച വൈകുന്നേരങ്ങളില്‍
ഉള്ളംകൈ കൊത്തിയെടുത്ത പുഴമീനുകള്‍ ,

ഒരാള്‍ക്ക്‌ മാത്രം നടക്കാവുന്ന
ഊടുവഴിയില്‍ വെച്ച്
കയ്യാലയിറങ്ങിവന്ന ചൂളംവിളി,

ഏറ്റവും ഉയരത്തിലുള്ള തെങ്ങില്‍
ഇടയ്ക്കിടയ്ക്ക് വലിഞ്ഞുകയറുന്ന
കല്യാണപ്പാട്ടുകള്‍ ,

കവലയില്‍ ആര്‍ക്കും പിടികൊടുക്കാതെ
പരസ്യമായി ഒളിച്ചുനടന്ന ശബ്ദങ്ങള്‍ 
പ്രത്യേകതാളത്തില്‍ പെറുക്കിവെച്ച തയ്യല്‍മെഷീന്‍,

നീളന്‍കുടയ്ക്കൊപ്പം
മഴക്കാലങ്ങള്‍ നടന്നുപോയ 
സ്കൂള്‍വഴികള്‍ ,

കുറക്കാവിനു മുന്നിലെ
ആകാശമരത്തിന്റെ 
പണിക്കുറ്റം തീര്‍ന്ന ചില്ലകള്‍ 
അറ്റങ്ങളിലൊളിപ്പിച്ച യക്ഷിക്കഥകള്‍ ,

കറുത്ത കമ്പിസ്ലൈഡുകളില്‍ മാത്രമൊതുങ്ങുന്ന 
പതിവൊരുക്കങ്ങള്‍ ,

ഒറ്റനിമിഷംകൊണ്ട് 
ഒരാള്‍പ്പൊക്കത്തില്‍ വലിപ്പംവെച്ച 
ഓര്‍മ്മകളെല്ലാം
തിരിച്ചുനടക്കുമ്പോഴേക്കും
ആ പഴയ പലക
വെളിച്ചം വിരിച്ച വിശാലതകളില്‍ 
മുറിയിലേക്കുള്ള വഴിയറിയാതെ
കുരുങ്ങിനില്‍പ്പുണ്ടാവണം.

Sep 16, 2010

വയലറ്റ്

















ചില വൈകുന്നേരങ്ങള്‍ 
വയലറ്റ് പൂക്കള്‍ കൊണ്ട്
മൂടിക്കളയും 
ഓര്‍മ്മകള്‍ മുഴുവന്‍.

നരച്ച യാത്രകളില്‍
നഷ്ടപ്പെട്ട
പച്ചപ്പിന്റെ നിഴലുകളാണ്
ലോഡ്ജിലെ ഒറ്റമുറിയില്‍
തളര്‍ന്നുവീണ 
ബസ് ടിക്കറ്റുകള്‍ക്ക്.

അമ്മയെ 
വായിച്ചുതീര്‍ത്തത്
ഒറ്റയിരുപ്പിനിരുന്നാണ്. 
ഇളംവയലറ്റിലുള്ള
ഡയറിത്താളുകളില്‍ നിന്ന്
അമ്മ വന്നെത്താറുണ്ട് 
ഇടയ്ക്കെങ്കിലും.

ഒഴിച്ചിട്ട പാതിസീറ്റില്‍ 
അതേ നിറത്തില്‍ 
അടുത്തിരുന്നത് 
അമ്മ തന്നെയാവണം
പൂര്‍ത്തിയാവാത്ത
ഏതോ ചിത്രത്തിന്‍റെ
അടിക്കുറിപ്പ് പോലെ.

ഇപ്പോഴും
വിശ്വസിച്ചിട്ടില്ല
എഴുതിച്ചേര്‍ക്കുന്നതിനു മുന്നേ
അവരിറങ്ങിപ്പോയത്
വെള്ള പുതപ്പിച്ച 
മൌനത്തിലേക്കായിരുന്നെന്ന്. 

ആചാരങ്ങളുടെ 
കട്ടത്തഴമ്പുകളില്‍  
മരവിച്ചു കിടക്കുമ്പോഴും 
കൊതിച്ചിട്ടുണ്ടാവില്ലേ
വയലറ്റ്പൂക്കള്‍ തുന്നിയ
ഒരു പുതപ്പെങ്കിലും.

ചില വൈകുന്നേരങ്ങള്‍
എന്നെയും
കൂട്ടിക്കൊണ്ടുപോവുന്നത്
അവിടേക്കുതന്നെയാണ്  
വെളുപ്പിന് മുകളില്‍
പലവട്ടം പുതപ്പിച്ചുകൊടുത്ത
അതേ വയലറ്റിന്റെ
ഓര്‍മകളിലേക്ക്.

Aug 20, 2010

സമാന്തരങ്ങളില്‍

















കവിത കാടുപിടിച്ച
രാത്രികളിലൊന്നില്‍
വരച്ചിട്ടതോര്‍ക്കുന്നു.

ഉടുപ്പാകെക്കീറി
മുടിയൊക്കെ പശപിടിപ്പിച്ച്
പലയിടങ്ങളില്‍
മാറ്റിമാറ്റിയങ്ങനെ.

വലിച്ചടച്ച 
വാതിലിനിപ്പുറം
പിന്നെയെത്ര 
നെല്ലിക്കത്തോടുകള്‍ 
ചവച്ചുചവച്ച്
മധുരിപ്പിച്ചിട്ടുണ്ട്.

ഇടതുകൈത്തണ്ടയിലെ
നഖപ്പാടുകളാണ്
വീണ്ടുമവളിലേക്ക്
വഴിവെട്ടിയത്.

മറിച്ചുനോക്കിയപ്പോഴൊക്കെ
കണ്ടിരുന്നു
പഴയ പരിചയത്തിന്റെ
തടിപ്പാലങ്ങളില്‍ വെച്ച്.

കനംവെച്ച
ദിവസങ്ങളില്‍ക്കുരുങ്ങി
ശ്വാസംമുട്ടിയാവണം
വരകളില്‍ നിന്നൂര്‍ന്നിറങ്ങി
കിലോമീറ്ററുകള്‍ക്കപ്പുറമൊരു
റെയില്‍പ്പാളത്തിലേക്ക്
ഇന്നലെയവള്‍
ഇറങ്ങിക്കിടന്നത് . 

Aug 10, 2010

ഒടുവില്‍ ബാക്കിയാവുന്നത്














വീണ്ടും നീ വന്നത്
തീരത്തടിഞ്ഞ 
റബ്ബര്‍ചെരുപ്പിനു 
പിന്നിലെ
കവിത തേടിത്തന്നെയാണ്.

വീണുപോയതാവാം 
പ്രണയത്തിന്റെ
പടിക്കെട്ടുകള്‍
ചവുട്ടിക്കയറിയപ്പോള്‍ .

അല്ലെങ്കില്‍
ശരണാലയത്തിലേക്കുള്ള
വഴിയില്‍
അവസാനമായി
തിരകളെണ്ണാന്‍ കൊതിച്ച്
നടന്നടുത്തതാവാം.

ഇറങ്ങിയോടിയിട്ടുണ്ടാവാം 
പ്രായമായ 
മകളെച്ചൂണ്ടി
പലിശക്കാരന്‍
കണക്കുപറഞ്ഞപ്പോള്‍ .

ലക്ഷണമുണ്ട് 
ഭാഗം കിട്ടിയ
അഞ്ചുസെന്റിന്റെ
ജപ്തി ഭയന്ന്
എടുത്തുചാടിയതിന്റെയും. 

മനസ്സു കടന്ന്
ശരീരത്തിലേക്കൊലിച്ച
ചേറുമഴുക്കും
കഴുകിക്കളയാന്‍
ധൃതിയിലെത്തിപ്പെട്ടിട്ടുണ്ടാവാം.

സംശയത്തിന്റെയും
സങ്കല്പ്പങ്ങളുടെയും
അക്ഷരങ്ങളില്‍
മുങ്ങാംകുഴിയിടുമ്പോള്‍
നിനക്കറിയുമായിരുന്നോ 

കടല്‍ നിയമത്തില്‍
മൂന്നാംപക്കം
തീരമടുപ്പിക്കുന്നത്
കവിത വറ്റിപ്പോയ
എന്നെയാവുമെന്ന്..?

Aug 6, 2010

പറന്നുപോയ എന്റെ ശലഭം..

കണ്ടിട്ടില്ല... സംസാരിച്ചിട്ടില്ല...  എങ്കിലും അവള്‍ അവശേഷിപ്പിച്ചിരുന്നു എന്നെങ്കിലും കാണാമെന്നൊരു  പ്രതീക്ഷ.. അര്‍ബുദക്കിടക്കിയില്‍ കവിതകളെ പുണര്‍ന്നുകിടന്നവള്‍ ..
എത്ര ദിവസമായി അവളുടെ ഓരോ വിശേഷങ്ങളും അറിയുന്നു അപ്പപ്പോള്‍ തന്നെ.. പക്ഷെ ഇത്ര പെട്ടെന്ന്..

രമ്യ.. പലതും തളര്‍ത്തിയിട്ടും പിന്നെയും പറന്നുനടന്നവള്‍ .കവിതകളിലൂടെ ആയിരങ്ങളുടെ മനസ്സിലേക്ക് പറന്നു വന്നവള്‍ . കൈത്താങ്ങുകളില്‍ കൂടുതല്‍ ശക്തിയോടെ അവള്‍ തിരിച്ചുവന്നു.. എത്ര ഉയരത്തിലെക്കാണ്  അവളുടെ ധൈര്യവും കവിതകളും  എന്നെ കൂട്ടിക്കൊണ്ടുപോയത്. അനുകൂലമായതിനു കീഴടങ്ങേണ്ടി വന്ന എന്റെ ശലഭത്തിന് നല്‍കാന്‍ വാക്കുകളില്ല. അവള്‍ പറന്നുയരുക തന്നെ ചെയ്യും. കവിതകളുടെ ഓര്‍മ്മകളുമായി...


രമ്യ ആന്റണി .. കവിതകളിലൂടെ നമുക്ക് സുപരിചിതയായവള്‍ . അറിയാത്തവര്‍ക്ക് വേണ്ടി രമ്യയെ ക്കുറിച്ച് രണ്ടു വാക്ക്..

രമ്യയ്ക്ക് അക്ഷരങ്ങള്‍ കൂട്ടായത് ബാല്യത്തിലാണ്. അഞ്ചരമാസം പ്രായമുള്ളപ്പോള്‍ പോളിയോ കാലുകള്‍ തളര്‍ത്തിക്കളഞ്ഞു. തുടര്‍ന്ന് അപ്പന്റിസൈറ്റിസ്.. ഒടുവില്‍ അര്‍ബുദത്തിന്റെ രൂപത്തില്‍ .
ഓര്‍ക്കുട്ട്, കൂട്ടം, ഫേസ് ബുക്ക്‌, അങ്ങനെ ഒന്ലൈന്‍ മാധ്യമങ്ങളിലും സജീവമായിരുന്നു രമ്യ. അങ്ങനെ രമ്യയുടെ കവിതകളെ തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ തന്നെയാണ് അവള്‍ക്കു ഇതുവരെയും സഹായമായതും.
ശലഭായനം എന്ന പേരില്‍ ആദ്യ കവിതാ സമാഹാരത്തിന്റെ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ ആണ് പ്രകാശനം ചെയ്തത്.

നാളുകളായി ആര്‍.സി.സി.യില്‍ ചികിത്സയിലായിരുന്ന രമ്യ ഇന്ന് രാവിലെ 2 .30 ന് [AUGUST 6th] നമ്മെ വിട്ടു പോയി.
 

ഓര്‍മ്മകള്‍ ബാക്കിയാക്കിപ്പോയ രമ്യയ്ക്ക് വേണ്ടി  വേദനയോടെ പ്രാര്‍ഥിക്കാം. 
രമ്യയുടെ വീട്ടുകാരുടെ നഷ്ടം മനസ്സിലാക്കിക്കൊണ്ട് തന്നെ അവരുടെ ദുഖത്തില്‍ നമുക്കും പങ്കു ചേരാം.


 "......എങ്കിലും ചിറകുകള്‍ കുഴയുവോളം
ഞാന്‍ പറക്കും
മേഘങ്ങള്‍ വഴി മുടക്കിയെക്കാം.
തൂവലുകള്‍ കൊഴിഞ്ഞുപോയേക്കാം
പെരുമഴ പനി പിടിപ്പിചാലും
ഇടിമുഴക്കങ്ങള്‍ ഭയപ്പെടുത്തിയാലും.."

രമ്യ ആന്റണി


ഒരു ഓര്‍മ്മ ബാക്കിയാക്കിപ്പോയ രമ്യയ്ക്ക്...കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ടവള്‍ക്ക് ....

Jul 21, 2010

ചില നിസ്സഹായതകള്‍






















സത്യത്തില്‍
നാം തമ്മിലെന്താണ്?

സ്വന്തമാക്കലിന്റെ
കൂട്ടിവെയ്ക്കലുകളില്‍
കണ്ടെടുക്കാനായിട്ടില്ല
പേരുചൊല്ലി വിളിക്കാന്‍
എന്തെങ്കിലുമൊന്ന് .

അകലങ്ങളിലേക്ക്
വലിച്ചുകെട്ടിയ
ഒറ്റനൂലിന്റെ
അറ്റങ്ങളില്‍
വലിഞ്ഞുനില്പുണ്ട്
നമ്മള്‍ .

അല്ലെങ്കില്‍
ചിത്രത്തുന്നല്‍
കാത്തുകിടന്ന
അവ്യക്തമായ
പെന്‍സില്‍ വരകളില്‍
ജീവനോടെ
കത്തിത്തീര്‍ന്നിട്ടുണ്ടാവാം

വ്യവസ്ഥയില്ലാത്ത
ഡിക്ഷ്ണറിത്താളുകളില്‍
ഏതക്ഷരത്തിനു ചുവട്ടില്‍
കാത്തുകിടന്നാലാണ്
ഇനി നമുക്കൊരു
വാക്കനുവദിച്ചു കിട്ടുക..?

Jul 2, 2010

വീട്ടിലേക്കുള്ള വഴിയില്‍

ട്രാഫിക് ലൈറ്റുകള്‍
കൊഞ്ഞനംകുത്തുമ്പോള്‍
ഇടയ്ക്ക് വന്നുകയറിയ
ചെമ്പന്‍മുടിക്കാരനാണ്
മനസിലിപ്പോഴും

ഇളയ മകനോളം
പ്രായമുണ്ടാവും.
വിശപ്പിന്റെ
ചവര്‍പ്പ് കറന്നിട്ടാവണം
മനസ് പോലെ
മുഖവും കരുവാളിച്ചിരുന്നത്

"അവനെന്തെങ്കിലും
കൊടുത്തുവിട് -
നാശം "

സ്നേഹിതന്റെ
വെറുപ്പിറുന്നു വീഴുമ്പോള്‍
അവന്‌ നല്‍കാനൊരു
നോട്ടത്തിനു വേണ്ടി
പ്രയാസപ്പെട്ടത്..

ചളുങ്ങിയ
ചോറ്റുപാത്രത്തിന്‌
തീ പൊള്ളിയ സ്വപ്നങ്ങളുടെ
കനമുണ്ടായിരുന്നിരിക്കണം
അതുകൊണ്ടാവാം
അതത്രമേല്‍
ചേര്‍ത്തുപിടിച്ചിരുന്നതും.

വൈകുന്നേരത്തിന്റെ
തിരക്കുകളിലൂടെ
ട്രാഫിക് ലൈറ്റ്
മാറുന്നതിനു മുന്നേ
ഓടിയകലുമ്പോള്‍
അവനറിഞ്ഞിട്ടുണ്ടാവുമോ
സൈഡ്ഗ്ലാസിറക്കി
ഞാനവനെത്തന്നെ
നോക്കിയിരുന്നത്.

മനസുകൊണ്ടവനോട്
ഇനിയും
യാത്ര പറഞ്ഞിരുന്നില്ല

അതിനു മുന്‍പേ
കയ്യിലുണ്ടായിരുന്ന
പ്ലാസ്റ്റിക്ബാഗുകളില്‍
ഏറ്റവും പുതിയ
ഗെയിം സിഡിയ്ക്കു വേണ്ടി
മക്കള്‍
പിടുത്തമിട്ടിരുന്നു..

Jun 19, 2010

കണ്ണനോട്...

















പ്രണയത്തിന്റെ
ചെമ്മണ്‍പാതയവസാനിച്ചിടത്ത്
രാധയെ
നഷ്ടപ്പെടുത്തിയവന്‍  നീ

വൈരങ്ങള്‍ പതിച്ച
നടവഴി നീളെ
നിന്റെ
ചുമല്‍ ചേര്‍ന്നത്
പിന്നെത്രയോപേര്‍

ഇതിഹാസങ്ങള്‍
ചിതലെടുത്തിട്ടും
പിന്നെയുമെന്തേ കണ്ണാ
രാധയോടൊപ്പം
നിന്റെ പേരുയര്‍ന്നുകേള്‍ക്കുന്നു  ?

Jun 1, 2010

ഓര്‍മ്മപ്പാടുകള്‍ ..



ഇടനാഴിയിലെങ്ങോ 
പതിഞ്ഞു കിടപ്പുണ്ട്,
വിശപ്പ്‌
ചീന്തിയെറിഞ്ഞ
പഴയൊരു
മുഖചിത്രത്തിന്റെ
ഓര്‍മപ്പാടുകള്‍ .

മുഷിഞ്ഞിരുന്ന
നട്ടുച്ചകളില്‍
ആര്‍ത്തിയോടെ
ചവച്ചുതിന്നത്
അച്ചടിമഷി
സ്വപ്നം കണ്ട്
തിരിച്ചുവന്ന
കവിതകളായിരുന്നു.

വിയര്‍പ്പു വീണു
കലങ്ങിയ
തെരുവുകളില്‍
പട്ടിണിയുടെ
പ്രഭാഷണങ്ങളുമായി
ആയുസ്സിന്റെ
ഒരു വ്യാഴവട്ടം..

ഇന്ന്,
ആധുനികതയുടെ
മൂന്നാം നിലയിലിരുന്ന്
ഞാന്‍
വിശപ്പിനെക്കുറിച്ചെഴുതുന്നു

പ്രസാധകരുടെ
വിളികള്‍ക്കിടയിലും
ഓര്‍ത്തെടുക്കുകയാണ്
വയറുകാഞ്ഞതും
പൈപ്പുവെള്ളം പോലും
നിഷേധിച്ച
വല്യമ്മാവനെയും.

May 23, 2010

മൌനത്തിലുറങ്ങാതെ..

വെറുപ്പാണ്
അരാഷ്ട്രീയതയുടെ
വിത്തുകള്‍ പാകി
മുളയ്ക്കാന്‍ കാത്തിരിക്കുന്ന
ആധുനിക വര്‍ഗത്തോട്..

ഒരു തരം
നിര്‍വികാരതയാണ്‌
ആദര്‍ശങ്ങളുടെ മുള്‍പ്പടര്‍പ്പില്‍
ഒരു പൂവ് പോലും
വിരിയാനനുവദിക്കാത്ത
ബുദ്ധിജീവികളോട്..

വാചകക്കസര്‍ത്തിന്റെ
സിംഹാസനങ്ങളില്‍
അവരോധിക്കപ്പെട്ട
പ്രബുദ്ധസംസ്കാരത്തിനോട്
സഹതപിക്കാന്‍ പോലുമാവാറില്ല

അസ്വസ്ഥമാവാറുണ്ട്
പകല്‍വെളിച്ചത്തില്‍
മുഖം കുനിച്ചകലുന്ന
ഭാവശുദ്ധികളെ
കടന്നുപോവുമ്പോള്‍ .

രാത്രികള്‍
മൌനത്തിലുറങ്ങാതെ
വിയര്‍ത്തു തീരുമ്പോള്‍
എഴുത്തുപുരകളില്‍
പകല്‍ക്കാഴ്ചകള്‍
പുതിയ ഭീഷണികളുടെ
തിരക്കഥയെഴുതുകയാണ്..

May 19, 2010

സിറിഞ്ച്..

ആഴത്തില്‍
തറഞ്ഞുകയറണമെങ്കില്‍
മുന
കൂര്‍ത്തതു തന്നെയാവണം
പലരെയും കുത്തിക്കുത്തി
മുനയൊടിഞ്ഞിരിക്കുന്നു മിക്കതും

പുതിയ സിറിഞ്ചിന്റെ
കവറ് പൊട്ടിച്ച
കാലം മറന്നെന്നു
ഇടയ്ക്കാരോ
പറയുന്നത് കേട്ടു

തൊലിക്കടിയിലേക്ക്
ഇടിച്ചുകയറ്റിയപ്പോള്‍
അമ്മിണിയമ്മയ്ക്കും
ചില സംശയങ്ങള്‍
തോന്നാതിരുന്നില്ല
പ്രായത്തിന്റെ സൂക്കെടെന്നു
മുന്‍പും
പഴികേട്ടതുകൊണ്ട്
മിണ്ടാനും പോയില്ല

ആഞ്ഞൊന്നു തിരുമ്മി
കുത്തിവെച്ചവളെയും പ്രാകി
പുറത്തേക്ക് നടന്നപ്പോള്‍
അബദ്ധത്തില്‍ കണ്ടതാണ്
പ്രധാന കവാടത്തില്‍
ആശുപത്രിപുതുക്കലിന്റെ
ചെലവുകണക്കുകള്‍
ചില്ലിട്ടുവെച്ചിരിക്കുന്നത്..

അപ്പോഴും
ചുളിവു വീണ കയ്യില്‍
സിറിഞ്ചിന്റെ അടയാളങ്ങള്‍
അമ്മിണിയമ്മയെ
നീറ്റുന്നുണ്ടായിരുന്നു..